സാമ്പത്തിക തട്ടിപ്പ്: വില്ലേജ് ഓഫിസർക്ക് സസ്പെൻഷൻ
text_fieldsകൽപറ്റ: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ചീരാൽ വില്ലേജ് ഓഫിസർ കെ.സി. ജോസിനെ ജില്ല കലക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. നടവയൽ വില്ലേജ് ഓഫിസർ ആയിരിക്കെ കെട്ടിട നികുതി വീട്ടുടമയിൽനിന്ന് പിരിച്ചെടുക്കുകയും പണം ട്രഷറിയിൽ അടക്കാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമുള്ള പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സസ്പെൻഷൻ.
വൈത്തിരി താലൂക്കിൽ കോട്ടത്തറ, കണിയാമ്പറ്റ, മുട്ടിൽ സൗത്ത്, കോട്ടപ്പടി വില്ലേജുകളിൽ സ്പെഷൽ വില്ലേജ് ഓഫിസറായിരുന്നു ഇദ്ദേഹം. 2020 ൽ കോട്ടപ്പടി വില്ലേജിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പരാതികളുടെ അടിസ്ഥാനത്തിലാണ് പൊതുജനസമ്പർക്കമുള്ള ഓഫിസുകളിൽനിന്ന് മാറ്റി നിർത്താൻ അന്നത്തെ ജില്ല കലക്ടർ നിർദേശിച്ചിരുന്നു.
തുടർന്ന് കലക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ ഓഫിസിലേക്ക്(ജനറൽ) ഇദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. ജനസമ്പർക്കമുള്ള ഓഫിസുകളിൽ നിയമിക്കരുതെന്ന കർശന നിർദേശത്തോടെയായിരുന്നു സ്ഥലം മാറ്റം.
എന്നാൽ, ഒരു വർഷം മുമ്പ് വില്ലേജ് ഓഫിസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടിയപ്പോൾ ഭരണകക്ഷി സർവിസ് സംഘടന നേതാക്കളുടെ സ്വാധീനത്തിൽ നടവയൽ വില്ലേജ് ഓഫിസിൽ നിയമിക്കുകയായിരുന്നു. തുടർന്നും പരാതികൾ ഉയർന്നതോടെ മൂന്നുമാസം മുമ്പാണ് ചീരാൽ വില്ലേജിലേക്ക് സ്ഥലംമാറ്റി നിയമിച്ചത്.
മുമ്പ് ജോലി ചെയ്ത വില്ലേജ് ഓഫിസുകളിലും സമാന തട്ടിപ്പ് നടത്തിയതായാണ് ആരോപണം. അഴിമതി ആരോപണമുള്ള നിരവധി ജീവനക്കാർ വിവിധ വില്ലേജ് ഓഫിസുകളിൽ ജോലി ചെയ്യുന്നുണ്ട്. വില്ലേജ് ഓഫിസുകളിൽ വില്ലേജ് അസിസ്റ്റൻറുമാരായും സ്പെഷൽ വില്ലേജ് ഓഫിസർമാരായും നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് ചെയിൻ സർവേ ട്രെയിനിങ് നിർബന്ധമാണ്.
സർവേ ട്രെയിനിങ് ആവശ്യമില്ലാത്ത വികലാംഗ ജീവനക്കാരെ വില്ലേജ് ഓഫിസുകളുടെ സർവേ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാൻ പാടില്ലെന്ന് ലാൻഡ് റവന്യൂ മാന്വലിൽ പറയുന്നുണ്ട്. എന്നാൽ, നിയമങ്ങൾ കാറ്റിൽപറത്തി ഭിന്നശേഷിരായ ജീവനക്കാരെ ഭരണസ്വാധീനം ഉപയോഗിച്ച് നിരവധി വില്ലേജ് ഓഫിസുകളിൽ നിയമിച്ചതായി ആരോപണമുണ്ട്.
അതേസമയം, റവന്യൂ വകുപ്പിലെ അഴിമതി തടയുക എന്ന ഉദ്ദേശ്യത്തോടെ രൂപവത്കരിച്ച ഇൻസ്പെക്ഷൻ ആൻഡ് ഓഡിറ്റ് വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ സീനിയർ സൂപ്രണ്ട് അഞ്ചു വർഷത്തിലേറെയായി കലക്ടറേറ്റിൽ ഒരേ സീറ്റിൽ ഇരിക്കുകയാണ്. ഓഡിറ്റ് സംവിധാനവും സാമ്പത്തിക തട്ടിപ്പ് തടയാൻ നടപടി സ്വീകരിക്കേണ്ട വിഭാഗം ചിലരുടെ താൽപര്യത്തിന്റെ ഭാഗമായി പെരുമാറുന്നു എന്നാണ് ആരോപണം.
ജില്ല കലക്ടറുടെ പൊതുജന പരാതി പരിഹാര സെല്ലിലും സീക്രട്ട് സെക്ഷനിലും ജീവനക്കാർക്കെതിരായി വന്ന പരാതികളിൽ 2020 മുതൽ അന്വേഷണം നടന്നിട്ടില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. താലൂക്ക് തലത്തിലും ഓഡിറ്റ് വിഭാഗം കാര്യക്ഷമമല്ലെന്നാണ് ആരോപണം.
വില്ലേജ് ഓഫിസുകളിൽ ചാർജ് ഓഫിസർമാരായ ഡെപ്യൂട്ടി തഹസിൽദാർമാർ മാസത്തിൽ രണ്ടു തവണ സന്ദർശിച്ച് കാഷ്ബുക്കും സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്ന ചട്ടമുണ്ടെങ്കിലും നടക്കുന്നില്ല.
ഇത്തരം കാരണങ്ങളാണ് ജില്ലയിലെ റവന്യൂ വകുപ്പിൽ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകാൻ കാരണമാകുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. വിജിലൻസ് കേസുള്ള ഉദ്യോഗസ്ഥരെ ജനസമ്പർക്കമുള്ള ഓഫിസിൽ നിയമിക്കാൻ പാടില്ലെന്ന നിയമം നിലവിലിരിക്കെ സർവിസിൽനിന്നും പിരിച്ചുവിടാനൊരുങ്ങുന്ന ആശ്രിത നിയമനത്തിൽ സർവിസിലെത്തിയ ഉന്നത ഉദ്യോഗസ്ഥനെ 2016 മുതൽ വൈത്തിരി താലൂക്കിലെ പ്രധാന കസേരയിൽ നിയമിച്ചത് ഉൾപ്പെടെ ഇപ്പോൾ വിവാദമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.