എൻ ഊര്: സി.ഇ.ഒ തസ്തികയിൽ ആദിവാസി വിഭാഗക്കാരെ നിയമിക്കണമെന്ന് ആവശ്യം
text_fieldsകൽപറ്റ: വയനാട്ടിലെ ഗോത്ര വർഗ യുവതീ-യുവാക്കൾക്ക് തൊഴിലിനും സംരംഭങ്ങൾ വികസിപ്പിക്കുന്നതിനും രൂപവത്കൃതമായ എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിൽ സി.ഇ.ഒ തസ്തികയിൽ ആദിവാസി വിഭാഗക്കാരെ നിയമിക്കണമെന്ന ആവശ്യവുമായി ആദിവാസി സംഘടനകൾ രംഗത്ത്.
കരാർ കാലാവധി കഴിഞ്ഞ മുന്നാക്ക സമുദായത്തിൽപ്പെട്ട താൽക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആദിവാസി ഗോത്രമഹാസഭയുടെയും ആദിശക്തി സമ്മര് സ്കൂളിന്റെയും സംയുക്തയോഗം ആവശ്യപ്പെട്ടു.
ഒരു വർഷ കരാർ കാലാവധിയിൽ നിയമിക്കപ്പെട്ട നിലവിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ (സി.ഇ.ഒ) ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാൽ മുൻ സബ് കലക്ടർ അഡീഷനൽ സി.ഇ.ഒ തസ്തികയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഈ ഉദ്യോഗസ്ഥനെ സ്ഥിരം തസ്തികയിൽ നിയമിക്കാനുള്ള ഉദ്യോഗസ്ഥ നീക്കം എൻ ഊര് സൊസൈറ്റി ബൈലോക്ക് വിരുദ്ധമാണെന്നും കടുത്ത ആദിവാസി വഞ്ചനയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ഗോത്രപൈതൃക ഗ്രാമത്തിൽ സ്ഥാപനമേധാവിയായിരുന്ന അഡീഷനൽ സി.ഇ.ഒ ഏപ്രിൽ 14ന് കാലാവധി കഴിഞ്ഞിട്ടും ജോലിയിൽ തുടരുകയും സ്ഥാപനത്തിന്റെ ഓഫിസും വാഹനവും വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഉപയോഗിക്കുന്നതായും ഇവർ ആരോപിച്ചു.
ഒരു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം നടത്തിയിരുന്നത്. 11 വർഷമായി സബ് കലക്ടർ ഓഫിസിൽ ഒരു തവണ മാത്രമാണ് അഡീഷനൽ സി.ഇ.ഒ പോസ്റ്റിൽ നോട്ടിഫിക്കേഷൻ ഉദ്യോഗസ്ഥർ വിളിച്ചിട്ടുള്ളൂ. ആ സമയത്ത് ട്രൈബൽ വിഭാഗത്തിൽ എം.ബി.എ യോഗ്യത ഇല്ലാത്തതിനാലാണ് താൽകാലിക ജോലിക്കാരനായി മുൻ സി.ഇ.ഒ ജോലിയിൽ പ്രവേശിച്ചത്.
നിലവിൽ എം.ബി.എ ബിരുദമുള്ള ഗോത്രവിഭാഗത്തിലെ നിരവധി തൊഴിൽരഹിതരായ ചെറുപ്പക്കാർ ജില്ലയിലുണ്ടെന്നിരിക്കെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാതെ കരാർ പുതുക്കി നൽകിക്കൊണ്ടിരിക്കുന്നത് ആദിവാസികളോടുള്ള കടുത്ത അനീതിയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഏപ്രിൽ 14ന് കാലാവധി കഴിഞ്ഞിട്ടും പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാൻ സബ് കലക്ടർ തയാറായിട്ടില്ല.
നൂറു ശതമാനം ഗോത്രവിഭാഗം ജോലിക്കാർ വേണ്ട സ്ഥലത്താണ് ജനറൽ വിഭാഗത്തിലെ ഒരാൾ സ്ഥാപനമേധാവിയായി 11 വർഷക്കാലം തുടരുന്നത്. ഇത് ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമാണ്.
ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ ഊരിൽ മുഴുവൻ നിയമനങ്ങളും ബൈലോ പ്രകാരം ആദിവാസികൾക്ക് ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം നിയമനടപടികളും പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടുപോകേണ്ടി വരുമെന്നും യോഗം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.