കോവിഡ് രോഗികള്‍ ഉയരുന്നു; വയനാട്ടിൽ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കും
text_fieldsകൽപറ്റ: ജില്ലയില്‍ ഒമിക്രോണ്‍ വകഭേദമടക്കമുളള കോവിഡ് കേസുകള്‍ അനുദിനം വർധിക്കുന്ന സാഹചര്യത്തില്‍ ജില്ല ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും. സ്വകാര്യ ആശുപത്രികളിലുള്ള ആകെ കിടക്കകളുടെ 30 ശതമാനം കോവിഡ് കേസുകള്‍ക്ക് മാത്രമായി മാറ്റിവെക്കണം.
സര്‍ക്കാര്‍ ഓഫിസുകളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് പരമാവധി കുറക്കാനും സേവനങ്ങള്‍ ഇ-ഓഫിസ് അല്ലെങ്കില്‍ മറ്റ് സമാന രീതികള്‍ ഉപയോഗിച്ച് നല്‍കാനും ഓഫിസ് മേധാവികള്‍ക്ക് ജില്ല കലക്ടര്‍ എ. ഗീത നിർദേശം നല്കി. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികള്‍ക്ക് അനുവദിക്കാം. ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തണം.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ എടക്കല്‍, കുറുവ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വഴി മാത്രമാക്കി നിജപ്പെടുത്തുന്നതിന് ഡി.ടി.പി.സി നടപടി സ്വീകരിക്കണം. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതത് കേന്ദ്രങ്ങളിലെ ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ കേന്ദ്രങ്ങളായ കാരാപ്പുഴ, ബാണാസുര സാഗർ ഡാമുകളില്‍ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും.
സാമൂഹിക, രാഷ്ട്രീയ, കലാകായിക പരിപാടികള്‍, വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കും. അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്ക് നിർദേശം നല്കി. കടകളിലും ഹോട്ടലുകളിലും സിനിമാശാലകളിലും 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു. പ്രവേശന കവാടത്തില്‍ സാനിറ്റെസറും തെര്‍മല്‍ സ്കാനറും നിര്‍ബന്ധമായും സൂക്ഷിക്കണം.
തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ആളുകളെ പരിശോധിച്ചതിനുശേഷം മാത്രമേ കടകളിലേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലെ ജിം, നീന്തല്‍കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഫെബ്രുവരി 15 വരെ നിര്‍ത്തിവെക്കണം. ഇത്തരം ഇടങ്ങളില്‍ ഒരു കാരണവശാലും അതിഥികളെ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തങ്ങളുടെ അധികാര പരിധിയിലെ സ്ഥാപനങ്ങള്‍ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. െറസിഡന്ഷ്യല് വെല്‍ഫയര്‍ അസോസിയേഷനുകള്‍, അപാര്‍ട്ട്മെൻറ് സമുച്ചയങ്ങള്‍, ക്ലബുകള്‍, മാളുകള്‍, ഹോട്ടലുകള്‍, കടകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം.
ആളുകള്‍ ഒന്നിച്ചു കൂടുന്ന ഇടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം. ഇക്കാര്യം ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രവേശിപ്പിക്കരുത്. സ്ഥാപനങ്ങളില്‍ ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ഉപയോഗിക്കണം.
മാസ്ക് ധരിക്കാത്തവരെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരമിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ഫ്ലവര്‍ഷോയ്ക്ക് വിലക്ക്
കൽപറ്റ: ജനുവരി 20 മുതല്‍ ഫെബ്രുവരി 10 വരെ കൽപറ്റ ഫ്ലവര്‍ ഷോ ഗ്രൗണ്ടില്‍ നടത്താനിരുന്ന ഫ്ലവര്‍ ഷോയും എക്സിബിഷനും വിലക്കി ജില്ല കലക്ടര്‍ ഉത്തരവായി. ജനം ചാരിറ്റബിള്‍ ട്രസ്റ്റാണ്ഫ്ലവര് ഷോ സംഘടിപ്പിക്കാനിരുന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.