ദുരന്തനിവാരണം എല്ലാ കോളജുകളിലേക്കും
text_fieldsകൽപറ്റ: ദുരന്തമുഖങ്ങളില്‍ കാഴ്ചക്കാരാകാതെ രക്ഷകരാകാന്‍ ഓരോരുത്തര്‍ക്കും സാധിക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. കോളജ് ദുരന്ത നിവാരണ ക്ലബുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത നിവാരണ പ്രവര്‍ത്തങ്ങളില്‍ പ്രാദേശിക സമൂഹത്തിന്റെ പങ്ക് വലുതാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ല അടിസ്ഥാനത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്ത നിവാരണ-ലഘൂകരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്.
കോളജ് ദുരന്ത നിവാരണ ക്ലബുകള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഇതിലൂടെ വിദ്യാർഥികളില്‍ ദുരന്ത നിവാരണ അവബോധം സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളജുകളില്‍ ദുരന്ത നിവാരണ ക്ലബ് രൂപവത്കരിച്ചു. ഒരു കോളജില്‍ 100 കുട്ടികള്‍ വരെയാണ് ഡി.എം. ക്ലബില്‍ ഉള്‍പ്പെടുക. 37 കോളജുകളില്‍ നിന്നായി 74 ചാര്‍ജ് ഓഫിസര്‍മാരും 3000 വിദ്യാർഥികളും ക്ലബിന്റെ ഭാഗമായി. ദുരന്ത നിവാരണത്തെപ്പറ്റി പ്രാഥമികവും ശാസ്ത്രീയവുമായ അറിവ് നേടുക, ദുരന്ത സാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക തുടങ്ങി ദുരന്ത പ്രതികരണ ക്ഷമതയുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രത്യേക ഗൈഡ്, പാഠ്യഭാഗങ്ങള്‍, ചാര്‍ജ് ഓഫിസര്‍മാര്‍ക്കുള്ള നിര്‍ദേശം, ക്ലബ് എങ്ങനെ പ്രവര്‍ത്തിക്കും തുടങ്ങി വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപ്പുസ്തകം വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ദുരന്തനിവാരണ ക്ലബുകള്‍ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് ഇടംപിടിച്ചിരുന്നു.
ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി കല്പറ്റ അഗ്നിരക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ വിദ്യാർഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ മോക്ഡ്രില്‍ ശ്രദ്ധേയമായി. ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ അകപ്പെട്ടവരെ എങ്ങനെ സുരക്ഷിത സ്ഥലത്ത് എത്തിക്കാം, മലയിടുക്കുകളിലും വലിയ മരങ്ങള്‍ക്കു മുകളിലും കുടുങ്ങിക്കിടക്കുന്നവരെയും ബഹുനില കെട്ടിടങ്ങളിലുണ്ടാവുന്ന തീപിടിത്തങ്ങളില്‍ അകപ്പെട്ടു പോകുന്നവരെയും എങ്ങനെ രക്ഷിക്കാം തുടങ്ങിയ വിഷയങ്ങളിലായിരുന്നു മോക്ഡ്രില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.