ഓണത്തിരക്കിൽ നാടും നഗരവും
text_fieldsകൽപറ്റ: കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിഞ്ഞശേഷമെത്തുന്ന ഓണാഘോഷം ജില്ലയിലെങ്ങും ചൂടുപിടിച്ചു. ആഘോഷങ്ങൾ സജീവമായതോടൊപ്പം വിപണിയിലും തിരക്കേറി. കഴിഞ്ഞ തവണ കോവിഡ് ചട്ടങ്ങൾ നിലനിന്നതിനാൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതനിർദേശങ്ങളോടെയായിരുന്നു ആഘോഷം. ഇത്തവണ നാടും നഗരവും ഓണപ്പാച്ചിലിലാണ്. ടൗണുകൾ വിവിധ മേളകളുടെ തിരക്കിലും. വഴിയോര കച്ചവടവും പൂവിപണിയും ഉഷാറായി.
ഓണക്കോടിയെടുക്കാനും സാധനങ്ങൾ വാങ്ങാനും ആളുകളുടെ തിരക്കേറി. പ്രാധാന ടൗണുകളിലെല്ലാം ഗതാഗതത്തിരക്കും വർധിച്ചു. ഓണാവധിക്ക് സ്കൂൾ അടച്ചതോടെ തിരക്ക് ഇരട്ടിച്ചു. വൈവിധ്യമാർന്ന ഓണപരിപാടികളാണ് സ്കൂളുകളിലും കോളജുകളിലും അരങ്ങേറിയത്.
വിവിധ മേളകളിലും സന്ദർശകർ വർധിച്ചു. വിവിധ ഓഫറുകൾ നൽകിയാണ് ഇലക്ട്രോണിക് സ്ഥാപനങ്ങൾ അടക്കം ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പലിശരഹിത വായ്പകളും ദീർഘിപ്പിച്ച ഗാരന്റിയും വാറന്റിയും സമ്മാനങ്ങളും നൽകിയും കച്ചവടം പിടിച്ചെടുക്കാൻ മത്സരിക്കുകയാണ് സ്ഥാപനങ്ങളും ഉപകരണ കമ്പനികളും.
ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലക്ക് ലഭ്യമാക്കി വിപണിയിലെ വിലവർധന പിടിച്ചുനിര്‍ത്താൻ കല്‍പറ്റ എന്‍.എം.ഡി.സി ഹാളില്‍ പൊതുവിതരണ വകുപ്പിന്റെ ഓണം ജില്ല ഫെയർ ആരംഭിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന ഓണക്കാല സ്‌പെഷ്യല്‍ സബ്‌സിഡി ഇവിടെയും ലഭിക്കും.
കുടുംബശ്രീ ഓണച്ചന്തകൾക്ക് ഞായറാഴ്ച തുടക്കമായി. ഏഴുവരെയാണ് ചന്തകൾ പ്രവർത്തിക്കുക. റിബേറ്റോടെയുള്ള ഖാദി മേളയും സജീവമായി. കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ല വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലുള്ള ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളകളിലും തിരക്കേറി.
മേളയുടെ ഭാഗമായി സഞ്ചരിക്കുന്ന മൊബൈല്‍ പ്രദര്‍ശന വിപണന മേളയും ഒരുക്കിയിരുന്നു. കല്‍പറ്റ സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന മേളയിൽ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കൈത്തറി നെയ്ത്ത് സംഘങ്ങളുടെയും ഹാന്‍ടെക്സിന്റേയും കൈത്തറി വസ്ത്രങ്ങള്‍ 20 ശതമാനം ഗവ. റിബേറ്റോടെ ലഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയില്ലാതിരുന്നതുപോലെ വരും ദിവസങ്ങളിലും അനുകൂല കാലാവസ്ഥ ലഭിച്ചാൽ ആഘോഷം പൊടിപൊടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.