ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശന ഫീസ് വർധിപ്പിക്കുന്നു
text_fieldsകൽപറ്റ: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവേശന ഫീസ് വര്‍ധിപ്പിക്കാൻ ഒരുങ്ങി വനം വകുപ്പ്. ഹൈകോടതിയില്‍ നല്കിയ അഫിഡവിറ്റിൽ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നതിന് പുറമെ ഫീസ് വര്‍ധിപ്പിച്ചും അധിക സഞ്ചാരികളെ തടയാമെന്ന നിർദേശം വനം വകുപ്പ് മുന്നോട്ടുവെച്ചിരുന്നു. ഇതു പ്രകാരം ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുമ്പോള്‍ പ്രവേശന ഫീസ് ഇരട്ടിയോളം വര്‍ധിപ്പിക്കാനാണ് നീക്കം.
കാട്ടാനയുടെ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൈകോടതി സ്വമേധയാ എടുത്ത കേസിനെ തുടര്‍ന്നാണ് എട്ടുമാസം മുമ്പ് ജില്ലയിലെ ഇക്കോ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്. ഇവ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഹൈകോടതി ജൂണ്‍ മാസത്തിലാണ് സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടത്. ഇതുപ്രകാരം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നല്കിയ അഫിഡവിറ്റില്‍ ജില്ലയിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനുകളിലും പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളുടെ വിശദവിവരവും സഞ്ചാരികളെ കുറക്കാനുള്ള മാർഗവുമാണ് നിര്‍ദേശിച്ചത്.
സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ കുറവ് വരുത്താമെന്നും പ്രവേശന ഫീസില്‍ 50 ശതമാനം വര്‍ധന വരുത്തി സഞ്ചാരികളെ നിയന്ത്രിക്കാമെന്നുമാണ് നിർദേശിച്ചിട്ടുള്ളത്. ഇത് അംഗീകരിച്ച കോടതി സഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനം കുറവ് വരുത്തുകയും വനസംരക്ഷണ സമിതിയുടെ നടത്തിപ്പിന് ആവശ്യമായ ഫീസ് ഈടാക്കാനുള്ള അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം കുറുവാ ദ്വീപിലേക്ക് രണ്ടു ഭാഗത്തുനിന്നുമായുള്ള പ്രവേശനം 1150ല്‍നിന്ന് 15 ശതമാനം കുറച്ച് 978 പേരാക്കി ചുരുക്കാനും ഫീസ് 110 രൂപയില്‍നിന്ന് 200 രൂപയായി ഉയര്‍ത്താനുമാണ് വനം വകുപ്പ് നിർദേശം. സൂചിപ്പാറയിലേക്കുള്ള പ്രവേശനത്തിന് 65 രൂപയില്‍നിന്ന് 100 രൂപയിലേക്കും വര്‍ധിപ്പിക്കാമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഫീസ് വര്‍ധിപ്പിക്കുന്നത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെക്കുള്ള സഞ്ചാരികളുടെ വരവ് കുറയാനും അത് കാരണം ടൂറിസം മേഖല ഉപജീവനമാക്കിയവര്‍ക്ക് തിരിച്ചടിയാവുമെന്നും ആരോപണമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.