പാതയോരത്ത് പൂക്കളമൊരുക്കി പൂവിപണി
text_fieldsകൽപറ്റ: ഓണക്കാലം വന്നതോടെ പാതയോരത്ത് പൂക്കളുടെ വിപണി സജീവം. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലി, വാടാർ മല്ലി, ചുവന്ന റോസ്, അസ്ട്രസ്, തെച്ചി, ജമന്തി, അരളി തുടങ്ങിയ പൂക്കൾക്ക് ആവശ്യക്കാരേറെയാണ്. കർണാടകയിലെ ഗുണ്ടൽപേട്ടിൽനിന്നാണ് ചെണ്ടുമല്ലിയും വാടാർ മല്ലിയും എത്തുന്നത്. മറ്റുള്ള പൂക്കൾ ബംഗളൂരുവിൽ നിന്നും.
ജില്ലയിൽ ചിലയിടങ്ങളിൽ സീസൺ കണക്കിലെടുത്ത് ചെണ്ടുമല്ലി കൃഷി ചെയ്യുന്നുണ്ട്. മുല്ലപ്പൂവിന് കടുത്ത ക്ഷാമമാണ്. ഒരുമുഴത്തിന് 100 രൂപവരെ വിലയുണ്ട്. മുൻകാലത്തെ അപേക്ഷിച്ച് പൂക്കൾക്ക് ഇരട്ടിയോളം വിലയാണ്. ചെണ്ടുമല്ലി ഓറഞ്ച് നിറത്തിനാണ് കൂട്ടത്തിൽ വില കുറവ്. കിലോക്ക് 100 മുതൽ150 രൂപ വരെയാണ് വിവിധ കടകളിലെ വില. ചെണ്ടുമല്ലി മഞ്ഞക്ക് 150 മുതൽ 200 രൂപയാണ് വില. ജമന്തി വെള്ള- 500, ജമന്തി വയലറ്റ് -400, അരളി -400, വാടാർ മല്ലി -400, റോസ്-300, തെച്ചി -400 എന്നിങ്ങനെയാണ് വില. വിദ്യാലയങ്ങളിലും ഓഫിസുകളിലും ക്ലബുകളും ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കടകളിൽ എത്തുന്നുണ്ട്. ഉത്സവപ്രതീതി മുന്നിൽക്കണ്ട് കടക്കുസമീപത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വാടകക്ക് എടുത്ത് പൂക്കൾ വിൽക്കുന്നവരുമുണ്ട്.
അന്തർ സംസ്ഥാനങ്ങളിലെ പൂക്കൾക്കൊപ്പം പ്രാദേശികമായി ഉൽപാദിപ്പിച്ച പൂക്കളും വിൽപനക്കുണ്ട്. മുൻ വർഷങ്ങളിൽ ചുരുക്കം സ്ഥലങ്ങളിലാണ് ചെണ്ടുമല്ലിക്കൃഷി ഉണ്ടായത്. വരുംദിവസങ്ങളിൽ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വിൽപനക്കാര് പാതയോരങ്ങളിലേക്കെത്താൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.