വയനാട് മെഡിക്കൽ കോളജ് വയനാട്ടുകാർക്ക് വേണ്ടിയാവണം
text_fieldsകൽപറ്റ: ശരാശരി ചികിത്സ സൗകര്യങ്ങൾ പോലുമില്ലാത്ത വയനാടിന്റെ മലമടക്കുകളിൽനിന്ന് ആളുകൾ ജീവൻ വാരിയെടുത്ത് ആംബുലൻസുകളിൽ ചുരങ്ങളിറങ്ങുന്നത് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജില്ലയിലെ പതിവുകാഴ്ചയാണ്. വികസനങ്ങളുടെ കുത്തൊഴുക്കിൽ നാടിന്റെ മുഖച്ഛായയും സൗകര്യങ്ങളും പതിന്മടങ്ങ് മെച്ചപ്പെട്ടുവെന്ന് മാറിമാറി വരുന്ന ഭരണനേതൃത്വങ്ങൾ അവകാശപ്പെടുന്നതിനിടയിലും ആതുരശുശ്രൂഷയിൽ കാലത്തിനനുസരിച്ച് ഒരിഞ്ചുപോലും മുന്നേറാത്ത നാടാണിത്. ഇതര ജില്ലകളിലെ ആതുരാലയങ്ങളിലേക്കുള്ള വഴിയിൽ കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആയിരങ്ങളുടെ ജീവൻ പൊലിഞ്ഞുപോയ മണ്ണ്.
ഭൂമിശാസ്ത്രപരമായി ഏറെ വെല്ലുവിളികളുള്ള ജില്ലയിൽ ആളുകൾ കാലമേറെയായി സ്വപ്നം കാണുന്നതാണ് സർക്കാർ മെഡിക്കൽ കോളജ്. ഒരുപക്ഷേ, കേരളത്തിൽ ഏറ്റവുമാദ്യം സർക്കാർ മെഡിക്കൽ കോളജ് വരേണ്ടിയിരുന്ന ജില്ലയാണിത്. ആദിവാസികളും ചെറുകിട കർഷകരും തോട്ടംതൊഴിലാളികളുമടങ്ങുന്ന പാവപ്പെട്ട ജനത തിങ്ങിത്താമസിക്കുന്ന, ദുരിതങ്ങളുടെ ഈ മലമുകളിൽ മാനുഷിക പരിഗണന നൽകി അത്തരമൊരു തീരുമാനമെടുക്കാൻ സർക്കാറുകൾ കാലങ്ങളേറെ തുനിഞ്ഞതുമില്ല.
ഒടുവിൽ, വർഷങ്ങൾ നീണ്ട മുറവിളിക്കൊടുവിലാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് മടക്കിമലയിൽ മെഡിക്കൽ കോളജിന് തറക്കല്ലിട്ടത്. ശിലയിട്ടശേഷം നിർമാണത്തിന് ഏറെനാൾ കാത്തുകിടന്നു. തൊട്ടുപിന്നാലെ എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റതോടെ മടക്കിമലയിലെ ഭൂമിയിൽ കെട്ടിടം നിർമിക്കുന്നതിനെതിരെ ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അവിടെ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ശേഷം ചുണ്ടേലിൽ മെഡിക്കൽ കോളജിനായി ഭൂമി കണ്ടെത്തി. ഈ ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനുള്ള നീക്കം നടത്തുന്നുവെന്ന അറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. ആ ശ്രമവും പാളിയതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മാനന്തവാടിയിലെ ജില്ല ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി പ്രഖ്യാപിച്ചത്. അതൊരു താൽകാലിക പ്രഖ്യാപനമായിരുന്നു.
പിന്നീട് മെഡിക്കൽ കോളജ് നിർമാണത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിക്കുന്നതിനിടയിലാണ് കണ്ണൂർ അതിർത്തിയോട് ചേർന്ന ബോയ്സ് ടൗണിലാണ് മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതെന്ന പ്രഖ്യാപനം ഉണ്ടായത്. ജില്ലയിലെ ഭൂരിഭാഗം ആളുകൾക്കും പ്രാപ്യമായ സ്ഥലത്ത് മെഡിക്കൽ കോളജ് നിർമിക്കണമെന്ന ആവശ്യങ്ങൾക്കിടെയായിരുന്നു ബോയ്സ് ടൗണിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള തീരുമാനം. ജില്ലയിൽ മാനന്തവാടി മേഖലയും പാൽചുരത്തിന് താഴെയുള്ള കണ്ണൂർ ജില്ലയിലെ മലയോര മേഖലയും തീരുമാനത്തിൽ ആഹ്ലാദവുമായി രംഗത്തുവന്നു. എന്നാൽ, വയനാട് ജില്ലയിലെ മറ്റു മേഖലകളിൽനിന്നുള്ള ജനം ഈ തീരുമാനത്തിൽ കടുത്ത എതിർപ്പുയർത്തി. മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ തന്നെ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടയിലും എവിടെ സ്ഥാപിക്കണമെന്നതിനെച്ചൊല്ലിയുള്ള കടുത്ത വാഗ്വാദങ്ങളും അവകാശവാദങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്. ബോയ്സ് ടൗണിൽ തന്നെ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളവരും ജില്ലയിൽ എല്ലാവർക്കും പ്രാപ്യമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നവരും തമ്മിലാണ് ഇക്കാര്യത്തിൽ 'വാദപ്രതിവാദം'. ഇതിനായി വാട്സാപ് ഗ്രൂപ്പുകളടക്കം രൂപവത്കരിച്ച് കാമ്പയിനുകൾ ശക്തമാക്കുകയാണ് ഇരുപക്ഷവും. ഒരേ സംഘടനകൾക്കുള്ളിൽ തന്നെ ഇതുസംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. നേരത്തേ മുതൽ മെഡിക്കൽ കോളജിനുവേണ്ടി സമരരംഗത്തുണ്ടായിരുന്ന യൂത്ത് ലീഗിന്റെ ജില്ല കമ്മിറ്റി എല്ലാവർക്കും പ്രാപ്യമായ സ്ഥലത്ത് കോളജ് സ്ഥാപിക്കണമെന്ന ആവശ്യമുയർത്തിയെങ്കിലും തൊട്ടുപിറ്റേന്ന് ആ അഭിപ്രായത്തെ ഖണ്ഡിച്ച് സംഘടനയുടെ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു. ജില്ലയുടെ ഒരറ്റത്ത് കൊണ്ടുപോയി സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പല സംഘടനകളും സമരരംഗത്തിറങ്ങിയിട്ടുമുണ്ട്. ബോയ്സ് ടൗണിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനെതിരെ ഭരണകക്ഷിയിലടക്കം കടുത്ത അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നു. എൽ.ജെ.ഡി ഉൾപെടെയുള്ള കക്ഷികൾ ഈ നീക്കത്തിനെതിരാണ്. സർക്കാർ മെഡിക്കൽ കോളജെന്ന ആവശ്യം ഉയർന്ന കാലംമുതൽ ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും പ്രാപ്യമായ രീതിയിലായിരിക്കണം ആശുപത്രി സ്ഥാപിക്കേണ്ടതെന്ന അഭിപ്രായം ശക്തമായിരുന്നു. എന്നാൽ, ജില്ലയിലെ ഭൂരിഭാഗം ജനങ്ങൾക്കും പ്രാപ്യമല്ലാത്ത രീതിയിൽ കണ്ണൂർ ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥാപിക്കാനുള്ള നീക്കങ്ങൾക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ജില്ലയിലെ ഭൂരിഭാഗം ജനങ്ങൾക്കും എളുപ്പം എത്തിപ്പെടാൻ കഴിയുന്ന കണിയാമ്പറ്റ, പനമരം, മുട്ടിൽ, കോട്ടത്തറ പഞ്ചായത്തുകളിൽ എവിടെയെങ്കിലും മെഡി. കോളജ് സ്ഥാപിക്കണമെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആവശ്യം. ബോയ്സ് ടൗണിൽ മെഡി. കോളജ് സ്ഥാപിച്ചാൽ ലക്കിടി, വൈത്തിരി, മേപ്പാടി, ചൂരൽമല, അമ്പലവയൽ, താളൂർ, ചുള്ളിയോട്, ചീരാൽ, മുത്തങ്ങ, പുൽപള്ളി, മുള്ളൻകൊല്ലി, സുൽത്താൻ ബത്തേരി, മീനങ്ങാടി, മുട്ടിൽ, കൽപറ്റ തുടങ്ങി ജില്ലയിലെ മുക്കാൽ ഭാഗം പ്രദേശത്തുള്ളവർക്കും അത് ഉപകാരപ്രദമാവില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ബോയ്സ് ടൗണിൽ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നു തുടങ്ങിയ ഘട്ടത്തിലാണ് മാനന്തവാടി വയനാട് മെഡിക്കൽ കോളജ് നിർമാണത്തിനായി ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ബോയ്സ് ടൗണിൽ ഗ്ലെൻലെവൻ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 65 ഏക്കർ ഭൂമി മെഡിക്കൽ കോളജ് നിർമാണത്തിനായി അനുവദിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസാണ് ഉത്തരവിറക്കിയത്. ബോയ്സ് ടൗണിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനായുള്ള പ്രാഥമിക മാസ്റ്റർ പ്ലാൻ തയാറായിക്കഴിഞ്ഞിട്ടുണ്ട്. ബോയ്സ് ടൗണിൽ 55 ഏക്കർ സ്ഥലത്ത് മെഡിക്കൽ കോളജ് നിർമിക്കാനാണ് പദ്ധതി. 2,48,009 ചതുരശ്ര മീറ്ററാണ് ബിൽഡിങ് ഏരിയയുടെ വിസ്തൃതി. 150 വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യവും 500 കിടക്കകൾ ഒരുക്കുമെന്നും മാസ്റ്റർ പ്ലാനിൽ വ്യക്തമാക്കുന്നു. രണ്ട് ആഴ്ചകള്‍ക്കകം അന്തിമ രൂപരേഖ തയാറാക്കാന്‍ നിര്‍വഹണ ഏജന്‍സിയായ വാപ്കോസിനോട് കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു നിർദേശിച്ചിട്ടുണ്ട്. അതേസമയം, ഗവ. മെഡിക്കൽ കോളജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി സെപ്റ്റംബർ 15ന് കലക്ടറേറ്റ് ധർണ നടത്തുമെന്നും 21മുതൽ തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ തുടങ്ങാനുള്ള നീക്കം ആരംഭിച്ചുവെന്ന് വ്യക്തമാക്കുമ്പോഴും കോളജ് ജില്ലയുടെ മധ്യഭാഗത്തുതന്നെ സ്ഥാപിക്കണമെന്ന ആവശ്യവുമായി മറുവശത്ത് പ്രക്ഷോഭം ആരംഭിക്കുന്നത് വരുംദിവസങ്ങളിൽ ജില്ലയിൽ കൂടുതൽ ചർച്ചയാവും.
വയനാട് മെഡിക്കൽ കോളജ് വയനാട്ടുകാർക്ക് വേണ്ടിയാവണം
വയനാടിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു ഒരു മെഡിക്കൽ കോളജ്. ചുരമിറങ്ങി മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയിൽ നമ്മുടെ എത്രയോ പ്രിയപ്പെട്ടവരുടെ പ്രാണൻ നഷ്ടമായിട്ടുണ്ട്. ജില്ലയിൽ ആരംഭിക്കാൻ തീരുമാനമായ മെഡിക്കൽ കോളജ് ജില്ലയിലെ മുഴുവൻ ആളുകൾക്കും ഉപകരിക്കണം. കണ്ണൂരിന്റെ അതിർത്തിയിൽ സ്ഥാപിക്കാൻ മാസ്റ്റർ പ്ലാൻ തയാറാകുന്നതോടെ ജില്ലയിലെ മുഴുവൻ ആളുകൾക്കും ആശ്വാസമാകേണ്ട മെഡിക്കൽ കോളജ് ഇല്ലാതാവുന്നതിന് തുല്യമായിരിക്കുന്നു. എവിടെ വരണമെന്നോ ഏത് താലൂക്കിൽ വരണമെന്നോ ഏത് പ്രദേശത്ത് വരണമെന്നോ നാം ആവശ്യപ്പെടുന്നില്ല. വയനാട്ടിലെ മുഴുവൻ ജനങ്ങൾക്കും വേഗത്തിൽ എത്തിപ്പെടാൻ കഴിയുന്ന തരത്തിൽ വയനാടിന്റെ മധ്യഭാഗത്ത് സാധ്യമാകുന്ന സ്ഥലത്ത് മെഡിക്കൽ കോളജ് വരണം. അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ നാടിന് നഷ്ടമാകുന്നത് എന്നും ആശ്രയിക്കേണ്ട മെഡിക്കൽ കോളജ് ആശുപത്രിയും അതിന്റെ സൗകര്യങ്ങളുമായിരിക്കും.
വയനാട് മൂവ്മെന്റ് വാട്സാപ് കൂട്ടായ്മ
ബോയ്സ്ടൗണിനേക്കാൾ എളുപ്പം കോഴിക്കോട് പോകുന്നതല്ലേ..? -വി.ഡി. സതീശൻ
എന്ത് കാരണത്തിന്റെ പുറത്താണ് കൃത്യമായുണ്ടായിരുന്ന മടക്കിമലയിലെ ആ നല്ല സ്ഥലം ഒഴിവാക്കിയത്? അത് വേണ്ടെന്നുവെച്ചു. എന്നിട്ട് ഇപ്പോൾ സ്ഥാപിക്കാൻ നോക്കുന്നത് കണ്ണൂർ അതിർത്തിയിലാണ്. എന്നാപ്പിന്നെ കോഴിക്കോട് പോയാൽ പോരേ? ബോയ്സ്ടൗണിലെ മെഡിക്കൽ കോളജിൽ പോകുന്നതിനേക്കാൾ എളുപ്പം കോഴിക്കോട് മെഡിക്കൽ കോളജിൽ പോകുന്നതല്ലേ..? വയനാട് ജില്ലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് ചികിത്സ സൗകര്യത്തിനാണ്. മാരകമായ രോഗം ബാധിച്ചാൽ രണ്ടുമൂന്ന് മണിക്കൂർ കൊണ്ടാണ് നമുക്കൊരു രോഗിയെ ആശുപത്രിയിലെത്തിക്കാൻ കഴിയുന്നത്. അതിനു പരിഹാരമായിട്ടാണ് യു.ഡി.എഫ് സർക്കാർ ഇവിടെ മെഡിക്കൽ കോളജ് കൊണ്ടുവരാനുള്ള തീരുമാനമെടുക്കുകയും സ്ഥലം കിട്ടുകയും ചെയ്തത്.
ഇപ്പോൾ ജില്ല ആശുപത്രിയുടെ കാര്യവും നടക്കുന്നില്ല, മെഡിക്കൽ കോളജും നടക്കുന്നില്ല എന്നതാണ് അവസ്ഥ. കാരണം ജില്ല പഞ്ചായത്തിന്റെ കീഴിലായിരുന്നു ജില്ല ആശുപത്രി. ജില്ല പഞ്ചായത്ത് കൃത്യമായി ജില്ല ആശുപത്രി നടത്തിക്കൊണ്ടു പോയിരുന്നു.
അതിപ്പോൾ ചെയ്യാൻ പറ്റുന്നില്ല. മെഡിക്കൽ കോളജ് നടക്കുന്നുമില്ല. 'ഇല്ലത്തുനിന്ന് പുറപ്പെട്ടു, അമ്മാത്ത് എത്തിയുമില്ല' എന്ന് പറഞ്ഞതുപോലെയായി കാര്യങ്ങൾ. നിയമസഭയിൽ എത്രയോ പ്രാവശ്യം വയനാട് മെഡിക്കൽ കോളജിന്റെ കാര്യം സർക്കാറിന്റെ ശ്രദ്ധയിൽ ഞങ്ങൾ പെടുത്തിയിരുന്നു. അതിൽ ന്യായമായ തീരുമാനമെടുക്കാതെ സർക്കാർ ഒളിച്ചുകളിക്കുകയാണ്.
(2021 നവംബർ 16ന് കൽപറ്റയിൽ യു.ഡി.എഫ് കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിൽനിന്ന്)
വയനാട്ടുകാർക്കെല്ലാം വലിയ നിരാശയുണ്ടാക്കിയ സംഭവമാണിത്. ജില്ലയുടെ മധ്യഭാഗത്താണ് സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കേണ്ടത്. ബോയ്സ് ടൗണിൽ മെഡിക്കൽ കോളജ് സ്ഥാപിച്ചാൽ വയനാട്ടിലെ ഭൂരിഭാഗം പേർക്കും അതുകൊണ്ട് എന്തു കാര്യമാണുള്ളത്? ഞാൻ ചുണ്ടേലിൽ താമസിക്കുന്നയാളാണ്. എനിക്ക് ബോയ്സ് ടൗണിൽ ഓടിയെത്തുന്നതിലും എത്രയോ വേഗത്തിൽ കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന കോഴിക്കോടെത്താനാകും. ഇവിടെ വയനാട്ടിലെ ജനങ്ങൾക്ക് ഏറ്റവും വേഗത്തിൽ പ്രാപ്യമാകുന്ന വിധത്തിലാണ് മെഡിക്കൽ കോളജ് സ്ഥാപിക്കേണ്ടത്. അതിന് രാഷ്ട്രീയമോ പ്രാദേശികമോ ആയ ഭിന്നതകളൊന്നും ഉണ്ടാകരുത്. വയനാട് ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. ഇന്നാട്ടിലെ മുഴുവൻ ആളുകൾക്കും ഉപകാരപ്പെടുന്ന വിധത്തിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാനായിരിക്കണം ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടത്.
മെഡിക്കൽ കോളജ് സ്ഥാപിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലത്താണ് ഇപ്പോൾ അതിനായി ശ്രമം നടക്കുന്നത്. ഒരാൾക്കും അത് അംഗീകരിക്കാൻ കഴിയില്ല. ഇത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്നമാണ്. അത് അവഗണിച്ച് അധികൃതർ മുന്നോട്ടുപോകുന്നത് ശരിയായ നടപടിയാവില്ല.
എന്‍.ഒ. ദേവസി (കിസാൻ ജനത സംസ്ഥാന വൈസ് പ്രസിഡന്റ്)
സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു -ഡി.കെ.ടി.എഫ്
സുൽത്താൻ ബത്തേരി: സ്വകാര്യ മെഡിക്കല്‍ കോളജ് ഉടമകളുടെ തോളില്‍ കൈയിട്ട് പിണറായി സര്‍ക്കാര്‍ വയനാട് ജില്ലയെ ചതിച്ചെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് കണ്ണൂര്‍ അതിര്‍ത്തിയില്‍ കൊണ്ടുപോയി സ്ഥാപിക്കാനുളള നീക്കം ഇതിന്റെ തെളിവാണ്. വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളില്‍നിന്നും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശത്താണ് മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദിവാസികള്‍ ഉള്‍പ്പടെയുളള സാധാരണക്കാര്‍ക്ക് ഇതുകൊണ്ട് പ്രയോജനവും ലഭിക്കില്ല. മെച്ചപ്പെട്ട ചികിത്സ ലഭിക്കാന്‍ പതിറ്റാണ്ടുകള്‍ കാത്തിരുന്ന ജനതയോടുളള വെല്ലുവിളിയാണിത്. വയനാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും എത്തിച്ചേരാവുന്ന സ്ഥലം കണ്ടെത്തി മെഡിക്കല്‍ കോളജ് നിർമിക്കണം.
താലൂക്ക് പ്രസിഡന്റ് ഷാജി ചുള്ളിയോട് അധ്യക്ഷത വഹിച്ചു. ശിവരാമന് പാറക്കുഴി, സി.ഡി. തങ്കച്ചന്, കെ. സോമനാഥന്, കെ.കെ. മോഹനന്, ടി.കെ. രാധാകൃഷ്ണന്, പി. രാമചന്ദ്രന്, എം.എന്‍. ഷണ്മുഖന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.