ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുതന്നെ
text_fieldsകല്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മാസങ്ങളായി അടച്ചിട്ടതിനെത്തുടർന്ന് നിരവധി ജീവനക്കാർ പ്രതിസന്ധിയിൽ. സൂചിപ്പാറ, ചെമ്പ്ര പീക്ക്, കുറുവ ദ്വീപ്, മീന്മുട്ടി, തോല്‍പ്പെട്ടി, മുത്തങ്ങ, ബ്രഹ്മഗിരി, മുനീശ്വരന്‍കുന്ന് തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കഴിഞ്ഞ ഫെബ്രുവരി 17 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. കുറുവ ഇക്കോ ടൂറിസം കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരന് പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പുല്പള്ളിയില് നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ വനം വകുപ്പിനു കീഴിലുള്ള മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചത്. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നത് വിലക്കി പിന്നീട് കോടതി ഉത്തരവുമുണ്ടായി.
ജില്ലയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലായി 400 ഓളം താൽക്കാലിക ജീവനക്കാരാണുള്ളത്. അതത് പ്രദേശങ്ങളിലെ വനസംരക്ഷണ സമിതി അംഗങ്ങളുമാണിവര്. ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തനരഹിതമായതോടെ താൽക്കാലിക ജീവനക്കാര്‍ക്ക് തൊഴിലും വരുമാനവും ഇല്ലാതായി. വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കുമെല്ലാം പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ജീവനക്കാർ. ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നത് ജീവനക്കാരെ കൂടാതെ ഓരോ പ്രദേശത്തെയും വഴിയോരക്കച്ചവടക്കാരെയും ഹോട്ടല്‍, റസ്റ്റാറന്റ് നടത്തിപ്പുകാരെയും തൊഴിലാളികള്‍, ഓട്ടോ-ടാക്സി ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരെയും ബാധിച്ചിട്ടുണ്ട്.
ടൂറിസം എംപ്ലോയീസ് യൂനിയന്‍ നിവേദനം നല്കി
കൽപറ്റ: ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതുമൂലം തൊഴില്‍ രഹിതരായ താൽക്കാലിക ജീവനക്കാര്‍ക്ക് മാസം 10,000 രൂപ വീതം വനം വകുപ്പ് നല്കുന്നതിനു നടപടി ആവശ്യപ്പെട്ട് വയനാട് ജില്ല ടൂറിസം എംപ്ലോയീസ് യൂനിയന്‍(സി.ഐ.ടി.യു) മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍, ജില്ല കലക്ടര്‍, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദിവസം രണ്ട് മുതല്‍ നാലു ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്ന ടൂറിസ് കേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയത്. ഈ തുകയില്‍നിന്ന് താൽക്കാലിക ജീവനക്കാരുടെ വേതനം ഒഴികെയുള്ള പണം വനം വകുപ്പിന്റെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്.
ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍നിന്നു ലഭിച്ച കോടിക്കണക്കിനു രൂപ വനം വകുപ്പിന്റെ അക്കൗണ്ടിലുണ്ടായിരിക്കെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതുവരെ മാസം 10,000 രൂപ വീതം താൽക്കാലിക ജീവനക്കാര്‍ക്ക് നല്കാന് വനം വകുപ്പിന് കഴിയും. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രത്തിലെ 44 ദിവസ വേതനക്കാര്‍ക്ക് വനം വകുപ്പ് 10,000 രൂപ വീതം താത്കാലിക സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ സഹായം ടൂറിസം കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുന്നതുവരെ തുടരണമെന്ന് യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലായ സാഹ്യചര്യമാണ്. വാർത്തസമ്മേളനത്തിൽ യൂനിയന്‍ ജില്ല പ്രസിഡന്റ് എം. സെയ്ത്, ജനറല്‍ സെക്രട്ടറി വി.വി. ബേബി, ജില്ല കമ്മിറ്റിയംഗം പി. വിജയന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.