ഗോത്ര വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്: ഒരാഴ്ചക്കകം വിവരം നല്‍കണം
text_fieldsകൽപറ്റ: അധ്യയന വര്‍ഷം തുടങ്ങി രണ്ടുമാസം കഴിഞ്ഞിട്ടും ഇതുവരെയും സ്കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാർഥികളുടെ കൃത്യമായ കണക്ക് സ്കൂള്‍ അടിസ്ഥാനത്തില്‍ ആഗസ്റ്റ് നാലിനകം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് ജില്ല വികസന സമിതി നിര്‍ദേശം നല്കി. ഈ പട്ടിക പട്ടികവര്‍ഗ വകുപ്പിന് നല്‍കണം. ടി.ഇ.ഒമാര്‍ ലിസ്റ്റ് പരിശോധിച്ച് പട്ടികവര്‍ഗ വിദ്യാർഥികളുടെ എണ്ണമെടുക്കണം. സ്കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ വിവരങ്ങള്‍ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മുഖേന കോളനികളിലെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. ഒരാഴ്ചക്കകം കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. വിദ്യാവാഹിനി പദ്ധതിയില്‍ ഹയർ സെക്കൻഡറി വിദ്യാർഥികളായ പട്ടികവര്‍ഗ വിദ്യാർഥികളെ ഉള്‍പ്പെടുത്തുന്നതിനായി പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതായി പട്ടിക വര്‍ഗ വകുപ്പ് അധികൃതര്‍ അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും ജനവാസ കേന്ദ്രങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തിയുടെ പുരോഗതിയും യോഗം വിലയിരുത്തി. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തിയും യോഗം വിലയിരുത്തി. ബില്ല് അടക്കാത്തതിനെത്തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ച ട്രൈബല്‍ കോളനികളിലെ കുടിവെള്ള പദ്ധതികളുടെ പൈപ്പുകള്‍, മോട്ടോറുകള്‍ എന്നിവ തകരാറിലായത് പരിഹരിക്കണമെന്നും യോഗം നിർദേശിച്ചു.
സുല്‍ത്താന്‍ ബത്തേരി -താളൂര്‍ റോഡ് പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കെ.ആര്.എഫ്.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ക്ക് യോഗം നിർദേശം നല്കി.
മാനന്തവാടി നിയോജക മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ റോഡുനിർമാണവും തിരുനെല്ലി കാട്ടിക്കുളം-പനവല്ലി റോഡ് നിർമാണവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഒ.ആര് കേളു എം.എല്‍.എ ആവശ്യപ്പെട്ടു. ഒളിമ്പ്യന്‍ ടി. ഗോപിക്ക് വീട് വെക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് നിർദേശിച്ചു.
ജില്ലയിലെ അതിഥിതൊഴിലാളികളുടെ കണക്ക് തദ്ദേശ സ്ഥാപന തലത്തില്‍ സൂക്ഷിക്കണം. വിവിധ വകുപ്പുകലുടെ സഹകരണത്തോടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണം. ജില്ല ലേബര്‍ ഓഫിസിനെ നോഡല്‍ ഓഫിസായി മറ്റു വകുപ്പുകളെ ഏകോപിപ്പിക്കണമെന്നും യോഗം നിർദേശിച്ചു. എം.എല്‍.എമാരുടെ ഫണ്ട് വിനിയോഗവും 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ വകുപ്പുകളുടെ സാമ്പത്തിക വിനിയോഗവും ‘എന്റെ’ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്റെ പുരോഗതിയും യോഗം വിലയിരുത്തി.
സി.എസ്.ആര് കോണ്‍ക്ലേവ് മികച്ച രീതിയില്‍ നടത്താന്‍ സഹകരിച്ച എല്ലാ വകുപ്പുകളെയും ജില്ല വികസന സമിതി അഭിനന്ദിച്ചു. മാനന്തവാടി ജില്ല ആശുപത്രിക്ക് നാഷനല്‍ ഹെല്‍ത്ത് മിഷനും ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ പീഡിയാട്രിക്കും യൂനിസെഫും ചേര്‍ന്ന് നല്കുന്ന മുലയൂട്ടല്‍ കാര്യക്ഷമമായി നടപ്പാക്കിയതിനുള്ള സര്ട്ടിഫിക്കേഷന് ലഭിച്ചതിന് വികസന സമിതി അഭിനന്ദനമറിയിച്ചു. മികച്ച രീതിയില്‍ മണ്‍സൂണ്‍ ഫെസ്റ്റ് നടത്തിയതിന് നേതൃത്വം നല്കിയ ഡി.ടി.പി.സിയെയും ടൂറിസം വകുപ്പിനെയും അഭിനന്ദിച്ചു.
കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ് നൂറുശതമാനമാക്കുന്നതിന് നടപ്പാക്കുന്ന മിഷന് ഇന്ദ്രധനുഷ് പദ്ധതി മികച്ച രീതിയില്‍ നടത്തണമെന്നും ജില്ല വികസന സമിതി നിർദേശിച്ചു. അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള എ ഫോര്‍ ആധാര്‍ കാമ്പയിനിലൂടെ ഇതുവരെ ആധാര്‍ കാര്‍ഡ് എടുക്കാത്ത എല്ലാ കുട്ടികളും ആധാര്‍ എടുക്കണമെന്നും ജില്ല വികസന സമിതി നിർദേശിച്ചു.
ജില്ല കലക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ചു. ഒ.ആര്. കേളു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം എന്‍.ഐ. ഷാജു, അഡീഷനല്‍ എസ്.പി. വിനോദ് പിള്ള, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്. മണിലാൽ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.