എക്സൈസ് സ്പെഷൽ ഡ്രൈവ്; രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തത് 339 ഗ്രാം എം.ഡി.എം.എ
text_fieldsകൽപറ്റ: ജില്ലയിൽ ലഹരിവ്യാപനവും വിപണനവും തടയുന്നതിന് എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിയ സ്പെഷൽ ഡ്രൈവിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തത് 339.15 ഗ്രാം എം.ഡി.എം.എ. സെപ്റ്റംബർ 16 മുതൽ നടത്തിയ സ്പെഷൽ എൻഫോഴ്സ്മെന്‍റ് ഡ്രൈവിലാണ് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ ഇത്രയും കൂടിയ അളവിൽ പിടിച്ചെടുത്തത്.
രണ്ടാഴ്ചക്കിടെ 194 പരിശോധനകളിലായി 26 അബ്കാരി കേസുകളും 21 എൻ.ഡി.പി.എസ് കേസുകളും 257 കോട്പ കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകളിലായി 17 പേരെയും എൻ.ഡി.പി.എസ് കേസുകളിലായി 23 പ്രതികളെയുമായി ആകെ 40 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
ആകെയുള്ള കേസുകളിലായാണ് 339.15 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഇതിനുപുറമെ 927 ഗ്രാം കഞ്ചാവ്, ഒരു ഗ്രാം ഹാഷിഷ് ഓയിൽ, 33 ഗ്രാം മെത്താഫെറ്റമിൻ, 17.5 കിലോ പുകയില ഉൽപന്നങ്ങൾ, 87 ലിറ്റർ വിദേശ മദ്യം, 7.8 ലിറ്റർ ബിയർ, 16 ലിറ്റർ വാഷ്, 15 ലിറ്റർ കർണാടക വിദേശ മദ്യം എന്നിവയും പിടിച്ചെടുത്തു.
ആകെ 11500 രൂപയാണ് കണ്ടെടുത്തത്. വിവിധ കേസുകളിലായി 51,400 രൂപ പിഴയായും ഈടാക്കി. രണ്ടാഴ്ചക്കിടെ 2972 വാഹനങ്ങളാണ് പരിശോധിച്ചത്. പ്രത്യേക പരിശോധനയുടെ ഭാഗമായി അതിർത്തികളിലെ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും പ്രത്യേക പരിശോധനകൾ നടത്തി.
പൊതുജനങ്ങൾക്ക് വിവരം അറിയിക്കാം
പ്രത്യേക പരിശോധനയുടെ ഭാഗമായി ലഹരി ഉപയോഗം സംബന്ധിച്ചോ വിപണനം സംബന്ധിച്ചോ പൊതുജനങ്ങൾക്ക് എക്സൈസ് കൺട്രോൾ റൂമുകളിലേക്ക് രഹസ്യ വിവരങ്ങൾ വിളിച്ചറിയിക്കാം. ജില്ലയിലെ എല്ലാ എക്സൈസ് സർക്കിളുകളിലും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
കൺട്രോൾ റൂം നമ്പറുകൾ: 04936-288215 (എക്സൈസ് ഡിവിഷൻ ഓഫിസ് വയനാട്), 04936-208230 (എക്സൈസ് സർക്കിൾ ഓഫിസ്, കൽപറ്റ), 04936-202219 (എക്സൈസ് റേഞ്ച് ഓഫിസ് കൽപറ്റ), 04936 248190 (എക്സൈസ് സർക്കിൾ ഓഫിസ് ബത്തേരി), 04936-227227 (എക്സൈസ് റേഞ്ച് ഓഫിസ് ബത്തേരി), 04935-240012 (എക്സൈസ് സർക്കിൾ ഓഫിസ് മാനന്തവാടി), 04935-293923 (എക്സൈസ് റെയ്ഞ്ച് ഓഫിസ് മാനന്തവാടി), 04936 246180 (എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് വയനാട് മീനങ്ങാടി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.