കൽപറ്റയിൽ ഹോട്ടലിൽ തീപിടിത്തം
text_fieldsകൽപറ്റ: കൽപറ്റ മാർക്കറ്റ് റോഡിന് സമീപത്തെ ഹോട്ടലിൽ തീപിടിത്തം. ദേശീയ പാതയോരത്തുള്ള ന്യൂ ഹോട്ടലിലാണ് വെള്ളിയാഴ്ച ഉച്ചക്ക് 1.15ഓടെ തീപിടിത്തമുണ്ടായത്. ആളിപ്പിടിക്കും മുമ്പ് ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചതിനാൽ വൻ നാശനഷ്ടം ഒഴിവായി. അടുക്കളയിലെ ചിമ്മിനി വഴി മുകളിലേക്ക് തീ പടർന്നതായാണ് സംശയം. ഹോട്ടലിൽനിന്ന് കനത്ത പുക പുറത്തുവന്നതോടെയാണ് തീപിടിച്ച വിവരമറിഞ്ഞത്. ഓടിട്ട പഴയ കെട്ടിടങ്ങൾ നിറഞ്ഞ പരിസരത്ത് തീ പടരും മുമ്പേ അണക്കാൻ കഴിഞ്ഞത് വൻ അപകടം ഒഴിവാക്കാൻ സഹായകമായി.
ഹോട്ടലിൽ അഗ്നിബാധയുണ്ടായതായി സന്ദേശം ലഭിച്ചയുടൻ കൽപറ്റ അഗ്നിരക്ഷാ നിലയത്തിലെ മൂന്ന് ഫയർ യൂനിറ്റ് വാഹനങ്ങളാണ് സംഭവസ്ഥലത്തെത്തിയത്. ഒന്നര മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ തീ പൂർണമായും അണക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയുടേയും നാട്ടുകാരുടേയും സമയോചിത ഇടപെടലിനെ തുടർന്നാണ് തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത്.
അസി. സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ അസി. സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ.എസ്. ഷജിൽ, പി.കെ. ശിവദാസൻ, സൈനുദ്ദീൻ, പ്രവീൺ കുമാർ, രഞ്ജിത്, എം.വി. അരുൺ, ദീപ്ത് ലാൽ, അമൃതേഷ്, സന്ദീപ്, സുജിത് സുരേന്ദ്രൻ, ഹോം ഗാർഡ് ഗോവിന്ദൻ കുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.