ഒടുവിൽ പട്ടികജാതി വകുപ്പിന്റെ വെബ്സൈറ്റിലും പുതിയ മന്ത്രി ‘ചുമതലയേറ്റു’
text_fieldsകൽപറ്റ: ഒടുവിൽ പുതിയ മന്ത്രി ചുമതലയേറ്റ കാര്യം പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പിന്റെ വെബ്സൈറ്റും അറിഞ്ഞു. വയനാട്ടുകാരനായ ഒ.ആർ. കേളു പുതിയ മന്ത്രിയായിട്ട് ഒരു മാസത്തോളമായിട്ടും വകുപ്പിന്റെ ‘ഉന്നതി’ വെബ്സൈറ്റിൽ ഇതടക്കമുള്ള കാര്യങ്ങൾ തെറ്റായാണുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ‘മാധ്യമം’ വാർത്ത നൽകിയതോടെയാണ് അടിയന്തരമായി അധികൃതർ വെബ്സൈറ്റ് പുതുക്കിയത്.
വകുപ്പിന്റെ വികസന -വിദ്യാഭ്യാസ ക്ഷേമപ്രവർത്തനങ്ങൾക്കായി 2022ൽ രൂപവത്കരിച്ച ‘ഉന്നതി’ക്ക് 2023 ആഗസ്റ്റിലാണ് unnathikerala.org എന്ന പ്രത്യേക വെബ്സൈറ്റ് തുടങ്ങിയത്. എന്നാൽ മന്ത്രി, സ്പെഷ്യൽ സെക്രട്ടറി, ഡയറക്ടർ തുടങ്ങിയ കാര്യങ്ങളിൽ നിരവധി തെറ്റുകളായിരുന്നു വെബ്സൈറ്റിൽ.
പുതിയ മന്ത്രിക്ക് പകരം, മുൻമന്ത്രിയായ കെ. രാധാകൃഷ്ണന്റെ പേരും ഫോട്ടോയുമാണ് ഉണ്ടായിരുന്നത്. വാർത്ത വന്നതോടെ വെബ്സൈറ്റ് നവീകരിച്ച് നിലവിലെ മന്ത്രി ഒ.ആർ. കേളുവിന്റെ ഫോട്ടോയും സ്ഥാനവുമടക്കം മാറ്റിനൽകി. നാലുമാസം മുമ്പ് സ്പെഷൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ എൻ. പ്രശാന്തിന്റെ ഫോട്ടോയടക്കം സൈറ്റിൽ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. ഡയറക്ടർ ആയിരുന്ന ഡി.ആർ. മേഘശ്രീ നിലവിൽ വയനാട് ജില്ല കലക്ടറാണ്. മുൻ വയനാട് കലക്ടറായ രേണുരാജാണ് പുതിയ ഡയറക്ടർ.
ഇതുസംബന്ധിച്ച ഉത്തരവ് വരുന്നതോടെ ഇക്കാര്യങ്ങളും വെബ്സൈറ്റിൽ തിരുത്തും. സൈറ്റിലുണ്ടായിരുന്ന ഫോൺ നമ്പർ തിരുവനന്തപുരത്തെ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ഓഫിസിലേതായിരുന്നു. ഈ നമ്പറും നീക്കിയിട്ടുണ്ട്. സൈറ്റിന്റെ സാങ്കേതികകാര്യങ്ങളുടെ ചുമതല കെൽട്രോണിനാണ്. ഇവർക്ക് ലക്ഷങ്ങളാണ് സർക്കാർ കുടിശിക നൽകാനുള്ളത്. ഇതിനാലാണ് വെബ്സൈറ്റുകളിൽ നവീകരണം നടക്കാത്തതെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.