കാൽപന്തുകളിയിൽ വീണ്ടും വയനാടൻ വസന്തം
text_fieldsകൽപറ്റ: കാൽപന്തുകളിയിൽ വീണ്ടും വയനാടൻ വസന്തം. ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ മുഖ്യപരിശീലകനായി മേപ്പാടിക്കാരൻ ഷഫീഖ് ഹസൻ മഠത്തിൽ നിയമിതനായി. അണ്ടർ -20 ചാമ്പ്യൻഷിപ്പിൽ വയനാടിന്റെ കിരീടനേട്ടത്തിൽ നിർണായക സാന്നിധ്യമായ മുട്ടിലുകാരൻ അമൽ ഷിനാജ് അണ്ടർ-20 ഇന്ത്യൻ ടീം ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അണ്ടർ-20 സംസ്ഥാന ഫുട്ബാൾ കിരീട നേട്ടത്തിന് പിന്നാലെയാണ് മറ്റു രണ്ട് നേട്ടങ്ങൾകൂടി വയനാടൻ ചുരം കയറിയെത്തിയത്.
ഏഷ്യൻ ഫുട്ബാൾ അസോസിയേഷന്റെ എ ലൈസൻസ്ഡ് കോച്ചാണ് ഷഫീഖ് ഹസൻ മഠത്തിൽ. കണ്ണൂർ വാരിയേഴ്സിന്റെ സഹപരിശീലകനായും ഹൈദരാബാദ് ശ്രീനിധി എഫ്.സിയുടെ പരിശീലകനായും തിളങ്ങിയ ഷഫീഖിന് അർഹതക്കുള്ള അംഗീകാരമാണ് പുതിയ നേട്ടം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പ്രൈമറി സ്റ്റാർസ് എജുക്കേറ്ററായും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ സി ലൈസൻസ്ഡ് എജുക്കേറ്ററായും പ്രവർത്തിക്കുന്നു. മേപ്പാടി കാപ്പംകൊല്ലിയിലെ ഇബ്രാഹിം -ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ജംഷീന. ദനീം, ഫിദൽ എന്നിവർ മക്കളാണ്.പരിശീലനം നടത്തുന്ന മലപ്പുറം മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയിൽനിന്നാണ് അമൽ ഷിനാജ് അണ്ടർ-20 ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തത്. മുന്നേറ്റ താരമായ അമൽ ഷിനാജ് ലഭിച്ച അവസരങ്ങളെല്ലാം വിനിയോഗിച്ചതാണ് ദേശീയ ക്യാമ്പിലെത്താൻ സഹായിച്ചത്. വയനാടിനായി അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ അഞ്ച് ഗോളുകളാണ് നേടിയത്.
ഫൈനലിലടക്കം രണ്ട് കളികളിൽ പ്ലയർ ഓഫ് ദ മാച്ചായി. മുട്ടിൽ പഞ്ചായത്ത് ഫുട്ബാൾ അക്കാദമിയിൽ പരിശീലകൻ സിറാജിൽനിന്നാണ് ആദ്യമായി കാൽപന്ത് പരിശീലിച്ചത്. പിന്നീട് മീനങ്ങാടി ഫുട്ബാൾ അക്കാദമിയിൽ കോച്ച് ബിനോയിയുടെ ശിക്ഷണം. ഇവിടെനിന്നാണ് മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയിൽ എത്തുന്നത്.
അവിടെ പരിശീലകനായ അനീസിന്റെ കീഴിലായിരുന്നു. തുടർന്ന് അണ്ടർ-20 വയനാട് ടീമിൽ വാഹിദ് സാലിയുടെ ശിക്ഷണം. പിന്നാലെയാണ് അണ്ടർ-20 ഇന്ത്യൻ ടീം ക്യാമ്പിലേക്കുള്ള ക്ഷണം. ക്യാമ്പിൽ പങ്കെടുക്കാനായി അമൽ ചൊവ്വാഴ്ച ഗോവയിലേക്ക് തിരിച്ചു. മുട്ടിൽ പാവത്തൊടിക നൗഷാദിന്റെയും ഹസീനയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.