കൊട്ടിക്കയറി കലാശം
text_fieldsകൽപറ്റ/സുൽത്താൻ ബത്തേരി/മാനന്തവാടി/പുൽപള്ളി/പനമരം/മേപ്പാടി: ആഴ്ചകൾ നീണ്ട പരസ്യ പ്രചാരണത്തിന് സമാപനവുമായി ജില്ലയിൽ കൊട്ടിക്കലാശം. വിവിധയിടങ്ങളിൽ ബുധനാഴ്ച വൈകീട്ട് നാലുമുതൽ തുടങ്ങി ആറു മണിക്ക് അവസാനിച്ച പരിപാടി യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർ ആവേശമാക്കി. ശാരീരിക പ്രയാസങ്ങൾ മൂലം രാഹുൽ ഗാന്ധി വയനാട്ടിലേക്കുള്ള അവസാന പ്രചാരണ യാത്ര റദ്ദാക്കിയതോടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ എത്തിയത് പ്രവർത്തകരിൽ ആവേശം ഇരട്ടിപ്പിച്ചു.
‘രാഹുലിനൊപ്പം ഇന്ത്യക്കായി’ എന്ന സന്ദേശമുയര്‍ത്തിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം. യു.ഡി.എഫ് നേതാക്കളായ പി.പി. ആലി, റസാഖ് കൽപറ്റ, സി. മൊയ്തീന്‍കുട്ടി, കേയംതൊടി മുജീബ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കൽപറ്റയില് നടന്ന യു.ഡി.എഫ് കൊട്ടിക്കലാശത്തിന് നേതൃത്വം നൽകി.
കൽപറ്റയിൽ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയലും ഒപ്പമുണ്ടായിരുന്നു. ടി.പി ജയചന്ദ്രൻ, സന്ദീപ് ജി വാര്യർ, സജി ശങ്കർ, കെ. ശ്രീനിവാസൻ, അഖിൽ പ്രേം എന്നിവർ നേതൃത്വം നൽകി. മാനന്തവാടി ഗാന്ധി പാര്‍ക്കിലായിരുന്നു യു.ഡി.എഫിന്റെ കൊട്ടിക്കലാശം നടന്നത്.
പി. കെ. ജയലക്ഷ്മി, എന്‍.കെ. വര്‍ഗീസ്, അസീസ് കോറോം, മൊയ്തു, സി.കെ രത്നവല്ലി, കബീര്‍ മാനന്തവാടി, കേളോത്ത് അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്കി. സുൽത്താൻ ബത്തേരിയില്‍ കെ.കെ വിശ്വനാഥൻ മാസ്റ്റര്‍, ടി. മുഹമ്മദ്, ഡി.പി. രാജശേഖരന്, ഇ.എ ശങ്കരന്, പി.പി. അയൂബ്, ഉമ്മര്‍കുണ്ടാട്ടില്‍ തുടങ്ങിയ നിരവധി നേതാക്കള്‍ നേതൃത്വം നല്കി.
കുടിയേറ്റ മേഖലയായ പുൽപള്ളിയിലും, മുള്ളന്‍കൊല്ലിയിലും യു.ഡി.എഫ് നിരവധി പ്രവർത്തകർ പങ്കെടുത്ത കൊട്ടിക്കലാശം നടത്തി. മേപ്പാടിയിൽ എൽ.ഡി.എഫ് കൊട്ടിക്കലാശത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷംസുദ്ദീൻ പ്രസംഗിച്ചു. കെ.കെ. സഹദ്, ബാലകൃഷ്ണൻ മാനിവയൽ, സി. സഹദേവൻ, വി. യൂസഫ്, കെ.ടി. ബാലകൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
രാജ്യത്തിന്റെ മതേതരത്വത്തിന് കരുത്താവേണ്ട തെരഞ്ഞെടുപ്പ് -ആനി രാജ
മാനന്തവാടി: രാജ്യത്തിന്റെ മതേതരത്വത്തിന് കരുത്ത് പകരണ്ട തെരഞ്ഞെടുപ്പാണ് ലോക്സഭ തെരഞ്ഞെടുപ്പെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ആനിരാജ പറഞ്ഞു. മാനന്തവാടിയില്‍ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവര്‍. മതേതരത്വത്തിന് കരുത്താവാന്‍ ഇടതുപക്ഷ എം.പിമാര്‍ പാര്‍ലമെന്റില്‍ വേണം. ഇടതുപക്ഷ സ്ഥാനാർഥികളെല്ലാം ഏറ്റവും മികച്ച സ്ഥാനാർഥികളാണ്. മതേതരത്വവും മാനവികതയും തകര്‍ത്തെറിയാനാണ് സംഘപരിവാര്‍ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അവര്‍ക്കെതിരെ വലിയ പോരാട്ടം ഉയര്‍ന്ന് വരണം. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മണ്ഡലത്തില്‍ തന്നെയുണ്ടാകും. വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടാകും. മണ്ഡലത്തിലെ സമഗ്രമായ വികസനത്തിന് സഹായകമായ പ്രവൃത്തികള്‍ ഏറ്റെടുക്കും.
ജില്ലയിലെ ആരോഗ്യമേഖലയിലുള്‍പ്പെടെ മാറ്റം ദൃശ്യമാകും. വയനാട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ കൂടുതല്‍ വികസന പ്രവൃത്തികള്‍ നടപ്പിലാക്കുമെന്നും ആനിരാജ പറഞ്ഞു. ഒ.ആര്. കേളു എം.എൽ.എ, പി.കെ. മൂര്‍ത്തി, പി.വി. സഹദേവന്, എ. എന്‍. പ്രഭാകരന് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
മാനന്തവാടിയിൽ ആവേശം, തർക്കം
മാനന്തവാടി: നിയോജക മണ്ഡല ആസ്ഥാനമായ മാനന്തവാടി നഗരത്തിൽ ബുധനാഴ്ച രാവിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തമിഴ്നാട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ റോഡ് ഷോയോടെയാണ് അവസാന ദിനത്തിലെ പ്രചാരണത്തിന്റെ തുടക്കം. പിന്നാലെ എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയുടെ റോഡ് ഷോ നഗരത്തിലൂടെ നീങ്ങി.
ഉച്ചഭാഷിണി വണ്ടികൾ നഗരവീഥികളിൽ തലങ്ങും വിലങ്ങും ഓടി വൈകീട്ട് നാലോടെ ഗാന്ധി പാർക്ക് കേന്ദ്രീകരിച്ചു തുടർന്ന് യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെയും പ്രവർത്തകരുടെ ആവേശത്തോടെയുള്ള മുദ്രാവാക്യം വിളിയും നാസിക് ഡോളുകളുടെ അകമ്പടി കൂടിയായതോടെ പോരാട്ട ചൂട് പാരമ്യത്തിലെത്തി.
എൽ.ഡി.എഫിനും യു.ഡി.എഫിനും മൈസൂർ റോഡിലും എൻ.ഡി.എ മുന്നണിക്ക് പോസ്റ്റാഫിസ് റോഡുമാണ് കൊട്ടി കലാശത്തിനായി അനുവദിച്ചത്. എന്നാൽ, എൻ.ഡി.എ മുന്നണി രാവിലെ റോഡ് ഷോ നടത്തിയതിനാൽ കലാശ കൊട്ടിന് എത്തിയില്ല. ഇടതു മുന്നണി സി.പി.എമ്മിന്റെയും സ്ഥാനാർഥിയുടെ ചിഹ്നമുള്ളതും ഐ.എൻ.എല്ലിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടികൾ വീശി.
പ്രവർത്തകർ ലീഗിന്റെയും കോൺഗ്രസിന്റെയും കൊടികൾ ഉയർത്തി. ഇതിനിടയിൽ കൊടികൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസി. എ. സുനിലിന് നേരിയ പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മാനന്തവാടി ഡിവൈ.എസ്.പി പി. ബിജു രാജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മറ്റിടങ്ങളിൽ പഞ്ചായത്ത് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടി കലാശം.
ബി.ജെ.പി ബോർഡ് മാറ്റുന്നതുമായി തർക്കം
മാനന്തവാടി: തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈക്ക് സ്വാഗതമാശംസിച്ച് മാനന്തവാടി നഗരത്തിൽ റോഡരികുകളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ ബുധനാഴ്ച രാവിലെ 9.30ഓടെ തെരഞ്ഞെടുപ്പ് വിഭാഗം ഫ്ലയിങ് സ്ക്വാഡ് അഴിച്ച് മാറ്റി. 50ഓളം ബോർഡുകൾ വാഹനത്തിലേക്ക് മാറ്റിക്കഴിഞ്ഞിരുന്നു.
ഈ സമയത്ത് സ്ഥലത്തെത്തിയ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ ബോർഡ് അഴിച്ച് മാറ്റിയത് ചോദ്യം ചെയ്യുകയും സ്വാഗതം ആശംസിച്ച് ബോർഡുകൾ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്ന അവകാശ വാദം ഉന്നയിക്കുകയുമായിരുന്നു.
ഇതോടെ പ്രവർത്തകർ വാഹനത്തിൽ കയറ്റിയ ബോർഡുകൾ തിരിച്ചിറക്കി റോഡരികിൽ സ്ഥാപിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് വിഭാഗത്തെ നഗരത്തിൽ തടഞ്ഞു. ബോർഡിൽ സ്ഥാനാർഥിയുടെ ഫോട്ടോയും ചിഹ്നവുമെണ്ടെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
സ്ഥലത്തെത്തിയ എ.ഡി.എം.എം. ദേവകി ബോർഡുകൾ തിരികെ വാഹനത്തിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം ബോർഡ് വാഹനത്തിൽനിന്ന് ഇറക്കി കൊണ്ടുപോവുമ്പോൾ തടയാത്ത ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ യു.ഡി.എഫും എൽഡിഎഫും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിക്കാൻ കൃത്രിമം കാണിച്ചതായി പരാതി
കൽപറ്റ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിക്കാൻ അപേക്ഷയിൽ കൃത്രിമം കാണിച്ചതായി ആരോപണം. കലക്ടറേറ്റിലെ സാക്ഷരത മിഷനിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
കരാറ ടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അപേക്ഷയിൽ ഉയർന്ന ശമ്പള സ്കെയിൽ കാണിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അപേക്ഷിച്ചെന്നാണ് പരാതി. സാധാരണ രീതിയിൽ സ്ഥിരം ജീവനക്കാർക്ക് മാത്രമാണ് ശമ്പള സ്കെയിൽ ഉണ്ടാകുക. കരാർ ജീവനക്കാർക്ക് ഒറ്റ ശമ്പളം മാത്രമാണ് കാണിക്കുക. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ ശമ്പള സ്കെയിൽ കാണിച്ചാണ് അപേക്ഷ നൽകേണ്ടത്.
ശമ്പള വിവരത്തിൽ തിരുത്തൽ വരുത്തി തെരഞ്ഞെടുപ്പ് ഓഫിസറായി നിയോഗിക്കാൻ ഓഫിസ് സംവിധാനം ദുരുപയോഗം ചെയ്ത് ഇലക്ഷൻ വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് അപേക്ഷ നൽകിയെന്നാണ് വിവരം. കലക്ടറേറ്റിലെ ഒരു സെക്ഷനിൽ തന്നെയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.