മികവിന്റെ കേന്ദ്രത്തിന് വില്ലനായി വൈദ്യുതി
text_fieldsകൽപറ്റ: അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ മാസങ്ങൾക്കുമുമ്പ് തുടങ്ങിയ മികവിന്റെ കേന്ദ്രത്തിൽ വൈദ്യുതിബന്ധം സ്ഥിരമാക്കാത്തത് പച്ചക്കറി-പുഷ്പ കൃഷി വിപുലപ്പെടുത്താൻ തടസ്സമാവുന്നു.
മാസങ്ങൾക്കുമുമ്പ് ഹൈടെക്കായി തുടങ്ങിയ കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നത് താൽക്കാലികമായി എടുത്ത വൈദ്യുതി ഉപയോഗിച്ചാണ്.
കേന്ദ്രത്തിൽ വൈദ്യുതി സ്ഥാപിക്കാൻ തുടക്കത്തിൽ ഒമ്പതു ലക്ഷം രൂപയാണ് കോഷൻഡെപ്പോസിറ്റായി കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. സർക്കാർ സ്ഥാപനമാണെന്നും ഗവേഷണ സർവകലാശാലയാണെന്നും അറിയിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ നിരന്തര ഇടപെടലുകൾക്ക് ശേഷം അഞ്ചു ലക്ഷം രൂപയാക്കി കുറച്ചു.
കെ.എസ്.ഇ.ബി തുക കുറച്ചെങ്കിലും ഈ അഞ്ചു ലക്ഷം ആര് അടക്കുമെന്ന ആശയകുഴപ്പമുണ്ടായി.
സർക്കാർ മികവിന്റെ കേന്ദ്രത്തെ സർവകലാശാലക്ക് കൈമാറാൻ തീരുമാനിച്ചതുകൊണ്ട് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷൻ പണം അടക്കാൻ തയാറായില്ല. പിന്നീടു നടന്ന ചർച്ചകൾക്കുശേഷം സർവകലാശാല ഫണ്ടിൽനിന്ന് പണം മുടക്കാൻ തീരുമാനിച്ചു. അതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. അടുത്ത ആഴ്ചയോടെ വൈദ്യുതി ബന്ധം സ്ഥിരപ്പെടുത്തുമെന്നും അതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുമെന്നും മികവിന്റെ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. ശ്രീറാം പറഞ്ഞു. വൈദ്യുതി പ്രശ്നം പരിഹരിച്ചാൽ പുതിയ തൈകൾ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചെണ്ടുമല്ലി, വെള്ളരി, ജർബറ തൈകളാണ് പോളിഹൗസിൽ വളർത്തുന്നതും പരിചരിക്കുന്നതും. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള മിഷന് ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടി കള്‍ച്ചര്‍ പദ്ധതിയുടെയും കേരള സര്‍ക്കാറിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയുടേയും സാമ്പത്തിക സഹായത്തോടെയാണ് കേന്ദ്രം സജ്ജമാക്കിയത്. ആകെ 13 കോടി രൂപയാണ് ചെലവ്.
ഹ്രസ്വകാല പച്ചക്കറി-പുഷ്പകൃഷിയിലെ ഹൈടെക് കൃഷി പ്രദര്‍ശനകേന്ദ്രം, സങ്കരയിനം വിത്തുൽപാദനം, വിളകളുടെ തൈ ഉൽപാദനം, സംസ്കരണ വിപണന കേന്ദ്രം, പരിശീലനം, ഹോര്‍ട്ടികള്‍ച്ചര്‍ ടൂറിസം മെച്ചപ്പെടുത്തല്‍ തുടങ്ങിയവയാണ് കേന്ദ്രത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ഇതിന്റെ ഭാഗമായി കോമണ്‍ ഫെസിലിറ്റി സെന്റര്‍, ഡെച്ച് പോളീഹൗസുകള്‍, ഇന്ത്യന്‍ പോളീഹൗസുകള്‍, തൈ ഉൽപാദന യൂനിറ്റ്, ഫെര്ട്ടിഗേഷന് യൂനിറ്റ്, സംസ്കരണകേന്ദ്രം, ഷേഡ് നെറ്റ് ഹൗസ്, ലേലം കേന്ദ്രം, പരിശീലനകേന്ദ്രം എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് കീഴിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നെതര്‍ലാന്‍ഡ് സര്‍ക്കാറിന്റെ സാങ്കേതിക സഹായവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.