ഇന്ന് വനദിനം; സ്വാഭാവിക വനങ്ങൾക്ക് വെല്ലുവിളിയായി ഏകവിള തോട്ടങ്ങൾ
text_fieldsകൽപറ്റ: വനത്തിന്റെ സ്വാഭാവികത നിലനിർത്തുന്നതിൽ ഏകവിള തോട്ടങ്ങൾ വിലങ്ങുതടിയാകുന്നുവെന്ന് പഠനങ്ങൾ. വര്‍ധിച്ച വന്യജീവിശല്യത്തിനും വേനലിലെ കടുത്ത ജലക്ഷാമത്തിനും മുഖ്യകാരണങ്ങളിലൊന്ന് കാട്ടിലെ ഏകവിള തോട്ടങ്ങളുടെ ആധിക്യമാണെന്നാണ് വനസംരക്ഷണ രംഗത്തുള്ളവര്‍ പറയുന്നത്. സ്വാഭാവിക വനം ഇല്ലാതാകുന്നതോടെ ഭക്ഷ്യ, ജല ദൗർലഭ്യം നേരിടുന്ന വന്യമൃഗങ്ങൾ തീറ്റതേടി വനത്തിന് പുറത്തേക്കിറങ്ങുന്നത് അവയുടെ ആവാസവ്യവസ്ഥ തകിടം മറിയാൻ കാരണമാകുന്നു. വന്യമൃഗശല്യം മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമാകുന്നതിന് പ്രധാന കാരണവുമിതാണ്. വ്യവസായിക ആവശ്യത്തിനായി 1950 മുതല്‍ 1980കളുടെ തുടക്കം വരെ സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ച് ഉണ്ടാക്കിയ ഏകവിളത്തോട്ടങ്ങള്‍ സ്വാഭാവിക വനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഭരണകൂടം.
സ്വാഭാവിക വനങ്ങളെ വെട്ടിനശിപ്പിച്ച് ഉണ്ടാക്കിയ ഏകവിളത്തോട്ടങ്ങൾ വനത്തിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചുവെന്ന് ബോധ്യപ്പെട്ടതോടെയാണ് സംസ്ഥാനത്ത് പതിനായിരം ഹെക്ടർ ഏകവിള തോട്ടങ്ങൾ സ്വാഭാവിക വനമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നത്. തേക്ക്, യൂക്കാലിപ്റ്റ്സ്, അക്കേഷ്യ തുടങ്ങിയ മരങ്ങൾ വെട്ടിമാറ്റി സ്വാഭാവിക വനങ്ങൾ വെച്ചുപിടിപ്പിക്കാനാണ് പദ്ധതി. കോടികൾ ഇതിനായി നീക്കിവെക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിവിഷനുകളിലായി ഏകദേശം 200 ചതുരശ്ര കിലോമീറ്റർ തേക്ക്, യൂക്കാലിപ്റ്റ്സ്, കാറ്റാടി തോട്ടങ്ങളുണ്ട്. 344.4 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വന്യജീവിസങ്കേതത്തില്‍ 101.48 ചതുരശ്ര കിലോമീറ്ററും ഏകവിളത്തോട്ടമാണ്. അതേസമയം, 2021 മുതൽ ഏകവിള തോട്ടങ്ങൾ വെട്ടിമാറ്റി സ്വാഭാവിക വനങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലെന്നാണ് വിലയിരുത്തൽ. കേരളത്തില്‍ 90,000 ഹെക്ടര്‍ തേക്ക് തോട്ടങ്ങളുള്ളതിൽ ഏറെയും വയനാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.