ആദിവാസി യുവാവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം
text_fieldsകൽപറ്റ: ആദിവാസി യുവാവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. അഞ്ചുകുന്ന് വെള്ളിരിവയല് മാങ്കാണി ഉന്നതിയിലെ ബാലന് -ശാരദ ദമ്പതികളുടെ മകന് രതിനെ(20) പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പോക്സോ കേസില്‍ കുടുക്കുമെന്ന പൊലീസ് ഭീഷണി കാരണം ജീവിതം അവസാനിപ്പിക്കുയാണെന്ന് ആത്മഹത്യക്ക് തൊട്ടുമുമ്പ് സഹോദരിക്കയച്ച വിഡിയോയിൽ രതിൻ പറഞ്ഞിരുന്നു.
പൊലീസ് നടപടി ഭയന്ന് നിരപരാധിയായ രതിന് പുഴയില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നും വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുടുംബവും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. രതിന്റെ മരണത്തില്‍ കല്പറ്റ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നിനാണ് ഓട്ടോ ഡ്രൈവറായ രതിന്റെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തിയത്. തലേന്ന് സന്ധ്യയോടെ സഹോദരിക്ക് വിഡിയോ സന്ദേശം അയച്ച രതിനെ പിന്നീട് കാണാതാവുകയായിരുന്നു.
വീട്ടുകാരും നാട്ടുകാരും അന്വേഷിക്കുന്നതിനിടെ വീടിനുസമീപം പുഴയരികില്‍ രതിന്റെ ഓട്ടോ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
അഗ്നി രക്ഷാസേനയും സി.എച്ച്. റസ്ക്യു ടീമും നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. പോക്സോ കേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി സഹോദരിക്ക് അയച്ച വിഡിയോ സന്ദേശത്തിൽ രതിന് പറഞ്ഞിരുന്നു.
പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരേ കേസെടുത്തിരുന്നു. ഓട്ടോയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്നവുമായി ബന്ധപ്പെട്ടാണ് കേസ്. അതേസമയം, രതിനെ പോക്സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം കമ്പളക്കാട് പൊലീസ് നിഷേധിച്ചു.
മനുഷ്യാവകാശ കമീഷന് കേസെടുത്തു
കല്പറ്റ: അഞ്ചുകുന്ന് വെള്ളിരിവയല് മാങ്കാണി രതിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് സ്വമേധയാ കേസെടുത്തു. പരിചയമുള്ള പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോക്സോ കേസില്‍ പെടുത്തുമെന്ന പൊലീസ് ഭീഷണി ഭയന്നു പട്ടികവര്‍ഗത്തില്‍പ്പെട്ട രതിന് പുഴയില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ്. സംഭവത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം
കൽപറ്റ: ഓട്ടോറിക്ഷ തൊഴിലാളിയായ രതിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്നും ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പനമരം പഞ്ചായത്ത് കമ്മിറ്റി. പ്രസിഡന്റ് പി.കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കെ.എം. ബിജു, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി. സന്തോഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.