ജില്ലതല പട്ടയമേള ഇന്ന്; 802 പേര്‍ കൂടി ഭൂവുടമകളാകും
text_fieldsകൽപറ്റ: സംസ്ഥാന സര്‍ക്കാറിന്‍റെ നൂറ് ദിന കര്‍മ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ജില്ലതല പട്ടയമേള ബുധനാഴ്ച വൈകീട്ട് മൂന്നിന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍ പട്ടയം കൈമാറി ഉദ്ഘാടനം ചെയ്യും.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ താലൂക്കുകളിലെ 802 ഗുണഭോക്താക്കള്‍ക്ക് ആണ് രണ്ടാം ഘട്ടത്തില്‍ പട്ടയം നല്‍കുന്നത്. ഭൂപതിവ് ചട്ട പ്രകാരമുള്ള 140 പട്ടയങ്ങളും, ഏഴ് ദേവസ്വം ക്രയ സര്‍ട്ടിഫിക്കറ്റുകളും, 335 മിച്ചഭൂമി പട്ടയങ്ങളും മാനന്തവാടി ലാന്‍ഡ് ട്രൈബ്യൂണലിലെ 250 ക്രയ സര്‍ട്ടിഫിക്കറ്റുകളും വനാവകാശ നിയമ പ്രകാരമുള്ള 70 അവകാശ രേഖകളുമാണ് ചടങ്ങില്‍ വിതരണം ചെയ്യുക.
കഴിഞ്ഞ ഏപ്രിലില്‍ മീനങ്ങാടിയില്‍ നടന്ന ഒന്നാംഘട്ട പട്ടയമേളയിലൂടെ 525 പേര്‍ ഭൂമിയുടെ അവകാശികളായിരുന്നു. 2021 നവംബറില്‍ 412 പേര്‍ക്കും പട്ടയം നല്‍കി. ഇതോടെ ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ 1739 പേര്‍ക്ക് പട്ടയം ലഭിച്ചു.
പുതുതായി നിർമിച്ച മാനന്തവാടി സബ്കലക്ടര്‍ ഓഫിസ്, താലൂക്ക് ഓഫിസ് അനക്‌സ് കെട്ടിടങ്ങള്‍, പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടം, നവീകരിച്ച മാനന്തവാടി ലാൻഡ് ട്രൈബ്യൂണല്‍ ഓഫിസ്, താലൂക്ക് ഓഫിസ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫിസ് എന്നിവയുടെയും ഉദ്ഘാടനവും റവന്യൂ മന്ത്രി നിര്‍വഹിക്കും. വൈകീട്ട് നാലിന് പനമരം സ്മാര്‍ട്ട് വില്ലേജ് ഓഫിസും അഞ്ചിന് എടവക സ്മാര്‍ട്ട് വില്ലേജ് ഓഫിസും മന്ത്രി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.