പൂരമായി പൂപ്പൊലി; 2.5 ലക്ഷം സന്ദർശകർ
text_fieldsകൽപറ്റ: പൂപ്പൊലി പുഷ്പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 10 ദിവസത്തിനിടെ വയനാട്ടുകാരും ഇതര ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും 2.5 ലക്ഷം പേരാണ് അമ്പലവയലിലെ പുഷ്പോത്സവം കാണാനെത്തിയത്. പ്രതിദിനം 25,000 സന്ദർശകരാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ ആളുകളുടെ എണ്ണം കൂടുന്നുണ്ട്. ടിക്കറ്റിനത്തിൽ ഇതുവരെ 1.10 കോടി രൂപ ലഭിച്ചു.
സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമ്പോഴും പൂപ്പൊലിയുടെ തീയതി നീട്ടാനാവാത്ത സാഹചര്യമാണുള്ളതെന്ന് കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അജിത്കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തിയ്യതി നീട്ടാനാവാത്ത സാഹചര്യങ്ങള്‍ക്ക് പിന്നിലെന്നും ഇത്തവണ അഞ്ച് ലക്ഷത്തോളം പേര് പൂപ്പൊലി കാണാന്‍ എത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് ജനുവരി 15വരെ അന്താരാഷ്ട്ര പുഷ്പോത്സവമായ ‘പൂപ്പൊലി -2023’ നടക്കുന്നത്. 15 ഏക്കറിൽ വ്യാപിച്ചുള്ള പൂപ്പൊലി ഉദ്യാനത്തിൽ രാവിലെ മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് പ്രവേശനം. ഇത് ഏഴാം തവണയാണ് അമ്പലവയലിൽ പൂപ്പൊലിയും അഗ്രിഫെസ്റ്റും നടക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ രണ്ടുവർഷമായി മുടങ്ങിയ പുഷ്പോത്സവത്തെ നെഞ്ചേറ്റുകയാണ് സഞ്ചാരികൾ.
പലര്‍ക്കും മണിക്കൂറുകളോളം വരി നിന്നതിന് ശേഷമാണ് ടിക്കറ്റ് ലഭിക്കുന്നത്. സ്വകാര്യ പേ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ വാഹനങ്ങളാൽ നിറയുന്നതും പതിവായി. പ്രദർശന നഗരിയിൽ രാവിലെ ആരംഭിക്കുന്ന തിരക്ക് വൈകീട്ടാവുമ്പോൾ നിയന്ത്രണാതീതമാവുന്നുണ്ട്. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമുള്ള ആയിരങ്ങളാണ് ഓരോ ദിവസവും സന്ദർശകരായി മേളക്കെത്തുന്നത്. വിദേശ സഞ്ചാരികളും സന്ദർശകരിലുണ്ട്.
പൂക്കളുടെ വലിയ ശേഖരമാണ് പ്രധാന ആകർഷണം. വ്യത്യസ്തതയാര്‍ന്ന ഉദ്യാനങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്ഡന്, ഡാലിയ ഗാര്ഡന്, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, ചെണ്ടുമല്ലിത്തോട്ടം ഇവക്ക് പുറമേ തായ് ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത വിവിധയിനം ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ എന്നിങ്ങനെ നിരവധി വിസ്മയകാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കൊതുമ്പുവള്ളം ഗാര്ഡന്, റോക്ക് ഗാര്ഡന്, പര്‍ഗോള, ജലധാരകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, രാക്ഷസരൂപം, വിവിധതരം ശില്പങ്ങള്, അമ്യൂസ്മെന്റ് പാര്‍ക്ക്, ഊഞ്ഞാല്, ചന്ദനോദ്യാനം, ഫുഡ് കോര്‍ട്ട്, പാചക മത്സരം, പെറ്റ് ഷോ, 200ല്‍ പരം സ്റ്റാളുകള്‍ എന്നിവയും സന്ദര്‍ശകരില്‍ കൗതുകം സൃഷ്ടിക്കുന്നു. കാർഷിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന യന്ത്രങ്ങളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും പ്രദർശനവുമുണ്ട്.
മുന്നൂറിലധികം കാർഷിക വ്യവസായ സ്റ്റാളുകളും മേളയിലുണ്ട്. വിവിധ വിഷയങ്ങളിൽ ദിവസവും കാർഷിക സെമിനാറുകളും നടക്കുന്നു. സുൽത്താൻ ബത്തേരിയിൽനിന്നും കൽപറ്റയിൽനിന്നും പൂപ്പൊലി മേളയിലേക്കുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വിവിധ കലാപരിപാടികളും മറ്റ് വിനോദ വിജ്ഞാന ഇനങ്ങളും മേളയുടെ ഭാഗമായുണ്ട്. വാഹന പാർക്കിങ്ങിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം സൗകര്യവുമുണ്ട്. പ്രദർശന നഗരിയിലും ടൗണിലും ക്രമസമാധന പാലനത്തിന് 50 പൊലീസുകാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും സാന്നിധ്യമുണ്ട്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.