നീന്തല്‍ പഠിക്കാം; മൂച്ചിക്കുണ്ട് നവീകരിച്ച് കല്പറ്റ നഗരസഭ
text_fieldsകല്പറ്റ: കുളിക്കാനും നീന്താനും നീന്തല്‍ പരിശീലിക്കാനും ലക്ഷ്യമിട്ട് കല്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ മൂച്ചിക്കുണ്ടില്‍ ആദ്യഘട്ട തടയണയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. പ്രകൃതിക്ക് കോട്ടമില്ലാതെ തനിമ നിലനിര്‍ത്തിയുള്ള ജലസംഭരണ സംവിധാനമാണ് നഗരസഭ മൂച്ചിക്കുണ്ടില്‍ ഒരുക്കിയത്. ചുഴലിക്കടുത്ത മൂച്ചിക്കുണ്ട് ജലാശയ സംരക്ഷണത്തിനായി പത്ത് ലക്ഷം രൂപ വീതമാണ് നവീകരണങ്ങള്‍ക്കായി നഗരസഭ നീക്കിവെച്ചത്.
നൂറുകണക്കിനാളുകള്‍ നീന്താന്‍ പഠിച്ച സ്ഥലമാണിത്. ഒട്ടേറെ കുട്ടികള്‍ക്ക് തുടര്‍പഠനം ഉറപ്പാക്കാനായി നീന്തല്‍ പരിശീലിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയ ജലസംഭരണിയുമാണിത്. കുളിക്കാനും നീന്തി കളിക്കാനും മൂച്ചിക്കുണ്ട് ജലാശയത്തെയാണ് പ്രദേശവാസികളും ആശ്രയിക്കുന്നത്. പൂത്തൂര്‍വയല്‍ മണിക്കുന്ന് മലയിലെയും ചെമ്പ്ര മലയിലെയും ഒഴുകിയെത്തുന്ന ജലമാണ് മൂച്ചിക്കുണ്ടിലെത്തുന്നത്. പ്രകൃതിയുടെ വരദാനമായ ജലത്തെ തടയണകെട്ടി തനിമ നിലനിര്‍ത്തി സംരക്ഷിക്കാനും ശേഖരിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജലം തടയണ കെട്ടി സംഭരണശേഷി ഉയര്‍ത്തുന്നതോടെ കല്പറ്റയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ലഭിക്കും. ഒട്ടേറെ പേര്‍ക്ക് ഒരേസമയം നീന്തല്‍ പരിശീലിക്കാനും കുളിക്കാനും വ്യായാമം ചെയ്യാനും കഴിയും.
രാവിലെ ആറ് മുതല്‍ മൂച്ചിക്കുണ്ട് സജീവമാണ്. കുട്ടികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇവിടെയെത്തുന്നുണ്ട്. രക്ഷിതാക്കളുമായെത്തുന്ന കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. എഴുപത്തിനാലുകാരനായ അറക്കല്‍ കുഞ്ഞീതാണ് നീന്തല്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. നവീകരണം പൂര്‍ത്തിയായതോടെ ജലാശയത്തിലേക്ക് ജനങ്ങളുടെ വരവ് വർധിക്കുമെന്നാണ് മൂച്ചിക്കുണ്ട് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നവരുടെ അഭിപ്രായം. ആദ്യഘട്ട തടയണ നിർമാണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് നിര്‍വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് കെ. അജിത അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.