'എന്നൂര്' തുറക്കുന്നു, ഏപ്രിൽ പാതിയോടെ; 25 ഏക്കറിൽ പത്തുകോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്
text_fieldsകൽപറ്റ: ആദിവാസി ഉന്നമന പദ്ധതിയായ പൂക്കോട് 'എന്നൂര്' ഗോത്ര പൈതൃക പദ്ധതി ഏപ്രിൽ രണ്ടാം വാരത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ. പൂക്കോട് വെറ്ററിനറി സർവകലാശാലക്കരികെയുള്ള കുന്നിൻമുകളിൽ 'എന്നൂര്' പൈതൃക ഗോത്ര ഗ്രാമത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 25 ഏക്കറിൽ പത്തുകോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. ടൂറിസം, പട്ടിക വർഗ ക്ഷേമവകുപ്പ് എന്നിവ സംയുക്തമായാണ് 'എന്നൂര്' ഒരുക്കിയിട്ടുള്ളത്. 2012ൽ സബ് കലക്ടറായിരുന്ന എൻ. പ്രശാന്താണ് പദ്ധതിക്ക് തുടക്കകാലത്ത് മുൻപന്തിയിലുണ്ടായിരുന്നത്. തുടക്കത്തിൽ മൂന്നു കോടി രൂപയാണ് വകയിരുത്തിയത്. സാങ്കേതിക കാരണങ്ങളാൽ നിർമാണം തുടങ്ങിയത് 2016ലാണ്. ശീറാം സാംബശിവറാവു സബ് കലക്ടറായിരുന്ന വേളയിലാണ് നിർമാണത്തിന് ആക്കം കൂടിയത്. 2016ൽ നിർമാണം നിർമിതി കേന്ദ്രക്ക് കൈമാറി. 2018ൽ ആദ്യ ഘട്ടം പൂർത്തിയായി.
ആദ്യഘട്ടത്തിൽ ട്രൈബൽ മാർക്കറ്റ്, ഗോത്ര ഭക്ഷണശാല, ഫെസിലിറ്റേഷൻ സെന്റർ, വെയർ ഹൗസ് എന്നിവയുടെ നിർമാണമാണ് പൂർത്തിയാക്കിയത്. ഗോത്ര കുടിലുകൾ, ടോയ്‍ലറ്റ് േബ്ലാക്ക്, ആർട്ട് മ്യൂസിയം, ആംഫി തിയറ്റർ, കലാകേന്ദ്രങ്ങൾ, വർക്ക് ഷോപ്പുകൾ, ഗോത്ര മരുന്നുകൾ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന ഷോപ്പ്, കുട്ടികൾക്കായുള്ള പ്രകൃതിദത്തമായ പാരമ്പര്യ കളിസങ്കേതങ്ങളുൾപ്പെടെയുള്ള പാർക്ക് തുടങ്ങിയവ ഉൾപ്പെട്ടതാണ് രണ്ടാംഘട്ടമെന്ന് വയനാട് നിർമിതി കേന്ദ്രയുടെ പ്രോജക്ട് മാനേജർ ഒ.കെ. സജീത് പറഞ്ഞു. ഒരു കോടി രൂപ ചെലവിൽ പദ്ധതി പ്രദേശത്തേക്ക് ദേശീയപാതയിൽനിന്ന് ഒരു കിലോമീറ്റർ ദൂരം റോഡ് കോൺക്രീറ്റ് ചെയ്യുകയും നടപ്പാതയിൽ കല്ല് വിരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ല കലക്ടർ എ. ഗീതയും സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയും പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ഈയിടെ എത്തിയിരുന്നു.
50 പേർക്ക് നേരിട്ടും 500 പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ 'എന്നൂര്' വഴി സാധിക്കുമെന്ന് പദ്ധതി സെക്രട്ടറി പി. ബാലകൃഷ്ണൻ പറയുന്നു. ഏപ്രിൽ രണ്ടാം വാരത്തോടെ പണി പൂർത്തീകരിച്ച് തുറന്നുകൊടുക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ഗോത്ര സമൂഹങ്ങളുടെ ജീവിതശൈലിയും സംസ്കാരവും കലകളും ആവിഷ്കാരങ്ങളും പ്രതിഫലിപ്പിക്കുന്ന 'എന്നൂരി'ൽ പ്രത്യേകമായി നിർമിക്കുന്ന ട്രെയിനിങ് സെന്ററിൽ ആദിവാസി വിഭാഗക്കാർക്ക് ആരോഗ്യ, വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത പ്രഫഷനൽ പരിശീലനങ്ങളും നൽകാനാണ് പദ്ധതി. ആദിവാസികളുടെ കാർഷികവും അല്ലാത്തതുമായ എല്ലാ ഉൽപന്നങ്ങൾക്കും വിദേശത്തടക്കം വിപണി കണ്ടെത്താനും പദ്ധതിയുണ്ട്. പദ്ധതിയുടെ പ്രവർത്തനം തുടങ്ങാനിരിക്കെ വനംവകുപ്പ് ഇടപെട്ടതിനെ തുടർന്ന് മുന്നോട്ടുള്ള പ്രയാണം അനിശ്ചിതത്വത്തിലായിരുന്നു.
എന്നൂര് പദ്ധതി തുടങ്ങിയ പ്രദേശം വനം വകുപ്പിന്റെ അധീനതയിലെ നിക്ഷിപ്ത വനഭൂമിയിൽപെട്ടതാണെന്ന വാദമുന്നയിച്ച് അധികൃതർക്ക് വനംവകുപ്പ് നോട്ടീസ് നൽകി. ഏതാണ്ട് പൂർണതയിലെത്തിയ പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.