ഹ്യൂം സെന്‍ററിൽ വിദ്യാർഥികൾക്കായി ഒരുങ്ങുന്നത് വയനാട് ജില്ലയിലെ ആദ്യ ജനിതക ലാബ്
text_fieldsകൽപറ്റ: ജീവെൻറ ചുരുളുകൾ എന്ന് അറിയപ്പെടുന്ന, എല്ലാ ജീവജാലങ്ങളുടെയും ജനിതക വിവരങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഡി.എൻ.എയുമായി ബന്ധപ്പെട്ട പഠനത്തിന് ജില്ലയിലെ വിദ്യാർഥികൾക്കും അവസരമൊരുങ്ങുന്നു. ജില്ലയിൽ ആദ്യമായി സ്കൂൾ വിദ്യാർഥികൾക്കായി ജനിതക പഠനത്തിനുള്ള ലാബ് കൽപറ്റ ഹ്യൂം സെന്‍റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലാണ് ഒരുങ്ങുന്നത്. ലാബ് യാഥാർഥ്യമാവുന്നതോടെ ശാസ്ത്രതൽപരരായ വിദ്യാർഥികൾക്ക് ഇവിടെയെത്തി ജനിതക പരീക്ഷണങ്ങളും പഠനവും നടത്താനുള്ള അവസരമാണ് കൈവരുന്നത്. ഡിയോക്സി റൈബോ ന്യൂക്ലിക്ക് ആസിഡുമായി (ഡി.എൻ.എ) ബന്ധപ്പെട്ട പഠനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഈ മേഖലയിൽ തൽപരരായ വിദ്യാർഥികൾക്ക് ഹ്യൂം സെന്‍ററിലൂടെ സാധ്യമാവുമെന്ന് ഡയറക്ടർ സി.കെ. വിഷ്ണുദാസ് 'മാധ്യമ'ത്തോട് പറഞ്ഞു. ഉയർന്ന ശേഷിയുള്ള മൈക്രോസ്കോപ്പുകൾ അടക്കമുള്ള ലാബ് മൂന്നു മാസത്തിനുള്ളിൽ പൂർണ സജ്ജമാവുമെന്നും അദ്ദേഹം അറിയിച്ചു.
ഹ്യൂം സെന്‍ററിൽ കുട്ടികൾക്കായി നിലവിലുള്ള ശാസ്ത്രലാബിൽ പന്ത്രണ്ടോളം സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ എല്ലാ മാസവും എത്തി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. സെന്‍ററിലെ ശാസ്ത്രജ്ഞർ സ്കൂളുകളിലെത്തിയും വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകുന്നു. ശാസ്ത്രാവബോധം വിദ്യാർഥികളിൽ വളർത്തുകയും ലാബിെൻറ ലക്ഷ്യമാണ്. പ്രത്യേക വിഷയങ്ങളിൽ ഉപരിപഠനം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് സ്കൂൾ കാലയളവിൽതന്നെ അതുമായി ബന്ധപ്പെട്ട അറിവുകൾ കൂടുതലായി ആർജിക്കുന്നതിനും ഭാവിയിലേക്ക് മുതൽക്കൂട്ടാക്കാനും സെന്‍റർ അവസരമൊരുക്കുന്നു. മുൻകൂട്ടി അറിയിച്ചാൽ ജില്ലയിലെ ഏതു സ്കൂളിലേയും വിദ്യാർഥികൾക്ക് ഇവിടെയെത്തി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയും. സ്കൂൾ സിലബസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായി 63 പരീക്ഷണപ്രവർത്തനങ്ങൾക്കുള്ള സൗകര്യം ലാബിൽ ഒരുക്കിയിട്ടുണ്ട്.
സ്കൂൾ ലാബുകൾ എന്നത് കമ്പ്യൂട്ടർ ലാബുകളായി ചുരുങ്ങിയെന്നത് വിദ്യാലയങ്ങൾ നേരിടുന്ന പ്രതിസന്ധിയാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കോളജി തുടങ്ങിയവയുടെ ശാസ്ത്ര ലാബുകൾ സ്കൂളുകളിൽ വളരെ കുറവാണ്. ഈ ശാസ്ത്ര വിഷയങ്ങളിൽ പരീക്ഷണ-നിരീക്ഷണങ്ങൾ നടത്തി കൃത്യമായ അറിവ് നേടാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള സൗകര്യങ്ങളാണ് ഹ്യൂം സെന്‍ററിലെ ശാസ്ത്ര ലാബിൽ ലഭ്യമാക്കുന്നത്. സ്കൂളുകളിൽനിന്ന് 10 കുട്ടികൾ വരെയുള്ള ബാച്ചുകളായി ലാബിൽ എത്തി രാവിലെ മുതൽ വൈകീട്ടുവരെയുള്ള സമയങ്ങളിൽ ഇഷ്ടമുള്ള വിഷയങ്ങളിൽ പരീക്ഷണങ്ങൾ നടത്താം. വിദ്യാലയത്തിലെ പഠനത്തോടൊപ്പം ഓരോ വിഷയങ്ങളിലും കൂടുതൽ അറിവ് നേടുന്നതിനും സിലബസിനപ്പുറമുള്ള ശാസ്ത്രവിജ്ഞാനങ്ങൾ കരസ്ഥമാക്കാനും ഈ ലാബ് സഹായകമാകും.
വിദ്യാർഥികൾക്ക് യൂട്യൂബ് ചാനൽ
വിദ്യാർഥികളുടെ ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പരീക്ഷണപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള യൂട്യൂബ് ചാനലും ഹ്യൂം അധികൃതർ ആരംഭിച്ചിട്ടുണ്ട്. 'Hume's Budding Scientist, Hume's Curious Zone എന്നീ ചാനലുകളിൽ ശാസ്ത്രവും പ്രകൃതിയുമായി ബന്ധപ്പെട്ട ഹ്രസ്വ വിഡിയോകൾ ലഭ്യമാണ്. https://youtube.com/channel/UCDMf9tto5Qgk_uO9dlcPvhw, https://youtube.com/channel/UC9djM__h6FcwRyxq5ykAETg എന്നീ യൂട്യൂബ് ലിങ്കുകൾ വഴി ചാനലുകളിൽ പ്രവേശിക്കാൻ കഴിയും.
ഈ നമ്പറുകളിൽ വിളിക്കാം:
ഹ്യൂം സെന്‍റർ ഓഫിസ്: 8592959380
സി.കെ. വിഷ്ണുദാസ് (ഡയറക്ടർ): 9447544603
ദിവ്യ (സയൻസ് എജുക്കേഷൻ കോഓഡിനേറ്റർ) 9847305776.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.