ദേശീയപാത 766 അടച്ചുപൂട്ടാനുള്ള നീക്കം സി.പി.എം-ബി.ജെ.പി ഒത്തുകളി –മുസ്ലിം ലീഗ്
text_fieldsകല്പറ്റ: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766ല്‍ രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന ദൂരത്തില്‍ റോഡ് അടച്ചുപൂട്ടാനുള്ള നീക്കം വയനാടന്‍ ജനതയോടുള്ള പിണറായി സര്‍ക്കാറിെൻറ വഞ്ചനയാണെന്ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി യോഗം ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാറുമായി ഒത്തുകളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
2009ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ കാലത്ത് അടച്ചുപൂട്ടിയ റോഡ് തുറക്കുന്നതിന് ചെറുവിരലനക്കാന്‍ രണ്ടാം പിണറായി സര്‍ക്കാറും ഒന്നും ചെയ്യുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.2009ല്‍ യാത്രനിരോധനവുമായി കര്‍ണാടക ഹൈകോടതിയില്‍ കേസെത്തിയത് മുതല്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത് വയനാടിനെ അപമാനിക്കുന്ന നിലപാടുകളായിരുന്നു.ഇടതുസര്‍ക്കാര്‍ ബദല്‍റോഡെന്ന വാദം കോടതിയില്‍ അംഗീകരിക്കുകയാണ് ചെയ്തത്. ബദല്റോഡിലെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണമെന്ന് മാത്രമായിരുന്നു അന്ന് കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകെൻറ നിലപാട്.
യാത്രനിരോധനത്തിന് പകരമായി ബദല്‍റോഡ് നാലുവരിപ്പാതയാക്കണമെന്നും തലശ്ശേരി-മൈസൂരു റെയില്‍പാതക്ക് അനുമതി നല്‍കണമെന്നുമായിരുന്നു സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ജ്യോതിലാല്‍ റിപ്പോര്‍ട്ട് നല്‍കിയത്.യാത്രനിരോധനം ആറു മണി മുതല്‍ ആറുവരെയാക്കണമെന്നായിരുന്ന പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിലപാട്. ഇവയാണ് യാത്രവിലക്ക് കേസില്‍ വയനാടിന് ഏറെ പ്രതികൂലമായത്. വിമര്‍ശനങ്ങളെത്തുടര്‍ന്ന് തിരുത്തല്‍ കത്ത് നല്‍കിയെങ്കിലും മുന്‍നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. ഇതോടെ നേരത്തേയുള്ള നിലപാട് കര്‍ണാടക സര്‍ക്കാര്‍ കടുപ്പിക്കുകയും ചെയ്തു. കണ്ണൂര്‍ ലോബിക്ക് താല്പര്യമുള്ള പുതിയ പ്രൊപ്പോസല്‍ നല്‍കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡൻറ് പി.പി.എ. കരീം അധ്യക്ഷത വഹിച്ചു. പി.കെ. അബൂബക്കര്‍, എന്‍.കെ. റഷീദ്, പി. ഇബ്രാഹിം മാസ്റ്റര്‍, ടി. മുഹമ്മദ്, യഹ്യാഖാന്‍ തലക്കല്‍, കെ. നൂറുദ്ദീന്‍, റസാഖ് കല്പറ്റ, ടി. ഹംസ, സലിം മേമന എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു.
സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം –ബി.ജെ.പി
സുൽത്താൻ ബത്തേരി: ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി മൈസൂരു, മാനന്തവാടി, കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്ന പുതിയ പാതക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയപ്പോൾ അത് നിലവിലെ എൻ.എച്ച് 766ന് ബദൽ ആണെന്ന വാദം ഉയർന്നുവരുന്നത് എന്തുകൊണ്ടാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു. രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോയ സംസ്ഥാന സർക്കാർ ഈ പാത പൂർണമായും അടക്കണമെന്ന് നിലപാടെടുക്കുന്നവരോടൊപ്പമാണെന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തുകൾ അയച്ചുവെന്ന് പറയുമ്പോൾ രണ്ടു വർഷം മുമ്പ് നിയമസഭയിൽ പാസാക്കിയ ഐക്യപ്രമേയം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തട്ടിക്കൂട്ടിയതായിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.