വിഷുക്കോടിയും പടക്കങ്ങളും പച്ചക്കറിയും വാങ്ങാൻ കടകളിൽ വലിയ തിരക്ക്
text_fieldsകൽപറ്റ: വിഷു ആഘോഷത്തിന്റെ തിരക്കിലാണ് നാടും നഗരവും. ശനിയാഴ്ചത്തെ വിഷു ആഘോഷത്തിന് മുന്നോടിയായി വിഷുക്കോടിയും പടക്കങ്ങളും സദ്യയൊരുക്കാൻ പച്ചക്കറിയുമെല്ലാം വാങ്ങാൻ കടകളിൽ വലിയ തിരക്കാണ് വ്യാഴാഴ്ച അനുഭവപ്പെട്ടത്. വിഷുവിന്റെ തലേന്നായ വെള്ളിയാഴ്ച വ്യാപാര സ്ഥാപനങ്ങളിലെല്ലാം വലിയ തിരക്കായിരിക്കും അനുഭവപ്പെടുക.
കോവിഡ് പ്രതിസന്ധിക്കുശേഷം ഉണർന്ന വിപണിയെ സജീവമാക്കികൊണ്ടാണ് ഇത്തവണ വിഷുവെത്തുന്നത്. ഈസ്റ്ററിനു പിന്നാലെ വിഷുവും അതിനുപിന്നാലെ പെരുന്നാളും എത്തുന്നതിനാൽ തന്നെ ഈ ദിവസങ്ങളിലെല്ലാം തുണിക്കടകളിലാണ് വലിയ തിരക്ക്. വിവിധ ആഘോഷങ്ങൾ ഒരുമിച്ച് എത്തിയതിന്റെ ഉണർവ് വിപണിയിൽ പ്രകടമാണ്.
കൽപറ്റയിലെയും ജില്ലയിലെ മറ്റിടങ്ങളിലെയും തുണിക്കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും രാത്രിവൈകിവരെ കച്ചവടം തുടർന്നു. വ്യാഴാഴ്ച പച്ചക്കറി കടകളിലും തിരക്കേറി. വർണവിസ്മയം വിതറുന്ന ചൈനീസ് പടക്കങ്ങൾക്ക് ഉൾപ്പെടെ പടക്ക വിൽപന കേന്ദ്രങ്ങളിൽ വലിയ ഡിമാൻഡാണ്. വിഷു ആഘോഷത്തിന് ഗ്രീൻ ക്രാക്കേഴ്സ് പൊട്ടിക്കാനാണ് അനുമതിയുള്ളത്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശ പ്രകാരം രാത്രി എട്ടു മുതൽ പത്തുവരെയാണ് പടക്കം പൊട്ടിക്കാൻ പാടുള്ളൂ. പീക്കോക്ക് ക്രാക്കേഴ്സ്, ഡിസ്കോ ഡാൻസ്, ചൈനീസ് ബോക്സ്, പൂക്കുറ്റി, കമ്പിത്തിരി, നിലചക്രം തുടങ്ങിയവയക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.
ഓൺലൈൻ വ്യാപാരം പടക്ക വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും വിഷു തലേന്ന് ഉൾപ്പെടെ മികച്ച കച്ചവടമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. എല്ലാ മേഖലയിലെയും വിലവർധന വിഷു വിപണിയെയും ബാധിച്ചിട്ടുണ്ടെങ്കിലും വലിയ രീതിയിൽ കച്ചവടത്തിൽ കുറവു വരാത്തതിന്റെ ആശ്വാസത്തിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.