മഴ; ഭീഷണിയിലായ കുടുംബങ്ങളെ മാറ്റി, അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍
text_fieldsകൽപറ്റ: ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ നൂല്‍പ്പുഴ, നെന്മേനി, മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച അഞ്ച് ക്യാമ്പുകളിലായി 34 കുടുംബങ്ങളിലെ 111 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 46 സ്ത്രീകളും 46 പുരുഷമ്മാരും 19 കുട്ടികളെയുമാണ് വിവിധ താലൂക്കുകളില്‍ ആരംഭിച്ച ക്യാമ്പുകളിലേക്ക് മാറ്റിയത്.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിലെ ക്യാമ്പില്‍ ആറ് കുടുംബങ്ങളിലെ 9 സ്ത്രീകളും 9 പുരുഷമ്മാരും 5 കുട്ടികളും ഉൾപ്പെടെ 23 പേരെയും ചുണ്ടക്കിനി നഗറിലെ അംഗൻവാടിയില്‍ ഏഴ് കുടുംബങ്ങളിലെ 11 സ്ത്രീകളും 10 പുരുഷമ്മാരും 4 കുട്ടികളും ഉൾപ്പെടെ 25 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. ചീരാല്‍ പൂള്ളക്കുണ്ട് അംഗൻവാടിയില്‍ മൂന്ന് കുടുംബങ്ങളിലെ 6 സ്ത്രീകളും 5 പുരുഷമ്മാരും 3 കുട്ടികളും ഉൾപ്പെടെ 14 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
വൈത്തിരി താലൂക്കിലെ കരിങ്കുറ്റി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ രണ്ട് കുടുംബങ്ങളിലെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും രണ്ട് കുട്ടിക്കളും ഉള്‍പ്പെടെ ആറ് പേരെയും മുട്ടില്‍ നോര്‍ത്ത് ഡബ്ല്യൂ.ഒ.എല്‍.പി സ്കൂളില്‍ 16 കുടുംബങ്ങളിലെ 18 സ്ത്രീകളും 20 പുരുഷമ്മാരും അഞ്ച് കുട്ടികളെയും ഉള്‍പ്പെടെ 43 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
വട്ടപ്പാറ റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞു
വൈത്തിരി: റോഡിന്റെ വീതികൂട്ടുന്നതിന്റെ ഭാഗമായി റോഡരികിലെ തിട്ടയിൽ നിന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അശാസ്ത്രീയമായി മണ്ണെടുത്തത് മൂലം പഴയ വൈത്തിരി വട്ടപ്പാറ റോഡിൽ അരക്കിലോ മീറ്ററിലധികം നീളത്തിൽ മണ്ണിടിഞ്ഞു. നിരവധി വീടുകൾക്ക് ഭീഷണിയാണിത്. പഞ്ചായത്ത് നവീകരണ പദ്ധതി പ്രകാരം റോഡിന് വീതി കൂട്ടാനെന്ന പേരിലാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു അശാസ്ത്രീയമായും അനധികൃതമായും ഉയരത്തിൽ നിന്നും കുന്ന് ഇടിച്ചത്.
ഇക്കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് അരകിലോമീറ്റർ നീളത്തിൽ കുന്ന് ഇടിഞ്ഞു റോഡിലേക്ക് വീണത്. 2018 ലെ പ്രളയത്തിൽ മണ്ണിടിച്ചിലുണ്ടായതും ജില്ല ദുരന്തനിവാരണ സമിതി റെഡ് സോൺ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതുമായ വട്ടപ്പാറ ആയിഷ പ്ലാന്റേഷൻ ഭാഗത്താണ് ഇപ്പോൾ മണ്ണെടുത്തതും മണ്ണിടിഞ്ഞതും. ജിയോളജി വകുപ്പ് മണ്ണെടുക്കുന്നതിനു മൗനാനുവാദം നൽകിയ സ്ഥിതിയാണ്. എന്നാൽ, വൈത്തിരി ഗ്രാമപഞ്ചായത്ത് അധികൃതർ യാതൊരു പദ്ധതിക്കും വട്ടപ്പാറ റോഡരികിലെ മണ്ണെടുക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് പ്രസിഡന്റ് എം.വി. വിജേഷ് പറഞ്ഞു. കരിമ്പൻ ഹുസ്സൈൻ, സി.കെ. നബീസ, ലില്ലി ജോൺസൺ എന്നിവർക്കാണ് കാര്യമായ നാശ നഷ്ടം സംഭവിച്ചത്. പലരുടെയും വീടിന്റെ മുറ്റമടക്കം ഇടിഞ്ഞിട്ടുണ്ട്. മറ്റു നിരവധി പേർക്കും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. അനധികൃതമായി മണ്ണെടെപ്പു നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ വൈത്തിരി പഞ്ചായത്ത്, ജിയോളജി വകുപ്പ്, വില്ലേജ് ഓഫിസർ, ജില്ല ദുരന്ത നിവാരണ അതോറിറ്റി എന്നിവർക്ക് പരാതി നൽകി.
നാശനഷ്ടം, ഗതാഗത തടസ്സം
കൽപറ്റ: മഴയെതുടർന്ന് വിവിധയിടങ്ങളിൽ നാശനഷ്ടവും ഗതാഗത തടസ്സവും ഉണ്ടായി. പയ്യമ്പള്ളി വില്ലേജിലെ ഊത്തു കുഴിയിൽ സാബു, പി. അബ്രഹാമിന്റെ വീടിന്റെ ചാർത്തിന്റെ 14 ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടി. ഏകദേശം 9,000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പൊരുന്നന്നൂർ വില്ലേജിൽ നടക്കലിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തടസ്സം നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
സ്കൂൾ വളപ്പിൽ മണ്ണിടിച്ചിൽ
കൃഷ്ണഗിരി വില്ലേജിൽ കൊളഗപ്പാറ ജി.യു.പി സ്കൂൾ വളപ്പിന്റെ ഒരു ഭാഗത്ത് കനത്ത മഴയിൽ മണ്ണിടിഞ്ഞു. സ്കൂളിന് നാശനഷ്ടം ഒന്നുമില്ല. കുട്ടികളുടെ പാർക്കിന് നാശ നഷ്ടമുണ്ടായിട്ടുണ്ട്.
മേപ്പാടി നസ്രാണിക്കാട് മരം വീണു റോഡ് ഗതാഗതത്തിന് തടസ്സം നേരിട്ടു. ഫയർ ഫോഴ്സ് തടസ്സം നീക്കി.
കിണറുകൾക്ക് നാശം
പടിഞ്ഞാറത്തറ: വില്ലേജിൽ ബാണാസുര ഡാം റൂട്ടിൽ താമസിക്കുന്ന ഇ.കെ. ദിവാകരന്റെ വീട്ടിലെ കിണറിന്റെ റിങ്ങുകൾ തെന്നിമാറുകയും മണ്ണിടിയുകയും ചെയ്തു. വീടിന്റെ ഭാഗത്താണ് ഇടിച്ചിൽ എന്നതിനാൽ വീടിനുതന്നെ ഭീഷണിയുണ്ട്. കിണർ പരിശോധിച്ച ഭൂഗർഭ ജല വകുപ്പ് അധികൃതർ എത്രയും വേഗം കിണർ മൂടാൻ നിർദേശിച്ചിട്ടുണ്ട്.
തോമാട്ടുച്ചാൽ വില്ലേജിൽ പുത്തൻവീട്ടിൽ ഷംസുദ്ദീന്റെ വീടിനു സമീപത്തുള്ള 70 അടി ആഴമുള്ള കിണർ കഴിഞ്ഞ ദിവസം താഴ്ന്നുപോയിരുന്നു.
മരം വീണ് വീടിന്റെ മതിൽ തകര്‍ന്നു
പുൽപള്ളി: കാറ്റിലും മഴയിലും റോഡിന് കുറുകെ മരം വീണ് വീടിന്റെ മതിൽ തകര്‍ന്നു. പുൽപള്ളി-മീനംകൊല്ലി റോഡിലാണ് വ്യാഴാഴ്ച ഉച്ചയോടെ വലിയ മരം കടപുഴകി വീണത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നിരുന്ന മരം റോഡിന് കുറുകെ വീണപ്പോള്‍ എതിര്‍വശത്തുള്ള മണലോടിയില്‍ ഷെരീഫിന്റെ വീടിന്റെ മുന്നിലെ മതില് തകരുകയായിരുന്നു. മരം വീണതോടെ റോഡിലൂടെയുള്ള ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പുൽപള്ളി പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് സ്ഥലമുടമയുടെ നേതൃത്വത്തില്‍ മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
വെള്ളമുണ്ട: മരശിഖരം പൊട്ടിവീണു ഗതാഗതം തടസ്സപ്പെട്ടു. മാനന്തവാടി - നിരവിൽ പുഴ റോഡിൽ തരുവണ നടക്കലിലാണ് അക്കേഷ്യ മരത്തിന്റെ ശിഖരം വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണത്. വ്യാഴാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. മാനന്തവാടിയിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാര്യം ചേർന്ന് ശിഖരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
കബനി പുഴയുടെ ഭീഷണിയിൽ പനമരം
പനമരം: കനത്ത മഴയിൽ കബനി പുഴയോര പ്രദേശത്തുള്ളവർ ഭീതിയിലാണ്. പനമരം മൂന്ന് പുഴകളുടെ സംഗമ സ്ഥാനമാണ്. ചെറുപുഴയും നരസി പുഴയും പനമരം കമ്പനി പുഴയിലാണു സംഗമിക്കുന്നത്. കബനി പുഴയോര പ്രദേശം നൂറുകണക്കിന് കുടുംബങ്ങളാണു താമസിക്കുന്നത്. കബനി നിറഞ്ഞു കവിഞ്ഞാൽ പുഴയോര പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. പുഴയോര പ്രദേശമായ മതോത്ത് പൊയിൽ, കീഞ്ഞുകടവ്, പരക്കുനി ചങ്ങാടക്കടവ്, നീരട്ടാടി പൊയിൽ, ബെസതി പെയിൽ പാലുകുന്നു തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് കൂടുതൽ ഭീഷണി.
പീച്ചങ്കോട് ടൗണിൽ ഭീഷണിയായി മരശിഖരങ്ങൾ
പീച്ചങ്കോട്: ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള മരം വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു. ചൊവ്വാഴ്ച രാവിലെ സ്കൂൾ സമയത്ത് മരത്തിന്റെ കൊമ്പൊടിഞ്ഞ് വീണ് തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
കാലവർഷത്തിന് മുമ്പായി ഇത്തരം അപകട ഭീഷണിയുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നടന്നില്ല.
ബൈക്ക് യാത്രികന് പരിക്ക്
സുൽത്താൻ ബത്തേരി: നെന്മേനി കുന്താണിയിൽ മരം വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. മലവയൽ എസ്റ്റേറ്റ് റോഡിൽ കുന്താണിക്ക് സമീപം വ്യാഴാഴ്ച ഒന്നരയോടെയാണ് മരം പൊട്ടിവീണത്. ഈ സമയം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുന്താണി ചാത്തൻ കണ്ടത്തിൽ സനിതിനാണ് (25) പരിക്കേറ്റത്. പൊട്ടി വീണ മരത്തിന്റെ ശിഖരം സനിത്തിന്റെ കഴുത്തിൽ തട്ടിയാണ് പരിക്കേറ്റത്. സനിത്തിനെ സുൽത്താൻ ബത്തേരി താലൂക്കാശുപത്രി യിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി.
ബത്തേരിയിൽ 23 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
സുൽത്താൻ ബത്തേരി: കനത്ത മഴയിൽ വെള്ളം കയറിയതോടെ ബത്തേരി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 23 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആകെ 83 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. നൂൽപ്പുഴ പഞ്ചായത്തിൽ 20 കുടുംബങ്ങളെയും നെന്മേനിയിൽ മൂന്നു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. കല്ലൂർ പുഴം കുനി ഒമ്പത് കുടുംബങ്ങളിലെ 26 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. മുത്തങ്ങ ചുണ്ടക്കുനി കോളനിയിലെ ഏഴ് കുടുംബങ്ങളിലെ 21 പേരെ മുത്തങ്ങ അംഗൻവാടിയിലേക്ക് മാറ്റി. പുത്തൂർ നഗറിലെ ആറ് കുടുംബങ്ങളിലെ 23 പേരെ സമീപത്തെ നന്ദന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലേക്ക് മാറ്റി. നെന്മേനി പഞ്ചായത്തിലെ നർമാട് നഗറിലെ മൂന്ന് കുടുംബങ്ങളിലെ 14 പേരെ നർമാട് അംഗൻവാടിയിലേക്ക് താൽക്കാലികമായി എത്തിച്ചു.
സഹായത്തിന് ഈ നമ്പറുകളിൽ വിളിക്കാം
കൽപറ്റ: ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജില്ല-താലൂക്ക് തല കൺട്രോൾ റൂം തുറന്നു. സഹായങ്ങൾക്ക് ഈ നമ്പറുകളിൽ വിളിക്കാം.
ജില്ല അടിയന്തര കാര്യ നിർവഹണ വിഭാഗം: ടോൾഫ്രീ നമ്പർ -1077
204151, 9562804151, 8078409770.
സുൽത്താൻ ബത്തേരി: 220296, 223355, 6238461385, 9447097707.
മാനന്തവാടി: 04935-240231, 241111, 9446637748, 9447077704.
വൈത്തിരി: 256100, 8590842965, 9447097705.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പനമരം ഗ്രാമപഞ്ചായത്തില്‍ കണ്ട്രോള് റൂം തുറന്നു. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍: 8921181467, 9249221239, 6282897976.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.