കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ സായാഹ്ന ഒ.പി തുടങ്ങുന്നു
text_fieldsകല്പറ്റ: കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ സായാഹ്ന ഒ.പി തുടങ്ങാന്‍ നഗരസഭ തീരുമാനിച്ചു. രോഗികളുടെ ബാഹുല്യവും അത്യാഹിത വിഭാഗത്തിലെ തിരക്കും പരിഗണിച്ചാണ് ഒ.പി സൗകര്യം വിപുലീകരിക്കാന്‍ തീരുമാനിച്ചത്.
രോഗികളുടെ രാവിലെയുള്ള തിരക്കൊഴിവാക്കാൻ ഉച്ചക്ക് ശേഷവും ഡോക്ടറുടെ സേവനവും മറ്റ് സൗകര്യങ്ങളും രോഗികള്‍ക്ക് ഉറപ്പാക്കുകയും ചെയ്യും. ഇതോടെ വൈകുന്നേരങ്ങളിലും ജനങ്ങള്‍ക്ക് മതിയായ ചികിത്സ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിലവില്‍ രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെയാണ് ജനറല്‍ ഒ.പി പ്രവര്‍ത്തിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സേവനം പൂർണസമയവും ലഭിക്കുന്നുണ്ട്. 1,300 ഓളം പേരാണ് ഒരു ദിവസം കൈനാട്ടി ആശുത്രിയില്‍ രോഗികളായെത്തുന്നത്. ജനറല്‍ ഒ.പിയില്‍ ഡോക്ടറുടെ സേവനം ഉച്ചവരെയുള്ളത് കാരണം വലിയ തിരക്കാണ് നിലവില്‍ അനുഭവപ്പെടാറുള്ളത്.
ഉച്ചക്ക് ശേഷം ഒ.പി ഇല്ലാത്തതിനാല്‍ നിസ്സാര രോഗങ്ങള്‍ക്കും ഡോക്ടറെ കാണാനായി അത്യാഹിത വിഭാഗത്തെയാണ് ഇപ്പോള്‍ സമീപിക്കുന്നത്. ഇത് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് തൃപ്തികരമായ സേവനം നല്കാന് കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു. ഇതിന് പരിഹാരമായാണ് വൈകുന്നേരങ്ങളിലും ഡോക്ടറുടെ സേവനം ഉറപ്പാക്കി സായാഹ്ന ഒ.പി തുടങ്ങാന്‍ തീരുമാനിച്ചത്.
തോട്ടം തൊഴിലാളികള്‍, കര്‍ഷകര്‍, കൂലിപണിക്കാര്, മറ്റ് വിവിധ മേഖലയിലെ ജീവനക്കാര്‍ക്കും ജോലിക്ക് ശേഷം വൈകുന്നേരങ്ങളില്‍ ജനറല്‍ ഒ.പി.യില്‍ നിന്ന് ഡോക്ടറെ കാണാനാവും. സായാഹ്ന ഒ.പിയിലേക്ക് ആവശ്യമായ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് തുടങ്ങിയ ജീവനക്കാരുടെ സേവനം ഉറപ്പാക്കാനായുള്ള നടപടികള്‍ പൂര്‍ത്തിയായി. മറ്റ് അടിസ്ഥാന സൗകര്യങ്ങളും ക്രമീകരിച്ച് ഉടനെ സായാഹ്ന ഒ.പി തുറക്കാനാണ് നഗരസഭ ആലോചിക്കുന്നത്.
10 ലക്ഷം രൂപയാണ് പദ്ധതി വിഹിതത്തില്‍നിന്ന് സായാഹ്ന ഒ.പി.ക്കായി ചെലവഴിക്കുന്നത്. തിരക്കില്ലാതെ രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സയും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുകയും വൈകുന്നേരങ്ങളിലും ആശുപത്രിയിലെത്തി ഡോക്ടറെ കാണാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും ജൂലൈ ഒന്നുമുതൽ സായാഹ്ന ഒ.പി.ക്ക് തുടക്കമാവുമെന്നും മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.