കൽപറ്റയിൽ ആര് കരപറ്റും
text_fieldsകൽപറ്റ: ഇത്തവണ കൽപറ്റയുടെ രാഷ്ട്രീയ മണ്ണിൽ 'വിജയം' വിളവെടുക്കാൻ മുന്നണികൾ കാര്യമായി വിയർപ്പൊഴുക്കണം. പതിവിലും വാശിയേറിയ പോരാട്ടത്തിനാണ് വയനാടിെൻറ ആസ്ഥാനമായ കൽപറ്റ സാക്ഷ്യം വഹിക്കുന്നത്.
ജില്ലയിലെ മൂന്നു നിയമസഭ മണ്ഡലങ്ങളിൽ ആകെയുള്ള ജനറൽ സീറ്റ്. പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമാണെങ്കിലും സാധാരണക്കാരനായി പാർട്ടി പ്രവർത്തനം നടത്തുന്ന സി.കെ. ശശീന്ദ്രനിലൂടെ കഴിഞ്ഞതവണ പിടിച്ചെടുത്ത മണ്ഡലം നിലനിർത്താനുള്ള പോരാട്ടമാണ് ഇടതുമുന്നണി നടത്തുന്നത്. 2016ൽ യു.ഡി.എഫിനായി മത്സരിച്ച് പരാജയപ്പെട്ട എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖിനെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. പ്രാദേശികവാദവും സഭയുടെ ഇടപെടലുകളും സീറ്റ് മോഹികളുടെ എണ്ണവും സ്ഥാനാർഥി പ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയ മണ്ഡലത്തിൽ, ഒടുവിൽ പുറത്തുനിന്നുള്ള സിദ്ദീഖിനെ പോരിനിറക്കാൻ കോൺഗ്രസ് നേതൃത്വം തയാറാവുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായതിനാൽ തിരിച്ചടിയുണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.
ബി.ജെ.പി കല്പറ്റ മണ്ഡലം പ്രസിഡൻറ് ടി.എം. സുഭീഷാണ് എൻ.ഡി.എ സ്ഥാനാർഥി. ഒരു കാലത്ത് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായിരുന്നു കൽപറ്റ. ഇരുമുന്നണികളാലാണെങ്കിലും ജനതാദളിനായിരുന്നു സീറ്റ് ലഭിച്ചിരുന്നത്.
വിദ്യാർഥി യൂനിയൻ പ്രവർത്തന കാലം മുതൽ വയനാടുമായി ഹൃദയബന്ധമുണ്ടെന്നും താൻ അന്യനല്ലെന്നും ടി. സിദ്ദീഖ് പറയുന്നു. പ്രചാരണത്തിൽ ഒരുപടി മുന്നിലാണ് എൽ.ഡി.എഫ്. സർക്കാറിെൻറ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടാകുമെന്നും തുടർഭരണം ഉറപ്പാണെന്നും എം.വി. ശ്രേയാംസ്കുമാർ വിശ്വസിക്കുന്നു. മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ സ്ഥാനാർഥി ടി.എം. സുഭീഷ്.
2016 നിയമസഭ
സി.കെ. ശശീന്ദ്രൻ (സി.പി.എം) 72,959
എം.വി. ശ്രേയാംസ്കുമാർ
(ജെ.ഡി.യു) 59,876
കെ. സദാനന്ദൻ (ബി.ജെ.പി) 12,938
ഭൂരിപക്ഷം 13,083
2019 ലോക്സഭ
യു.ഡി.എഫ് 1,01,229
എൽ.ഡി.എഫ് 37,475
എൻ.ഡി.എ 14,122
ഭൂരിപക്ഷം 63,754
2020 തദ്ദേശം
യു.ഡി.എഫ് 73,086
എൽ.ഡി.എഫ് 68,481
എൻ.ഡി.എ 14,601
ഭൂരിപക്ഷം 4,605
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.