പനിയും വയറിളക്കവും; വിദഗ്ധ സംഘം സന്ദർശിച്ചു
text_fieldsകൽപറ്റ: പനിയും വയറിളക്കവും പിടിപ്പെട്ട് കഴിഞ്ഞ ദിവസം നാലു വയസുകാരി മരിച്ച നൂൽപ്പുഴ കല്ലൂമുക്ക് മാറോട് ചവനൻ കോളനിയിലുൾപ്പെടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാർ സന്ദർശനം നടത്തി.
കമ്യൂണിറ്റി ഹെൽത്ത് വിഭാഗം മേധാവി ഡോ. അസ്മ റഹീമിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഡോക്ടർമാരുടെ സംഘമാണ് രണ്ടു ടീമായി രോഗബാധിത മേഖലകൾ സന്ദർശിച്ചത്. അസോസിയേറ്റ് പ്രഫ. ഡോ. ബിന്ദുവിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ടോം വിൽസ, ശ്രീനാഥ്, എച്ച്. ഐ. അജിത്ത് എന്നിവരാണ് തിങ്കളാഴ്ച ഉച്ചക്ക് ശേഷം നൂൽപ്പുഴ മാറോട് ചവനൻ കോളനിയിലെത്തിയത്. കോളനിയും പരിസര പ്രദേശവും സന്ദർശിച്ച സംഘം, വൃത്തിഹീനമായ അന്തരീക്ഷമാണ് രോഗം പടരാൻ ഇടയാക്കിയെതെന്ന നിഗമനത്തിലാണ് എത്തിയത്. കോളനിവാസികൾ ഉപയോഗിച്ചിരുന്ന കിണറിലെ വെള്ളം പരിശോധനക്കായി എടുക്കുകയും ചെയ്തു.
കോളനിയോട് ചേർന്ന തുറസ്സായ സ്ഥലമാണ് മലമൂത്ര വിസർജനത്തിന് ഇവർ ഉപയോഗിക്കുന്നത്. കുടിവെള്ളത്തിൽ മാലിന്യം കലരാൻ സാധ്യതയുണ്ടെന്നും സംഘം വിലയിരുത്തി. പരിശോധനഫലം വന്ന ശേഷം മാത്രമേ വ്യക്തമായി പറയാൻ കഴിയൂവെന്നും പരിശോധനഫലം കിട്ടിയാലുടൻ ആരോഗ്യവകുപ്പിനും ഡിപ്പാർട്ട്മെന്റ് ഹെഡിനും നൽകുമെന്നും ഡോ. ബിന്ദു പറഞ്ഞു.
കോളനിക്കാരോട് വിവരങ്ങൾ മെഡിക്കൽ സംഘം ചോദിച്ചറിഞ്ഞു. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ സേവനം തേടണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് നിർദേശം നൽകുകയും ചെയ്തു. അതേസമയം, ജലജന്യ രോഗങ്ങൾക്കും എലിപ്പനിയുൾപ്പെടെ രോഗങ്ങൾക്കുമുള്ള പ്രതിരോധ ഗുളികകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും മറ്റും തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീരകർഷകർ, ഗോത്രകോളനികൾ, കർഷകർ എന്നിവർക്ക് വിതരണം ചെയ്തു. രോഗം പിടിപെട്ട് ചികിത്സയിലായിരുന്ന ബിന്ദു (32) കോളനിയിലെ ബാബു (35) അഖിത (14) അരുണിമ (11) ബബിത (10) സബീഷ് (15) എന്നിവരെയും സംഘം സന്ദർശിച്ചു.
നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം, സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും സംഘം സന്ദർശനം നടത്തി.
കമ്പക്കാട്, കണിയാമ്പറ്റ, ബേഗൂർ എന്നിവിടങ്ങളിലും സംഘം സന്ദർശിച്ചശേഷം വൈകീട്ടോടെയാണ് മടങ്ങിയത്. സംഘത്തിന്റെ സന്ദർശനസമയത്ത് നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ അടക്കം ജനപ്രതിനിധികളും കോളനിയിലെത്തിയിരുന്നു.
ജില്ലയില്‍ 620 പേര് പനിക്ക് ചികിത്സ തേടി
കൽപറ്റ: ജില്ലയില്‍ തിങ്കളാഴ്ച 620 പേര് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ അഞ്ചു പേരുടെയും എലിപ്പനി ലക്ഷണങ്ങളോടെ അഞ്ചുപേരുടെയും സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഒമ്പതു പേര് നായുടെ കടിയേറ്റും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 10,556 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ഒ.പി വിഭാഗത്തില്‍ ചികിത്സക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.