പരിസ്ഥിതി ലോല മേഖല; സമരപോരാട്ടങ്ങൾക്ക് തിരിച്ചടിയായി എസ്.എഫ്.ഐ ആക്രമണം
text_fieldsകൽപറ്റ: ഗ്രാമസഭകളും തദ്ദേശ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും ബഹുജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കേണ്ട ബഫർസോൺ സമരത്തിന് വൻ തിരിച്ചടിയായി കഴിഞ്ഞ ദിവസത്തെ എസ്.എഫ്.ഐയുടെ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം മാറുന്നു.
ആക്രമണത്തിന് എതിരെ ദേശീയതലത്തിലടക്കം പ്രതിഷേധം അലയടിച്ചതോടെ എസ്.എഫ്.ഐ എം.പിയുടെ ഓഫിസ് മാർച്ചിന് കാരണമാക്കിയ ബഫർസോൺ വിഷയത്തിലെ പ്രതിഷേധ സമരങ്ങളേയും ബാധിക്കുകയാണ്. സുപ്രീം കോടതി വിധി വയനാട്ടിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന നഗരമായ സുൽത്താൻ ബത്തേരിയിൽ ശനിയാഴ്ച നടത്തിയ സർവകക്ഷി ഉപവാസ സമരത്തിൽനിന്ന് യു.ഡി.എഫ് വിട്ടുനിന്നത് സമരത്തിലെ ഐക്യം നഷ്ടപ്പെടുന്നതിന്‍റെ ആദ്യ സൂചനയായി.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടാണ് എൽ.ഡി.എഫും യു.ഡി.എഫും ജില്ലയിൽ ആദ്യംമുതൽ സ്വീകരിച്ചുവന്നിരുന്നതെങ്കിലും സുപ്രീം കോടതി വിധിയിൽ ജനഹിതമനുസരിച്ച് മാറ്റം വരുത്തണമെന്നതിൽ ഇരു മുന്നണികളും ഒരേ അഭിപ്രായത്തിലായിരുന്നു.
ബഫർ സോൺ വിഷയത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളും നിലപാടുകളും അടിസ്ഥാനമാക്കി പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടാണ് ഇരു മുന്നണികളുടെയും നേതാക്കൾ പുറത്തെടുത്തത്. ഇതിനിടയിലും യോജിച്ച സമരമെന്ന ആശയത്തെ ഇരു മുന്നണികളും പൂർണമായും തള്ളിപ്പറഞ്ഞിരുന്നുമില്ല. യു.ഡി.എഫ് നേതാക്കളാണ് തങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നതെന്നും അതിനാൽ അവരാണ് ഒറ്റക്കെട്ടായ സമരത്തിന് സാഹചര്യമൊരുക്കേണ്ടതെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ സി.കെ. ശശീന്ദ്രനും സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിനും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കുന്ന യോജിച്ച പ്രക്ഷോഭമാണ് ഉണ്ടാവേണ്ടതെന്ന് ജൂൺ 12ന് യു.ഡി.എഫ് കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞിരുന്നു. വിഷയത്തിൽ മുന്നണികൾക്കിടയിൽ പ്രസ്താവന യുദ്ധങ്ങൾ അരങ്ങേറിയപ്പോഴും സുൽത്താൻ ബത്തേരിയിൽ ഒറ്റക്കെട്ടായ പ്രതിഷേധങ്ങൾ അരങ്ങേറിയത് ശുഭസൂചനയായിരുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതോടെ ഇതിനുമുകളിലാണ് കരിനിഴൽ വീണത്. സമരം ഏകോപിപ്പിക്കാൻ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച കോൺഫഡറേഷന്‍റെ പ്രവർത്തനത്തിനും നിലവിലെ സംഭവവികാസങ്ങൾ വെല്ലുവിളി ഉയർത്തും.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.പിയെന്ന നിലയിൽ കാര്യക്ഷമമായ ഇടപെടൽ രാഹുൽഗാന്ധി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ അദ്ദേഹത്തിന്‍റെ കൽപറ്റ കൈനാട്ടിയിലെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
എന്നാൽ, സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും അദ്ദേഹം ഇടപെട്ടിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
സുപ്രീം കോടതി വിധിയുടെ തിരുത്തലിന് ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് താൻ എഴുതിയ കത്ത് രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചത് എസ്.എഫ്.ഐ ആരോപണത്തിന് തിരിച്ചടിയായി.
സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് പ്രസിഡന്‍റ് കെ. അനുശ്രീ വ്യക്തമാക്കിയതും ആക്രമണത്തെ തള്ളിപ്പറഞ്ഞതും ജില്ല നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.