വല്ലാതെ മിനുങ്ങേണ്ട, മിനുക്കേണ്ട... പിടി വീഴും
text_fieldsകൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ഡ്രൈവ് പരിശോധന ഊര്‍ജിതം. വ്യാജവാറ്റ്, വ്യാജമദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, ചാരായ നിര്‍മാണം, മായം കലര്‍ത്തി വിദേശ മദ്യമാക്കി ഉപയോഗിക്കല്‍, കള്ളിന്റെ വീര്യം-അളവ് വർധിപ്പിച്ച് മായം ചേര്‍ക്കല്‍ എന്നിവ തടയുന്നതിന് ഫെബ്രുവരി മുതല്‍ സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിലൂടെ വ്യാജമദ്യം, ലഹരി മരുന്ന്, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മദ്യം എന്നിവ സംസ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ വാഹന പരിശോധനയും കര്‍ശനമാക്കി. എക്സൈസ് ചെക്ക് പോസ്റ്റ് മുഖേന പച്ചക്കറി, മത്സ്യം എന്നിവ കയറ്റിവരുന്ന വാഹനങ്ങള്‍, ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യ വാഹനങ്ങള്‍, ടാങ്കര്‍ ലോറി തുടങ്ങിയവയും പ്രത്യേകം പരിശോധിക്കും. കോളനികള്‍ കേന്ദ്രീകരിച്ചും പരിശോധന ഊര്‍ജിതമാണ്. അന്തര്‍ സംസ്ഥാന പൊലീസ് -എക്സൈസ്-ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ വിദേശമദ്യ ഷാപ്പുകള്‍, ബാറുകള്‍, വിദേശമദ്യ സാമ്പിള്‍, കള്ള് ഷാപ്പ് എന്നിവ പരിശോധിച്ചു.
ജില്ലയില്‍ ഫെബ്രുവരിയില്‍ ആരംഭിച്ച പരിശോധനയില്‍ 587 റെയ്ഡുകള്‍ നടത്തി. 54 അബ്കാരി കേസുകള്‍, 33 എന്‍.ഡി.പി.എസ് കേസുകള്‍, 187 കോട്പ കേസുകളുമാണ് കണ്ടെത്തിയത്. സ്പെഷല്‍ ഡ്രൈവില്‍ 179.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 20 ലിറ്റര്‍ ചാരായം, 14.53 ലിറ്റര്‍ നിറം കലര്‍ത്തിയ മദ്യം, 437 ലിറ്റര്‍ വാഷ്, 8.45 ലിറ്റര്‍ ബിയര്‍, 6.3 ലിറ്റര്‍ മറ്റ് സംസ്ഥാന മദ്യം, 1.565 കിലോ കഞ്ചാവ്, 3605.350 കിലോ പുകയില ഉൽപന്നങ്ങള്, ഒരു വാഹനം, 1600 ഗ്രാം സ്വർണം എന്നിവ പിടികൂടി. കോട്പ പിഴ ഇനത്തില്‍ 37,200 രൂപ ഈടാക്കി.
അബ്കാരി കേസുകളില്‍ 42ഉം എന്‍.ഡി.പി.എസ് കേസുകളില്‍ 34ഉം പ്രതികളെ അറസ്റ്റ് ചെയ്തു. 13,571 വാഹനങ്ങള്‍ പരിശോധിച്ചു. സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി വയനാട് ഡിവിഷന് ഓഫിസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലതല എക്സൈസ് കണ്ട്രോള് റൂം, എക്സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക്തല എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സ്ട്രൈക്കിങ് ഫോഴ്സ്, ഹൈവേകളില്‍ 24 മണിക്കൂര്‍ പട്രോളിങ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നതായും ഡെപ്യുട്ടി എക്സൈസ് കമീഷണര്‍ എം. രാകേഷ് പറഞ്ഞു. അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിവും ലേബര്‍ ക്യാമ്പുകളിലും പരിശോധന ശക്തമാണ്. കണ്ട്രോള് റൂം നമ്പര്‍- 04936- 288215.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.