കുറിച്യാട്ടുകാര്‍ക്ക് വോട്ട് ചെയ്യാന്‍ കാടിറങ്ങേണ്ട
text_fieldsകൽപറ്റ: വോട്ട് ചെയ്യാന്‍ കുറിച്യാട്ടുകാര്‍ക്ക് ഇത്തവണ കാടിറങ്ങേണ്ട. കാടിനുള്ളിലെ ഏക സര്‍ക്കാര്‍ സ്ഥാപനമായ ഏകാധ്യാപക വിദ്യാലയത്തില്‍ ഇവര്‍ക്കും വോട്ടുചെയ്യാം. വോട്ടിങ് യന്ത്രങ്ങളും സന്നാഹങ്ങളുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനായി കാടിനുള്ളിലെ ഗ്രാമത്തിലെത്തും. 34 കുടുംബങ്ങളിലായി 74 പേര്‍ക്കാണ് ഇത്തവണ ഇവിടെ വോട്ടവകാശമുളളത്.
സര്‍ക്കാറിന്റെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട കാട്ടുനായ്ക്ക കുടുംബങ്ങള്‍ അധിവസിക്കുന്ന കുറിച്യാട് വനഗ്രാമത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഒരുക്കങ്ങളും തുടങ്ങി. ചെതലയം ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട ഈ വനഗ്രാമത്തില്‍ പുനരധിവാസ പദ്ധതിയില്‍ കാടിറങ്ങാന്‍ തയാറാകാതിരുന്ന ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്.
കി.മീറ്ററുകളോളം വന്യജീവികള്‍ വിഹരിക്കുന്ന കാട്ടുപാതകള്‍ താണ്ടി വേണം ഇവര്‍ക്ക് കാടിന് പുറത്തെത്താന്‍. കര്‍ഷകരായ ചെട്ടി സമുദായങ്ങളും കാട്ടുനായ്ക്ക കുടുംബങ്ങളുമാണ് കുറിച്യാട് ഗ്രാമത്തിലെ അന്തേവാസികള്‍. പകുതിയോളം കുടുംബങ്ങള്‍ പുനരധിവാസ പദ്ധതിയില്‍ കാടിന് പുറത്തേക്ക് ജീവിതം പറിച്ചുനട്ടു. ശേഷിക്കുന്ന കുടുംബങ്ങൾക്കായി വോട്ട് ചെയ്യാനുള്ള സൗകര്യം കാട്ടിനുള്ളില്‍ ഒരുക്കും. ജീവനക്കാര്‍, സുരക്ഷ ഉദ്യോഗസ്ഥര്‍, സൗരോര്‍ജ വൈദ്യുതി സംവിധാനം എന്നിങ്ങനെയെല്ലാം ഒരുക്കി കാടിനുള്ളിലെ പോളിങ് ബൂത്തിനെ സജ്ജമാക്കും.
പോളിങ് ബൂത്തുകളുടെ ക്രമീകരണം വിലയിരുത്താന്‍ ജില്ല വരണാധികാരികൂടിയായ കലക്ടര്‍ ഡോ. രേണുരാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കാടിനുള്ളിലെ കുറിച്യാടെത്തി. ആശയ വിനിമയ ബന്ധം കുറഞ്ഞ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ 83 ാം നമ്പര്‍ ബൂത്തായ കുറിച്യാട് പോളിങ് സ്റ്റേഷനില്‍ ബദല്‍ സംവിധാനങ്ങൾ ഒരുക്കും.
ആദിവാസി വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുളള പോളിങ് ബൂത്ത് എന്ന നിലയില്‍ കുറിച്യാട് പോളിങ് ബൂത്തും ശ്രദ്ധേയമാകും. ജില്ലയിൽ വോട്ടെടുപ്പ് തുടങ്ങി നേരത്തെ തന്നെ പോളിങ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ബൂത്തുകളിലൊന്നായും കുറിച്യാട് മാറും. കലക്ടര്‍ക്കൊപ്പം സുല്‍ത്താന്‍ ബത്തേരി എ.ആര്.ഒ അനിതകുമാരി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എന്‍.എം. മെഹറലി, സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍ ജ്യോതി ലക്ഷ്മി, വില്ലേജ് ഓഫിസര്‍ ജാന്‍സി ജോസ് എന്നിവരും കുറിച്യാടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.