അരുണമല ഇക്കോ ടൂറിസം ഉപേക്ഷിച്ചതായി വനംവകുപ്പ്
text_fieldsകൽപറ്റ: സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റേഞ്ചിൽപെട്ട അരുണമലയിലെ ഇക്കോടൂറിസം ഗോത്രവർഗക്കാരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചതായി വനംവകുപ്പ്. ടൂറിസം വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ അരുണമല ഗോത്രവർഗ കമ്മിറ്റി പ്രസിഡന്റ് ബി. അഖിലിനെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാക്തന ഗോത്രവർഗ വിഭാഗമായ 85 കാട്ടുനായ്ക്ക കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് ട്രക്കിങ്ങും ടെന്റ് ടൂറിസവും അടക്കമുള്ള മെഗാ പദ്ധതിക്കാണ് വനംവകുപ്പ് നീക്കം നടത്തിയിരുന്നത്.
ടൂറിസം പദ്ധതിയെ എതിർത്തുകൊണ്ട് ഗോത്രസമൂഹം ഒന്നടങ്കം രംഗത്തുവന്നു. വയനാട് പ്രകൃതിസംരക്ഷണ സമിതിയും പ്രശ്നത്തിൽ ഇടപെട്ടു. സമിതിയുടെ നേതൃത്വത്തിൽ ഗ്രാമസമിതി യോഗംചേരുകയും ജില്ല കലക്ടർ, സൗത്ത് വയനാട് ഡി.എഫ്.ഒ തുടങ്ങിയവരെ നേരിൽ കണ്ട് ടൂറിസത്തെ ചെറുക്കുമെന്ന് അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.
അരുണമലയിലെ ഇക്കോ ടൂറിസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ നിബന്ധനകൾ പ്രകാരം നിയമവിരുദ്ധമാണെന്നും നിലവിലുള്ള വർക്കിങ് പ്ലാനിൽ ഉൾപ്പെടാത്തതാണെന്നും പ്രാക്തന ഗോത്രവർഗ മേഖലകളിൽ ഒരുവിധ ബാഹ്യ ഇടപെടലും പാടില്ലെന്നും പ്രകൃതിസംരക്ഷണ സമിതി അധികൃതരെ അറിയിക്കുകയും ചെയ്തു. എ.ഡി.എമ്മിെൻറ നേതൃത്വത്തിൽ ടൂറിസംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കുകയും ആദിവാസികളെ നേരിൽ കണ്ട് തെളിവെടുക്കുകയും ചെയ്തു. തുടർന്ന് വനംവകുപ്പ് പദ്ധതി ഉപേക്ഷിച്ചതായി കലക്ടറെ അറിയിക്കുകയായിരുന്നു.
പശ്ചിമഘട്ട മലനിരകളുടെ ഉച്ചിയിൽ, കാമൽ ഹംപ് മലനിരകളുടെ കിഴക്കൻചരിവിലെ അതീവ പ്രാധാന്യമർഹിക്കുന്ന പരിസ്ഥിതി ദുർബലപ്രദേശത്താണ് ഇക്കോ ടൂറിസം നടത്താൻ വനം വകുപ്പ് നടപടി തുടങ്ങിയത്. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയവ കൃഷിചെയ്ത് ദാരിദ്ര്യമില്ലാതെ സ്വസ്ഥമായി ജീവിക്കുന്ന തങ്ങളുടെ ശാന്തിയും ഗോത്ര വിശുദ്ധിയും ടൂറിസം നശിപ്പിക്കുമെന്ന് ആദിവാസികൾ അധികൃതരെ അറിയിച്ചിരുന്നു.
നിരവധി ഉരുൾപൊട്ടലുണ്ടായ മേഖലയാണ് ടൂറിസത്തിനായി തിരഞ്ഞെടുത്തത്. ഇപ്പോൾ ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടുകളും ടാക്സി ജീപ്പുകാർ നടത്തുന്ന നിയമവിരുദ്ധ ട്രക്കിങ്ങും തങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ടെന്നതിനാൽ അവ നിരോധിക്കണമെന്നും നിവേദനത്തിൽ കലക്ടറോട് അപേക്ഷിച്ചിരുന്നു.
ഇതിൽ ഉടനടി നടപടികൾ സ്വീകരിക്കുമെന്നും ടൂറിസം വകുപ്പ് ഡ്യൂട്ടി ഡയറക്ടർ ഉറപ്പുനൽകി. നിയമവിരുദ്ധവും ഗോത്ര സംസ്കാരത്തെ നശിപ്പിക്കുന്നതുമായ ടൂറിസം പദ്ധതിയെ പരാജയപ്പെടുത്തിയ അരുണമല കാട്ടുനായ്ക്ക കുടുംബങ്ങളെയും ശക്തമായി ഇടപെട്ട കലക്ടറെയും എ.ഡി.എമ്മിനെയും പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയൽ, ട്രഷറർ ബാബു മൈലമ്പാടി എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.