തെരഞ്ഞെടുപ്പ് നാള്‍വഴികളിലൂടെ
text_fieldsകൽപറ്റ: തെരഞ്ഞെടുപ്പിന്റെ ചരിത്രവും മുന്നേറ്റങ്ങളും മാറ്റങ്ങളുമായി ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ വോട്ട് പ്രചാരണം ഊർജിതമായി. വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് അവബോധം നല്‍കുന്നത്. സ്വീപ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് പ്രചാരണം.
തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ കലാലയങ്ങള്‍ കേന്ദ്രീകരിച്ചും വേറിട്ട ബോധവത്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ ചരിത്രം മുതല്‍ ആസന്നമായ തെരഞ്ഞെടുപ്പിന്റെ വിശേഷങ്ങള്‍ ലൈവ് പ്രശ്നോത്തരിയിലൂടെയും അവതരിപ്പിക്കുന്നു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. പി.സി. റോയ് അധ്യക്ഷത വഹിച്ചു. സ്വീപ് നോഡല്‍ ഓഫിസര്‍ പി.യു. സിത്താര മുഖ്യപ്രഭാഷണം നടത്തി. എസ്. രാജേഷ്കുമാര്‍ പ്രതിജ്ഞ ചൊല്ലി. നവകേരള മിഷന് ഡിസ്ട്രിക്ട് കോഓഡിനേറ്റര്‍ സുരേഷ് ബാബു ക്വിസ് മത്സരത്തിന് നേതൃത്വം നല്കി. എന്‍.എം. അബിന്‍, എം.ബി. ബിവില് എന്നിവര്‍ ഒന്നാം സ്ഥാനവും എം. നന്ദന, ദേവിക രമേശ് എന്നിവര്‍ രണ്ടാം സ്ഥാനവും എസ്.എം. മുഹമ്മദ് മുനീര്‍, ഇ. അമല്‍, ജോയല്‍ യോഹന്നാന്, ബഹീജ് അംജദ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
വിദ്യാഭ്യാസ മേഖലക്കുള്ള ബജറ്റ് തുക വർധിപ്പിക്കണം -ആനി രാജ
ലക്കിടി: രാജ്യത്തെ വിദ്യാഭ്യാസ മേഖലക്കുള്ള ബജറ്റ് തുക വർധിപ്പിക്കണമെന്ന് വയനാട് പാര്‍ലമെന്റ് ഇടതുമുന്നണി സ്ഥാനാര്‍ഥി ആനി രാജ പറഞ്ഞു. ലക്കിടി ഓറിയന്റല്‍ കോളജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍. എം.വി. വിജേഷ്, ഉഷ ജ്യോതി ദാസ്, കെ.കെ. തോമസ്, എം.വി. ബാബു, അഷറഫ് തയ്യില്‍, ഷെഫീര്‍ തളിപ്പുഴ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു. വെള്ളിയാഴ്ച കൽപറ്റ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ എട്ടിന് പെരുംകോടയിൽനിന്ന് ആരംഭിക്കുന്ന പര്യടനം രാത്രി ഏഴിന് മുട്ടിൽ പഞ്ചായത്തിൽ സമാപിക്കും.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
മാനന്തവാടി: പൗരത്വ നിയമ കാര്യത്തിൽ കോഴി കോട്ടുവായ് ഇടുന്നതുപോലെയാണ് സർക്കാർ നിലപാടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ സാന്നിധ്യവും യു.ഡി.എഫിന്റെ മുന്നേറ്റവും കണ്ട് പരാജയം ഉറപ്പിച്ചതിനാലാണ് എൽ.ഡി.എഫ് നേതാക്കൾ തെരഞ്ഞെടുപ്പ് എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ അഡ്വ. എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കൺവീനർ പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു. എം.എൽ.എ.മാരായ എ.പി. അനിൽകുമാർ, ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, കെ.സി. ജോസഫ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.