നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു
text_fieldsകൽപറ്റ: ഹൈകോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തില്‍ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു. കുറുവ ദ്വീപ്, ചെമ്പ്ര പീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുരമല മീന്മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് തുറക്കാന്‍ തീരുമാനമായത്. നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. ദീപയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനഫീസ് ഉയര്‍ത്തും. സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തും. കുറുവ ദ്വീപില്‍ ഒക്ടോബര്‍ 15 മുതല്‍ സഞ്ചാരികളെ പ്രവേശിപ്പിക്കും. ചെമ്പ്ര പീക്ക്, ബാണാസുരമല മീന്മുട്ടി വെള്ളച്ചാട്ടം , കാറ്റുകുന്ന് ആനച്ചോല ട്രക്കിങ് എന്നിവയില്‍ ഒക്ടോബര്‍ 21 മുതലാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. സൂചിപ്പാറ വെള്ളച്ചാട്ടം നവംബര്‍ ഒന്ന് മുതല്‍ തുറക്കും.
കുറുവ ദ്വീപ് ഇന്ന് തുറക്കും
പാക്കം ചെറിയ മല, പാൽവെളിച്ചം ഭാഗത്തുകൂടി 200 പേരെ വീതം പ്രവേശിപ്പിക്കും
മാനന്തവാടി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ചൊവ്വാഴ്ച ജനങ്ങൾക്കായി തുറന്നുകൊടുക്കും. രണ്ടുപേരെ ആന ചവിട്ടിക്കൊന്നതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 16നാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത്. ഇതോടെ കുറുവക്കും താഴുവീണു. തുടർന്ന് വിവിധ സംഘടനകളും സ്വകാര്യ വ്യക്തികളും ഹൈകോടതിയെ സമീപിച്ചു.
ഇതിന്റെ ഭാഗമായി ഹൈകോടതി സഞ്ചാരികളുടെ എണ്ണം വെട്ടിക്കുറച്ച്, നിയന്ത്രണം വനം വകുപ്പിന് നൽകി തുറക്കാൻ അനുമതി നൽകി. ഇതനുസരിച്ച് വനം വകുപ്പിന് കീഴിലെ പാക്കം ചെറിയ മലവഴിമാത്രം സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു.
ഇതിനെതിരെ പാൽ വെളിച്ചം കുറുവ ദ്വീപ് പ്രദേശവാസികൾ രംഗത്തുവരികയും സൗത്ത് വയനാട് ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഇരു ഭാഗത്തുനിന്നും ഇരുന്നൂറ് പേരേ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഡി.ടി.പി.സിയുടെ ചങ്ങാടം വാടകക്കെടുത്ത് വനം വകുപ്പ് പാൽ വെളിച്ചം ഭാഗത്ത് കൗണ്ടറിട്ട് സഞ്ചാരികൾക്ക് പ്രവേശനം നൽകും.
ടിക്കറ്റ് നിരക്ക് 110ൽ നിന്ന് ഇരട്ടിയാക്കി 220 രൂപയായി വർധിപ്പിച്ചു. കുറുവ ദ്വീപിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ ബാക്കിയാണെന്ന് ആരോപണമുണ്ട്. അതേസമയം കുറുവ തുറക്കുന്നതും ചങ്ങാടം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു ഡി.ടി.പി.സി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.