വയനാട്ടിൽ മണ്ണെടുപ്പും നിലം നികത്തലും വ്യാപകമാകുന്നു
text_fieldsകൽപറ്റ: വയനാട്ടിൽ മണ്ണെടുപ്പും നിലം നികത്തലും വ്യാപകമാകുന്നു. ഏക്കറു കണക്കിന് ചതുപ്പ് നിലമാണ് ജില്ലയിൽ നികത്തിക്കൊണ്ടിരിക്കുന്നത്. മണ്ണെടുക്കുന്നതും വ്യാപകമാണ്. തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപുഴ മട്ടിലയം വാളന്തോട് പ്രദേശങ്ങളിൽ വീട് നിർമാണത്തിന് എന്ന പേരിൽ അനുമതി സമ്പാദിച്ച് കുന്നിടിച്ച് മണ്ണ് നീക്കുകയും നീർത്തടങ്ങൾ നികത്തുകയും ചെയ്യുന്നുണ്ട്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ബ്രഹ്മഗിരി മലനിരയുടെ താഴ്വാരമായ തൊണ്ടർനാട് വില്ലേജിലെ വാളന്തോട് പ്രദേശത്ത് 2006ലെ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചിരുന്നു. ഇതേതുടർന്ന് പതിനാലോളം കുടുംബങ്ങളെയാണ് സർക്കാർ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചത്.
കഴിഞ്ഞദിവസം തൊട്ടടുത്ത മട്ടിലയം ചാത്തങ്കൈ പ്രദേശത്തെ കുന്നിന് മുകളിൽനിന്ന് മണ്ണ് നീക്കുന്നത് തങ്ങളുടെ വീടുകൾക്ക് ഭീഷണിയാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ, തൊണ്ടർനാട് പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കിയാണ് വീടുനിർമാണത്തിനുള്ള അനുമതി സമ്പാദിച്ചതെന്നും പ്രദേശവാസികൾ മണ്ണ് കൊണ്ടുപോവുന്ന ടിപ്പറുകൾ തടയുകയാണെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ സ്ഥലമുടമ പൊലീസിൽ പരാതി നൽകി. ഇതേതുടർന്ന് പരാതി പറഞ്ഞ പ്രദേശവാസികളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി വാഹനം തടയില്ലെന്ന് ഉറപ്പുവാങ്ങിച്ച ശേഷമാണ് വിട്ടയച്ചതെന്ന് പറയപ്പെടുന്നു. നിരവിൽപുഴയിലെ പുഴയുടെ ഉത്ഭവസ്ഥാനത്ത് ഏക്കറുകണക്കിന് ചതുപ്പ് നിലമാണ് നികത്തിക്കൊണ്ടിരിക്കുന്നത്.
ആനത്താരയായ ഈ പ്രദേശത്ത് വനത്തോട് ചേർന്ന വൻകിട നിർമാണങ്ങളും നടക്കുന്നുണ്ട്. ഇതര ജില്ലയിൽ നിന്നുള്ളവർ വയനാട്ടിലെത്തി ഭൂമി വാങ്ങിക്കൂട്ടുന്നത് അടുത്തിടെ വ്യാപകമായിട്ടുണ്ട്. വൻകിടക്കാർ വീടിനും മറ്റും അനുമതി നേടി വനവും വയലും നീർത്തടങ്ങളും സ്വാഭാവിക ആവാസവ്യവസ്ഥയും തകർക്കുന്ന രീതിയിൽ നിർമാണങ്ങൾ നടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സർക്കാർ വകുപ്പുകളെയും രാഷ്ട്രീയ പാർട്ടികളെയുമടക്കം സ്വാധീനിച്ച് ഇത്തരം പ്രവർത്തികൾക്കനുകൂലമാകുന്ന സാഹചര്യമാണുള്ളത്. ഇത്തരത്തിൽ കുന്നിടിക്കലും ചതുപ്പ് നികത്തലും തുടരുകയാണെങ്കിൽ ഉരുൾപൊട്ടലും വരൾച്ചയും മൂലം ജനജീവിതം ദുസ്സഹമാവുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.