നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും മൈലാടി കോളനി ഇരുട്ടിൽ
text_fieldsകൽപറ്റ: വീടുകളുടെ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാതെ മൈലാടി കോളനിക്കാർ ഇരുട്ടിൽ. നഗരസഭയിൽ ഏറ്റവും കൂടുതൽ പണിയ വിഭാഗങ്ങൾ താമസിക്കുന്ന കോളനിയാണ് വെളിച്ചമില്ലാതെ ദുരിതം പേറുന്നത്.
കൽപറ്റ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിൽ ഉൾപ്പെട്ട മൈലാടി കോളനിയിൽ ഇരുപത്തിമൂന്നോളം പണിയ കുടുംബങ്ങളാണ് താമസിക്കുന്നത്. പതിറ്റാണ്ടുകാലം വികസനം എത്താതെ അതീവ ശോച്യാവസ്ഥയിലായ മൈലാടി കോളനിയിലെ വീടുകളുടെ ദുരവസ്ഥ കണക്കിലെടുത്ത് മുൻ കൽപറ്റ നിയോജക മണ്ഡലം എം.എൽ.എ സി.കെ. ശശീന്ദ്രൻ ഒരു കോടിയോളം രൂപയുടെ പദ്ധതിയിലുൾപ്പെടുത്തി 11 വീടുകളുടെ നിർമാണം ആരംഭിക്കുന്നത്.
ഇതോടൊപ്പം ബാക്കി കുടുംബങ്ങളെ മറ്റു സ്ഥലം കണ്ടത്തി പുനരധിവാസിപ്പിക്കുന്നതിനുമുള്ള പദ്ധതിയും ആരംഭിക്കുകയായിരുന്നു. 2019 തുടങ്ങിയ നിർമാണം 2022 ഡിസംബർ മാസത്തിലാണ് പൂർത്തിയായത്. നിർമാണ സമയത്ത് കോളനിയിലെ വീടുകൾ പൊളിച്ചപ്പോൾ ആദിവാസി കുടുംബങ്ങളെ സമീപത്തെ വയലിൽ താൽക്കാലിക കുടിലുകളിലാണ് താമസിപ്പിച്ചിരുന്നത്.
നിർമാണം പൂർത്തിയായതോടെ പുതിയ വീടുകളിലേക്ക് കുടുംബാംഗങ്ങൾ മാറിയെങ്കിലും ആർക്കും വൈദ്യുതി കണക്ഷൻ ലഭിച്ചില്ല. നിലവിൽ പുതിയ വീടുകളിൽ വയറിങ് ചെയ്തിട്ടും മുമ്പ് പഴയ വീടുകളിലുണ്ടായിരുന്ന ഉണ്ടായിരുന്ന വൈദ്യുതി കണക്ഷൻ പോലും നൽകാൻ വൈദ്യുതി വകുപ്പ് തയാറായിട്ടില്ല. മെഴുകുതിരി വെളിച്ചത്തിലാണ് കുട്ടികൾ പഠിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ കോളനിയിൽ വീട്ടിൽ രാത്രിയിൽ കത്തിച്ച വിളക്കുമറിഞ്ഞ് മൂന്നു വയസുകാരന് ഗുരുതര പൊള്ളലേറ്റിരുന്നു. വിദ്യാർഥികളുടെ പഠനവും അപകട സാധ്യതയും കണക്കിലെടുത്ത് കണക്ഷൻ നൽകാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വികരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.