ജില്ലയില്‍ ഗുരുതര സാഹചര്യം; ജാഗ്രത വേണം -ഡി.എം.ഒ
text_fieldsകൽപറ്റ: ജില്ലയില്‍ ഒമിക്രോണ്‍ ഉള്‍പ്പെടെ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതിജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ നിലനില്‍ക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധത്തിന് പ്രാധാന്യം നല്‍കണമെന്നും ഡി.എം.ഒ പറഞ്ഞു.
ജില്ലയില്‍ ഒമിക്രോണ്‍ കേസുകള്‍ അഞ്ചായി. പ്രതിദിന കോവിഡ് കേസുകള്‍ കൂടിവരുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍-95 മാസ്കോ, ഡബിള്‍ മാസ്കോ ധരിക്കണം. പനിയും മറ്റു രോഗലക്ഷണങ്ങളുമുള്ളവര്‍ മറച്ചുവെച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുള്ളവര്‍ മറച്ചുവെക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണെന്നും ഡി.എം.ഒ വ്യക്തമാക്കി.
ഒമിക്രോണിന് ചെറിയ ഇന്‍കുബേഷന്‍ കാലയളവാണ് ഉള്ളതെങ്കിലും അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍.
ലക്ഷണങ്ങളില്ലാതെയും ഒമിക്രോണ്‍ വന്‍തോതില്‍ പടരാം. അതിനാല്‍ എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമിക്രോണ്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. നിശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്റെ സാധ്യതകൂടി കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്ക് ധരിക്കണം.
കോവിഡ് കേസുകള്‍ കൂടുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ വാക്സിനെടുക്കാനുള്ളവര്‍ എത്രയും വേഗം വാക്സിന് എടുക്കണം. ആരില്‍നിന്നും ആരിലേക്കും ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് വരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സ്വയം സുരക്ഷ പാലിക്കണം.
ഒരുമിച്ച് ധാരാളം കേസുകള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുമിച്ച് രോഗം വരാതിരിക്കാന്‍ കരുതല്‍ വേണം. നമ്മുടെ ആരോഗ്യ സംവിധാനത്തിനപ്പുറത്തേക്ക് കോവിഡ് കേസുകള്‍ പോകാതിരിക്കാന്‍ എല്ലാവരും പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
അനുബന്ധ രോഗങ്ങളുള്ളവര്‍ ജില്ലയില്‍ കൂടുതലാണ്. പ്രമേഹം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍ രോഗ നിയന്ത്രണം ഉറപ്പു വരുത്തണം. പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകും. അതിനാല്‍ കഴിവതും യാത്രകളും ആള്‍ക്കൂട്ടവും ഒഴിവാക്കണം.
ആശുപത്രി സന്ദര്‍ശനം പരമാവധി കുറച്ച് ഇ-സഞ്ജീവനി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക. ഒരിക്കല്‍ കോവിഡ് പോസിറ്റിവായെന്നു കരുതിയോ വാക്സിന് എടുത്തെന്നു കരുതിയോ ജാഗ്രതക്കുറവ് പാടില്ല. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും പോസിറ്റിവാകുന്ന സാധ്യതയാണുള്ളത്. സ്ഥാപനങ്ങളിലും കടകളിലും ഷോപ്പിങ് മാളുകളിലും പോകുന്നവര്‍ കൃത്യമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡി.എം.ഒ അഭ്യർഥിച്ചു.
ടി.പി.ആർ 20ന് മുകളിൽ
കോവിഡ് രോഗവ്യാപനം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ശനിയാഴ്ച 15ഉം ഞായറാഴ്ച 18ഉം കടന്ന രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) തിങ്കളാഴ്ച 20ന് മുകളിലെത്തി. ജില്ലയില്‍ തിങ്കളാഴ്ച 227 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗസ്ഥിരീകരണ നിരക്ക് 20.28 ആണ്. 66 പേര് രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 210 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,055 ആയി. 1,35,249 പേര് രോഗമുക്തരായി. നിലവില്‍ 1821 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1726 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 758 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1762 പേര് ഉള്‍പ്പെടെ ആകെ 13,072 പേര് നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍നിന്ന് 316 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധനക്കയച്ചത്.
വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം
ഒമിക്രോണ്‍ വകഭേദം ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും റിസോര്‍ട്ടുകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല കലക്ടര്‍ എ. ഗീത നിർദേശം നല്കി. കലക്ടറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത വ്യാപാരി പ്രതിനിധികളുടെ യോഗത്തിലാണ് രോഗവ്യാപനം കുറക്കാന്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കലക്ടര്‍ നിദേശം നല്‍കിയത്.
കടകളില്‍ ആള്‍ക്കൂട്ടം കുറക്കാന്‍ നടപടി സ്വീകരിക്കുക, ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുക, മാസ്ക്-സാനിറ്റൈസര്‍ ഉപയോഗവും ലഭ്യതയും ഉറപ്പാക്കുക, ചെറിയ ലക്ഷണങ്ങളുള്ള തൊഴിലാളികളെയും കടകളില്‍നിന്ന് താൽക്കാലികമായി മാറ്റിനിര്‍ത്തുക, ആൾക്കൂട്ടം ഉണ്ടാകാന്‍ കാരണമാകുംവിധം ഈ സമയത്ത് കടകളില്‍ ഓഫറുകള്‍ പ്രഖ്യാപിക്കാതിരിക്കുക, ഓഫറുകള്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കായി പരിമിതപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങള്‍ കലക്ടര്‍ മുന്നോട്ടുവെച്ചു.
യോഗത്തില്‍ എ.ഡി.എം എന്‍.ഐ. ഷാജു, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, കേരള ഹോട്ടല്‍സ് ആൻഡ് റസ്റ്റാറന്റ്സ് അസോസിയേഷന്, ഹാറ്റ്സ് തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.
റിസോര്‍ട്ടുകളിലെ സ്വിമ്മിങ് പൂളുകള്‍ക്ക് വിലക്ക്
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ റിസോര്‍ട്ടുകളിലെ സ്വിമ്മിങ് പൂളുകള്‍, സ്പാകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.