മരംമുറി: വനം വകുപ്പ് അന്വേഷണം അവസാനഘട്ടത്തിൽ
text_fieldsകൽപറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമിയിൽ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിെൻറ അന്വേഷണം അവസാനഘട്ടത്തിൽ. കേസിലെ മുഖ്യ പ്രതികളായ റോജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരോട് അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. വനംവകുപ്പ് മേപ്പാടി റേഞ്ച് ഓഫിസർ ഷമീറാണ് കേസ് അന്വേഷിക്കുന്നത്.
വില്ലേജിലെ പട്ടയ ഭൂമിയിൽനിന്ന് 202 ക്യുബിക് മീറ്റർ ഈട്ടിത്തടിയാണ് മുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് 43 േകസുകളാണ് വനംവകുപ്പ് രജിസ്റ്റർ ചെയ്തത്. ആദിവാസി ഭൂവുടമകൾ, മരംമുറി കരാറുകാരൻ, തൊഴിലാളികൾ, മരം വാങ്ങിയവർ ഉൾപ്പെടെ 69 പേർക്കെതിരെയാണ് കേസ്.
അഗസ്റ്റിൻ സഹോദരങ്ങളുടെ ഒഴികെ, ബാക്കിയെല്ലാവരുടെയും മൊഴികൾ ഇതിനകം അന്വേഷണ സംഘം എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. മൂവരുടെയും മൊഴികൾ കൂടി രേഖപ്പെടുത്തിയശേഷം അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നീക്കം.
മൂന്നു വർഷം കൊണ്ട് ജില്ലയിലെ പട്ടയ ഭൂമിയിൽനിന്ന് ഒരുലക്ഷം ക്യുബിക് അടി മരം മുറിച്ചുകടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടതെന്ന് മരംമുറി കരാറുകാരൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. റവന്യൂ വകുപ്പ് 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിെൻറ മറവിലായിരുന്നു പ്രതികൾ മരംമുറി നടത്തിയത്.
കൂടാതെ, മുട്ടിൽ മരംമുറി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുന്നതിന് വനംവകുപ്പ് വിജിലൻസ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കുറ്റക്കാരെ അറസ്റ്റ് ചെയ്യണം –സി.പി.ഐ
കൽപറ്റ: മുട്ടിൽ വില്ലേജിലെ റവന്യൂ പട്ടയ ഭൂമിയിൽനിന്ന് അനധികൃതമായി മരം മുറിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട റോജി അഗസ്റ്റിനെയും കൂട്ടാളികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ആദിവാസികളെയടക്കം വഞ്ചിച്ചാണ് മരം മുറിച്ചത്. റവന്യൂ ഭൂമിയിൽനിന്ന് മരംമുറി നടത്തിയതിനും ആദിവാസികൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും പൊതുമുതൽ നശിപ്പിച്ചതിനും പ്രതികൾക്കെതിരെ കേസെടുക്കണം. ഇതിന് കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ആദിവാസികൾക്കെതിരായ കേസുകൾ പിൻവലിക്കണം –എ.കെ.എസ്
കൽപറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് ആദിവാസികൾക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്ന് ആദിവാസി ക്ഷേമസമിതി (എ.കെ.എസ്). ആദിവാസികളെ കബളിപ്പിച്ചാണ് കച്ചവടലോബി മരങ്ങൾ തട്ടിയെടുത്തത്. സർക്കാറിൻെറ അനുമതിയുണ്ടെന്നു പറഞ്ഞ് വ്യാജരേഖകൾ കാണിച്ച് ആദിവാസികളെ വഞ്ചിക്കുകയായിരുന്നു. വൻ വിലപിടിപ്പുള്ള മരങ്ങൾക്ക് തുച്ഛമായ തുകയാണ് വാഗ്ദാനം ചെയ്തത്. ഇതുതന്നെ നൽകിയതുമില്ല.
കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിലായ ആദിവാസികളെ കബളിപ്പിച്ച് അവരുടെ സ്ഥലത്തെ മരങ്ങൾ തട്ടിയെടുത്തത് ഗൗരവമേറിയതാണ്. ആദിവാസി വഞ്ചനക്കെതിരെ നടപടിയെടുക്കണം. പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം കുറ്റക്കാരായവർക്കെതിരെ കേസെടുക്കണം. നിഷ്കളങ്കരായ ആദിവാസികളെ കേസിൽ കുടുക്കാനുള്ള നീക്കത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണം. ജില്ല അധികൃതർ ഈ വിഷയം ഗൗരവമായി കണ്ട് ഇടപെടണമെന്നും സംസ്ഥാന പ്രസിഡൻറ് ഒ.ആർ. കേളു എം.എൽ.എ ആവശ്യപ്പെട്ടു.
നടപടി സ്വീകരിക്കണം –കർഷക മോർച്ച
മുട്ടിൽ: സർക്കാർ ഉത്തരവ് മറയാക്കി കർഷകരെ തെറ്റിദ്ധരിപ്പിച്ച് വീട്ടിമരം മുറിച്ചുകടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കർഷക മോർച്ച ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉന്നത റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളിയാണ്.
ഒരു അന്വേഷണ ഏജൻസിയെ തന്നെ നിയോഗിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ആരോട രാമചന്ദ്രൻ, കെ. ശ്രീനിവാസൻ, ജി.കെ. മാധവൻ, എം.ബി. നന്ദനൻ, എടക്കണ്ടി വേണു, സി.ആർ. ഷാജി, കെ.എം. ഹരീന്ദ്രൻ, ജയചന്ദ്രൻ വളേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.