വയനാട് ഫിഷറീസ് വകുപ്പിൽ വീണ്ടും നിയമന വിവാദം
text_fieldsകൽപറ്റ നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ മുദ്രാവാക്യം
വിളിക്കുന്നു
കൽപറ്റ: കാരാപ്പുഴയിലെ മത്സ്യവിത്തുൽപാദന കേന്ദ്രത്തിൽ യോഗ്യതയുള്ളവരെ തഴഞ്ഞ് ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നാണ് ആക്ഷേപം. യോഗ്യതാ മാനദണ്ഡങ്ങളും മുൻഗണന ലിസ്റ്റും അട്ടിമറിച്ച് നടത്തിയ നിയമനത്തിനെതിരെ ഉദ്യോഗാർഥികൾ അധികൃതർക്ക് പരാതി നൽകി. അമ്പലവയൽ പഞ്ചായത്തിലെ കാരാപ്പുഴ ഹാച്ചറിയിലേക്ക് താൽക്കാലിക നിയമനം നടത്തിയപ്പോൾ അധികൃതർ മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്നാണ് ആരോപണം.
നിയമനത്തിൽ നിർദിഷ്ട യോഗ്യതകൾക്കു പുറമെ മുട്ടിൽ, അമ്പലവയൽ, മീനങ്ങാടി പഞ്ചായത്തുകളിലുള്ളവർക്കും പ്രദേശത്തെ എസ്.സി, എസ്.ടി ഫിഷറീസ് സഹകരണ സംഘത്തിലെ അംഗങ്ങൾക്കും മുൻഗണനയുണ്ടായിരുന്നു. എന്നാൽ, പരസ്യപ്പെടുത്തിയ നോട്ടിഫിക്കേഷനിലെ മുൻഗണന യോഗ്യതകൾ അട്ടിമറിച്ച് വൈത്തിരി പഞ്ചായത്തിലെ ജനറൽ കാറ്റഗറിയിലുള്ള രണ്ടുപേർക്ക് നിയമനം നൽകിയെന്നാണ് പരാതി.
അഭിമുഖത്തിൽ പങ്കെടുത്ത 90 ശതമാനം പേരും അമ്പലവയൽ, മീനങ്ങാടി പഞ്ചായത്തുകളിൽ നിന്നുള്ളവരായിട്ടും പട്ടികജാതി പട്ടികവർഗ സഹകരണ സംഘത്തിൽനിന്ന് അഭിമുഖത്തിൽ പങ്കെടുത്തവർക്ക് എല്ലാ യോഗ്യതയുമുണ്ടായിട്ടും എന്തുകൊണ്ട് പുറത്തുള്ളവരെ നിയമിച്ചുവെന്നാണ് ഉദ്യോഗാർഥികൾ ചോദിക്കുന്നത്.
നേരത്തേയും വയനാട്ടിലെ ഫിഷറീസ് വകുപ്പിൽ മാനദണ്ഡങ്ങൾ അട്ടിമറിച്ച് നിയമനം നടത്തിയത് വിവാദമായിരുന്നു. യോഗ്യതയുണ്ടായിട്ടും തഴയപ്പെട്ടതിനെ തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും നിയമനാധികാരിക്കെതിരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുത്ത്, അർഹരായവരെ നിയമിക്കണമെന്നാണ് ആവശ്യമുയരുന്നത്. അതേസമയം, ഇന്റർവ്യൂ ബോർഡ് നൽകിയ പട്ടികയനുസരിച്ച് നിയമനം നടത്തുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് ഫിഷറീസ് അസി. ഡയറക്ടർ ആഷിഖ് ബാബു മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.