അതിദാരിദ്ര്യ നിര്‍മാര്‍ജനം; അടിയന്തര സേവനങ്ങള്‍ 31നകം നൽകണം
text_fieldsകൽപറ്റ: അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ അടിയന്തര സേവനങ്ങള്‍ ഡിസംബര്‍ 31നകം ലഭ്യമാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ല ആസൂത്രണ സമിതി നിര്‍ദേശം നല്കി.
ജില്ല ആസൂത്രണ ഭവന് എ.പി.ജെ ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍മാനുമായ സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. നിലവില്‍ 2931 കുടുംബങ്ങളില്‍ നിന്നായി 4533 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുളളത്.
ഇവരില്‍ 393 പേര്‍ക്കാണ് അവശ്യ രേഖകള്‍ ലഭ്യമാകാനുളളത്. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന എ.ബി.സി.ഡി ക്യാമ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ പരമാവധി പേര്‍ക്ക് രേഖകള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു.
ദാരിദ്ര്യ ലഘൂകരണത്തിന് മാര്‍ഗരേഖ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതികള്‍ ഏറ്റെടുക്കാമെന്ന് ആസൂത്രണ സമിതി യോഗം അറിയിച്ചു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അധിക വിഭവ സമാഹരണവും നടത്താവുന്നതാണ്. ദാരിദ്ര ലഘൂകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ക്ക് 2023-24 കാലയളവില്‍ നടപ്പിലാക്കാവുന്ന പദ്ധതികള്‍ സംബന്ധിച്ച് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി .മജീദ് യോഗത്തില്‍ വിശദീകരിച്ചു.
2016-17 മുതല്‍ അനുവദിച്ച പട്ടികവര്‍ഗക്കാരുടെ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശം നല്കി. നോളജ് ഇക്കണോമി മിഷന്റെ 'തൊഴിലരങ്ങത്തേക്ക്' പ്രത്യേക തൊഴില്‍ പദ്ധതി സംബന്ധിച്ച് കേരള നോളജ് ഇക്കണോമി മിഷന് ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല വിഷയാവതരണം നടത്തി.
അറുപത് ദിവസം കൊണ്ട് ആയിരം സ്ത്രീകള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് 'തൊഴിലരങ്ങത്തേക്ക്'. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
2023-24 വാര്‍ഷിക പദ്ധതി അവലോകനം, വാര്‍ഷിക പദ്ധതിയിലെ സംയുക്ത,സംയോജിത നൂതന പദ്ധതികളുടെ അവതരണം എന്നിവയും നടന്നു. ജില്ല കലക്ടര്‍ എ. ഗീത, ജില്ല പ്ലാനിങ് ഓഫീസര്‍ ആര്. മണിലാല്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ല കലക്ടറെ ആദരിച്ചു
കൽപറ്റ: കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷന്‍ ജില്ല പദ്ധതിയില്‍ ദേശീയതലത്തില്‍ വയനാടിനെ ഒന്നാമതെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജില്ല കലക്ടര്‍ എ. ഗീതയെ ജില്ല ആസൂത്രണ സമിതി ആദരിച്ചു. എ.പി.ജെ ഹാളില്‍ നടന്ന ജില്ല ആസൂത്രണ സമിതി യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ല കലക്ടര്‍ക്ക് ഉപഹാരം കൈമാറി.
ജില്ല പ്ലാനിങ് ഓഫിസര്‍ ആര്. മണിലാല്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചാമ്പ്യന്‍സ് ഓഫ് ചെയ്ഞ്ച് ഡാഷ് ബോര്‍ഡ് പ്രകാരം 2022 ഒക്ടോബര്‍ മാസത്തിലെ ഓവറോള്‍ ഡെല്‍റ്റ റാങ്കിങില്‍ 60.1 സ്കോര്‍ നേടിയാണ് വയനാട് ഒന്നാം റാങ്ക് നേടിയത്. ആരോഗ്യം- പോഷകാഹാരം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍- നൈപുണിക വികസനം എന്നീ മേഖലകളില്‍ രണ്ടാം സ്ഥാനവും ഒക്ടോബറില്‍ ജില്ല നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.