മണ്ണിടിച്ചില്‍ സാധ്യതപ്രദേശങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധ സമിതി
text_fieldsകൽപറ്റ: ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുളള പ്രദേശങ്ങള്‍ കണ്ടെത്താന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സംഘത്തെ നിയോഗിച്ചു. ഭൂജലവകുപ്പ് ജില്ല ഓഫിസർ ചെയര്‍മാനും മണ്ണ് സംരക്ഷണ- പര്യവേക്ഷണ അസി. ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയില്‍ ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍, ജില്ല ജിയോളജിസ്റ്റ്, ജില്ല ടൗണ്‍ പ്ലാനര്‍, അമ്പലവയല്‍ ആര്.എ.ആര്.എസ് മെറ്റീരിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവർ അംഗങ്ങളാണ്.
മലയോരപ്രദേശങ്ങളിലെ മണ്ണിന്റെ ഘടനയുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതെന്നും അത്തരം പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ചും സമിതി സെപ്റ്റംബര്‍ 30നകം ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തുടര്‍ച്ചയായ ഇടവേളകളിലും ജാഗ്രത മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യങ്ങളിലും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ വിദഗ്ധ സമിതി സന്ദര്‍ശനം നടത്തും.
ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത സംബന്ധിച്ച് പഠനം നടത്തി ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് സമയബന്ധിതമായി റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ടതും സമിതിയാണ്. അസാധാരണമായ പ്രകൃതി പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യങ്ങളിലും സമിതി പരിശോധന നടത്തണം.
സീനിയര്‍ ഹൈഡ്രോളജിസ്റ്റിനാണ് സമിതിയുടെ ഏകോപന ചുമതല. ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി കൂടുതല്‍ ഉള്ളതിനാലും മുന്‍വര്‍ഷങ്ങളിലെ ദുരന്ത സാഹചര്യങ്ങള്‍ കണക്കിലെടുത്തുമാണ് പ്രകൃതി ദുരന്തങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനായി ജില്ല ഭരണകൂടം വിദഗ്ധ സമിതി രൂപവത്കരിച്ചത്.
വിദഗ്ധ സമിതി മാഫിയകളെ സഹായിക്കാൻ -പ്രകൃതിസംരക്ഷണ സമിതി
ക്വാറികൾക്കും മണ്ണിടിച്ചിലുള്ള പ്രദേശത്തെ നിർമിതികൾക്കും അശാസ്ത്രീയ ഭൂവിനിയോഗത്തിനും അനുമതി നൽകുന്ന ജില്ല ഭരണകൂടം മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങൾ കണ്ടെത്താൻ പുതിയ വിദഗ്ധ സമിതിയെ നിയമിച്ചത് ക്വാറി- റിസോർട്ട്- നിർമാണ മാഫിയകളെ സഹായിക്കാനും നിലവിലുള്ള ചെറുനിയന്ത്രണങ്ങൾ പോലും മറികടക്കാനുമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
സെന്റർ ഫോർ എർത്ത് സയൻസിന്റെ 2010ലെയും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2018ലെയും ഹ്യൂം സെന്റർ ഫോർ ഇക്കോളജിക്കൽ സ്റ്റഡിയുടെയും വിദഗ്ധ പഠനങ്ങൾ പരിഗണിക്കാതെയാണ് പുതിയ സമിതിയെ നിയമിച്ചത്. നിലവിൽ രൂപവത്കരിച്ച കമ്മിറ്റിക്ക് എന്ത് വൈദഗ്ധ്യമാണ് വിഷയത്തിലുള്ളതെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കണം. സംഘത്തിലെ ചിലർ വയനാട്ടിലെ മുഴുവൻ പരിസ്ഥിതി നാശത്തിനും ചുക്കാൻ പിടിക്കുന്നവരും മാഫിയ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്ന് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു.
ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നിലവിലുള്ള കെട്ടിട നിർമാണ നിയന്ത്രണ നിയമത്തെ അട്ടിമറിക്കാൻ ഭരണ- പ്രതിപക്ഷ നേതൃത്വത്തിൽ മാഫിയകൾ ശക്തമായി പ്രവർത്തിക്കുന്ന വിവരം വയനാട്ടിൽ അങ്ങാടിപ്പാട്ടാണ്. വൈത്തിരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി നേതാക്കൾ പരസ്യമായി രംഗത്തുവരികയും ജില്ല കലക്ടർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. വയനാട്ടിലെ കാലാവസ്ഥ വ്യതിയാനവും താളംതെറ്റിയ മഴയും മൊട്ടയായ പർവതനിരകളും ബന്ധിച്ചുകളഞ്ഞ നീർച്ചാലുകളും ഏതു നിമിഷവും വൻ ദുരന്തങ്ങൾ വിതക്കുന്ന അവസ്ഥയാണ്.
ജില്ല ഭരണകൂടവും സംസ്ഥാന സർക്കാറും ഈ വിഷയങ്ങളിൽ നിസ്സംഗത പാലിക്കുകയാണ്. സെസ്, ജി.എസ്.ഐ, എൻ.ഐ.ടി വിദഗ്ധരും ദുരന്തനിവാരണ വിദഗ്ധരും അടങ്ങിയ സംഘത്തെ നിയമിച്ച് അവരുടെ ശിപാർശകൾ കർക്കശമായി നടപ്പാക്കാനാണ് ഭരണാധികാരികൾ തയാറാകേണ്ടത്. ചരിഞ്ഞ പ്രദേശങ്ങളിൽ ഖനനവും മണ്ണിടിക്കലും നിരോധിക്കണം. പശ്ചിമഘട്ട മലഞ്ചെരിവിന്റെ രണ്ടു കിലോമീറ്റർ ആകാശദൂരത്തിൽ നിർമാണങ്ങൾക്കും ഭൂവിനിയോഗത്തിനും കർക്കശ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ബാബു മൈലമ്പാടി അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, എൻ. ബാദുഷ, പി.എം. സുരേഷ്, എ.വി. മനോജ്, സണ്ണി മരക്കടവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.