കാരാപ്പുഴ അണക്കെട്ടിലും കൂട് മത്സ്യകൃഷി പദ്ധതി നടപ്പാക്കും –മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
text_fieldsകൽപറ്റ: ജില്ലയിലെ കാരാപ്പുഴ അണക്കെട്ടിലും ഫിഷറീസ് വകുപ്പിെൻറ കൂട് മത്സ്യകൃഷി പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. റീ ബില്‍ഡ് കേരളയുടെ ഭാഗമായി ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആരംഭിച്ച കൂട് മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മത്സ്യോല്‍പാദനത്തില്‍ സമുദ്ര മേഖലയെ മാത്രം ആശ്രയിക്കുന്ന രീതി മാറി ഉള്‍നാടന്‍ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട സാഹചര്യമാണുള്ളത്.
സംസ്ഥാനത്ത് ധാരാളം അണക്കെട്ടുകളും തടാകങ്ങളും മറ്റു ജലസ്രോതസ്സുകളും ഉണ്ടെങ്കിലും ഇവിടങ്ങളില്‍ ഫലപ്രദമായ മത്സ്യകൃഷിയില്ല. ജലംകൊണ്ട് സമ്പന്നമായ നാം ജലകൃഷിയുടെ കാര്യത്തില്‍ പിന്നിലാണ്. ശുദ്ധജലത്തില്‍ ശാസ്ത്രീയമായ രീതിയില്‍ മത്സ്യകൃഷി നടത്തിയാലേ നമുക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി. ഫിഷറീസ് വകുപ്പിെൻറ ജനകീയ മത്സ്യകൃഷി, മത്സ്യ സമൃദ്ധി പദ്ധതികളുടെ ഭാഗമായാണ് ബാണാസുര അണക്കെട്ടില്‍ പദ്ധതി നടപ്പാക്കുന്നത്. തദ്ദേശീയ പട്ടികവര്‍ഗ അംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള പങ്കാളിത്ത പദ്ധതി ഏജന്‍സി ഫോര്‍ ഡെവലപ്‌മെൻറ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (അഡാക്) വഴിയാണ് നടപ്പാക്കുന്നത്. 3.2 കോടിയുടേതാണ് പദ്ധതി.
ജലാശയത്തില്‍ പ്രത്യേകം കൂടുകള്‍ സ്ഥാപിച്ച് അതില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്തുന്നതാണ് രീതി. ഒരു കൂട്ടില്‍ 3840 മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താനാകും. ഇത്തരത്തില്‍ ആകെ 3,45,600 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. ഗിഫ്റ്റ് തിലാപ്പിയ ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തില്‍ നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുപ്പ് നടത്താനാകും. വര്‍ഷം 1.35 ലക്ഷം കിലോഗ്രാം അധിക മത്സ്യോൽപാദനമാണ് ലക്ഷ്യമിടുന്നത്.
കൂടൊന്നിന് മൂന്നു ലക്ഷം പ്രകാരം 2.7 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. അണക്കെട്ട് പരിസരത്തെ കുറ്റിയാംവയലില്‍ നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
ഫിഷറീസ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം സ്വാഗതവും അഡാക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നന്ദിയും പറഞ്ഞു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷാ തമ്പി, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ ആൻറണി, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നസീമ പൊന്നാണ്ടി, ബ്ലോക്ക് ഡിവിഷന്‍ മെംബര്‍ ജിന്‍സി സണ്ണി, പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ചാന്ദിനി ഷാജി, റിസര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഇ.ഇ ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.