ജില്ലതല ബാങ്കിങ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5604 കോടിയുടെ വായ്പ വിതരണം
text_fieldsകൽപറ്റ: ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 5604 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. വാര്‍ഷിക പ്ലാനിന്റെ 102 ശതമാനം വായ്പയാണ് ഇതിനകം വിതരണം ചെയ്തത്. ഇതില്‍ 3367 കോടി കാര്‍ഷിക മേഖലക്കും 620 കോടി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 770 കോടി ഭവന-വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണന മേഖലക്കും വിതരണം ചെയ്തു.
ആകെ വിതരണം ചെയ്ത വായ്പയില്‍ 4757 കോടി രൂപ മുന്‍ഗണന മേഖലക്കാണെന്ന് ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ അസി. ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍ അറിയിച്ചു. മൂന്നാം പാദത്തില്‍ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരിപ്പ് 9290 കോടിയായി വര്‍ധിച്ചു.
ജില്ലയുടെ 2023-24 സാമ്പത്തിക വര്‍ഷത്തിലേക്ക് ലീഡ് ബാങ്ക് തയാറാക്കിയ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാന്‍ കലക്ടര്‍ പ്രകാശനം ചെയ്തു. 7000 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ 4500 കോടി കാര്‍ഷിക മേഖലക്കും 900 കോടി സൂക്ഷ്മ ചെറുകിട വ്യവസായത്തിനും 1000 കോടി മറ്റ് മുന്‍ഗണന വിഭാഗത്തിനും നീക്കിവെച്ചു.
ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിബിന്‍ മോഹന്‍ കണ്‍വീനറായി സംഘടിപ്പിച്ച അവലോകന യോഗത്തിന് ലീഡ് ഡിസ്ട്രിക്ട് ഓഫിസറും റിസര്‍വ് ബാങ്ക് അസി. ജനറല്‍ മാനേജറുമായ പ്രദീപ് മാധവന്, നബാര്‍ഡ് ജില്ല ഡെവലപമെന്റ് മാനേജര്‍ വി. ജിഷ എന്നിവര്‍ നേതൃത്വം നല്കി. ജില്ലയിലെ മുഴുവന്‍ ബാങ്ക് പ്രതിനിധികളും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.