യുവതയുടെ കേരളം; എന്റെ കേരളം മെഗാ പ്രദര്‍ശന മേള ഇന്ന് തുടങ്ങും
text_fieldsകൽപറ്റ: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള തിങ്കളാഴ്ച തുടങ്ങും. കല്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ മൈതാനത്ത് ഏപ്രില്‍ 30 വരെ നടക്കുന്ന മേള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല ജില്ല കലക്ടര്‍ ഡോ. രേണുരാജ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പത്മശ്രീ അവാര്‍ഡ് ജേതാവായ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിക്കും. എം.എല്‍.എ മാരായ ഒ.ആര്. കേളു, ഐ.സി. ബാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, സംഘാടകസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സാങ്കേതികമായി ഉയര്‍ന്ന നിലവാരത്തില്‍ തയാറാക്കിയ ശീതീകരിച്ച ജർമന്‍ പവലിയനിലാണ് മേള നടക്കുക. എക്സിബിഷന് സ്റ്റാളുകളുടെ ഉദ്ഘാടനവും തിങ്കളാഴ്ച വൈകീട്ട് 4.30 ന് നടക്കും. കേരളം കൈവരിച്ച സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍, സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം എന്റെ കേരളം മെഗാ പ്രദര്‍ശനമേളയില്‍ അടുത്തറിയാം.
യുവതയുടെ കേരളം കേരളം ഒന്നാമത് എന്നതാണ് ഇത്തവണത്തെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രധാന ആശയം. സാങ്കേതികമായി നവ കേരളത്തിന്റെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ടെക്നോ സോണ്‍ അടക്കം മേളയില്‍ പ്രത്യേകമായി സജ്ജീകരിക്കുന്നുണ്ട്.
ഏറ്റവും മികച്ച സ്റ്റാള്‍, ഏറ്റവും മികച്ച ഭക്ഷ്യ സ്റ്റാള്‍ എന്നിങ്ങനെ അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ.ഡി.എം. എന്‍.ഐ. ഷാജു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, എന്റെ കേരളം സംസ്ഥാന കോഓഡിനേറ്റർ കെ.ജി. ജയപ്രകാശ്, ഡെപ്യൂട്ടി കലക്ടര്‍ കെ. ഗോപിനാഥ്, പി. റഷീദ് ബാബു, ലിസിയാമ്മ സാമുവല്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ആകര്‍ഷകമായ 202 സ്റ്റാളുകള്‍
പ്രദര്‍ശന വിപണനമേളയില്‍ 202 സ്റ്റാളുകളാണുളളത്. വ്യവസായ വകുപ്പിന്റെ മാത്രം 111 സ്റ്റാളുകള്‍ മേളയുടെ ആകര്‍ഷകമാകും. വ്യവസായ വകുപ്പിന്റെ ജില്ലയിലെ സൂഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെയും വിവിധ യൂനിറ്റുകളുടെയും സ്റ്റാളുകളാണ് തയ്യാറാക്കുന്നത്. വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ടാകും. ബി.ടു.ബി (ബിസിനസ് ടു ബിസിനസ്) ഏരിയയും മേളയുടെ ഇത്തവണത്തെ പ്രത്യേകതയാണ്.
500 ഓളം സംരംഭകരുടെ ഉൽപന്നങ്ങള് 111 കോമേഴ്സ്യല്‍ സ്റ്റാളുകളിലായി പ്രദര്‍ശന വിപണന മേളയിലുണ്ടാകും. വ്യവസായ വാണിജ്യ വകുപ്പിന്റെ 200 സംരംഭകരുടെ ഉൽപന്നങ്ങള് 85 സ്റ്റാളുകളിലുണ്ടാകും. എന്‍ ഊരിന്റെ 15 കലകാരന്മാര് അഞ്ച് സ്റ്റാളുകളിലും 300 ഓളം കുടുംബശ്രീകള്‍ 16 സ്റ്റാളുകളിലും അണിനിരക്കും.
വയനാട് മില്‍മയും പട്ടികവര്‍ഗ വികസന വകുപ്പ്, ഖാദി ആൻഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, വയനാട് പാലിയേറ്റീവ് കെയര്‍ തുടങ്ങിയവരും മേളയിലുണ്ട്. ജില്ലക്ക് പുറത്തുനിന്ന് കയര്‍ വികസന വകുപ്പിന്റെയും പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ് തൃശ്ശൂരില്‍ നിന്നുള്ള പൈലറ്റ് സ്മിത്ത് മുബൈയില്‍നിന്നുള്ള മെഷിനറി യൂനിറ്റുകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ടെക്നോ ഏരിയകള്‍
കോളജ് വിദ്യാർഥികള്‍ ഒരുക്കുന്ന പഴയ മാരുതി ടൂവീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ പരിവര്‍ത്തനം നടത്തിയ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍, ജലം ഇന്ധനമാക്കിയ ജനറേറ്ററും നൂതന ആശയങ്ങള്‍ക്കൊപ്പം മേളയുടെ വിസ്മയ കാഴ്ചകളാകും. ചിത്ര രചനയും പാരമ്പര്യ ആയുര്‍വേദ വിഭാഗത്തിന്റെ പ്രത്യേക ട്രീറ്റ്മെന്റും മേളക്ക് മാറ്റ് ഒരുക്കുന്നു.
ജില്ലയിലെ കാര്‍ഷിക ഉൽപന്നങ്ങള്, സുഗന്ധവ്യഞ്ജനങ്ങള്‍, പാഷന് ഫ്രൂട്ടിലും കാന്താരിയിലും തീര്‍ത്ത രുചിയേറിയ ഐസ്ക്രീമുകള്‍, മത്സ്യ മാംസം വിഭവങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശന വിപണനത്തിനായി മേളയിലുണ്ടാവുക. ലൈവ് ഡെമോ ഏരിയകളും ഉണ്ടായിരിക്കും. ഇതിന് പുറമെ വിവിധ വകുപ്പുകളുടെ 91 സ്റ്റാളുകളും എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ മാറ്റുകൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.