വിലയുണ്ട്; വിളവില്ല
text_fieldsകൽപറ്റ: നേന്ത്രക്കായക്കും ഇഞ്ചിക്കും സീസണല്ലാതിരുന്നിട്ടും വില ഉയർന്നിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല.
40 രൂപയാണ് നേന്ത്രക്കായക്ക് വിപണിയിൽ ഇപ്പോഴത്തെ വില. സീസണല്ലാഞ്ഞിട്ടുപോലും ഇത്രയും വില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമാണങ്കിലും വിളനാശവും ഉൽപാദനത്തിലെ കുറവും വന്യമൃഗങ്ങൾ നശിപ്പിക്കുന്നതും കാരണം ഇതിന്റെ പ്രയോജനം കാര്യമായി ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. കാലാവസ്ഥ വ്യതിയാനവും വന്യമൃഗ ശല്യവും കാരണം നിരവധി കർഷകരുടെ വാഴക്കൃഷിയാണ് ഇത്തവണ നശിച്ചത്. വേനൽമഴയിൽ ആയിരക്കണക്കിന് വാഴകളാണ് ജില്ലയിൽ നിലം പൊത്തിയത്.
കനത്ത മഴയിൽ ജില്ലയിലെ പലയിടങ്ങളിലും വാഴക്കൃഷി നശിച്ചിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് വിപണിയിൽ നേന്ത്രക്കുലയുടെ വരവ് മൂന്നിലൊന്നായി കുറഞ്ഞതാണ് ഇപ്പോഴത്തെ വില വർധനക്ക് മറ്റൊരു കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
തുടർച്ചയായുണ്ടായ നഷ്ടം കാരണം കർഷകർ വാഴ കൃഷിയിൽനിന്ന് പിൻവാങ്ങിയത് കാരണം ഇത്തവണ ഇവിടെ ഉൽപാദനം കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിളവെടുപ്പ് കഴിഞ്ഞതും വില വർധനവിന് കാരണമായി.
വിലയിൽ ഏറ്റവും കൂടുതൽ കൂപ്പുകുത്തിയ കാർഷിക വിളയായിരുന്നു ഇഞ്ചി. എന്നാൽ, ഇപ്പോൾ ചാക്കിന് 8500 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. രണ്ടു മാസത്തോളമായി വിലയിൽ ഉയർച്ചയാണുള്ളത്. കഴിഞ്ഞ വർഷം ചാക്കിന് 3000 രൂപയായിരുന്നു വില. ആവശ്യത്തിനുള്ള ഇഞ്ചിയുടെ ലഭ്യതക്കുറവാണ് ഇഞ്ചി വില ഇപ്പോൾ ഉയർന്ന് നിൽക്കുന്നതിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.