കർഷകരുടെ ജപ്തി: കോൺഗ്രസ് തുടർ പ്രക്ഷോഭത്തിന്
text_fieldsകൽപറ്റ: കർഷകരുടെ മേൽ ജപ്തി നടപടികൾ അടിച്ചേൽപിക്കാനുള്ള ബാങ്കുകളുടെ നിലപാടുകൾക്കെതിരെയും കർഷകരെ രക്ഷിക്കാൻ തയാറാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടികൾക്കെതിരെയും ജില്ലയിൽ കോൺഗ്രസ് തുടക്കം കുറിച്ച പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തമാക്കും. കൽപറ്റ ലീഡ് ബാങ്കിന് മുന്നിൽ ഒന്നാംഘട്ടമെന്ന നിലയിൽ ധർണ സംഘടിപ്പിച്ചിരുന്നു. രണ്ടാംഘട്ടമായി, കഴിഞ്ഞ ദിവസം ജില്ലയിലെ 35 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധ ബാങ്കുകൾക്ക് മുന്നിൽ ധർണ നടത്തി.
സമരത്തിന്‍റെ മൂന്നാംഘട്ടമെന്ന നിലയിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര - സംസ്ഥാന ധനകാര്യ മന്ത്രിമാർ, കൃഷി മന്ത്രിമാർ എന്നിവർക്ക് പതിനായിരം കത്തുകൾ അയക്കും.
ജില്ലതല ഉദ്ഘാടനം മാർച്ച് 10ന് കൽപറ്റയിൽ നടക്കും. മാർച്ച് 14ന് ജില്ലയിലെ മുഴുവൻ പോസ്റ്റ് ഓഫിസുകളിൽനിന്നും കത്തുകൾ അയക്കും. രാപ്പകൽ സമരവും കലക്ടറേറ്റ് ഉപരോധവും അടക്കമുള്ള സമര പരിപാടികൾക്ക് രൂപം നൽകും.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കെ-റെയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് ഏഴിന് രാവിലെ 10ന് കലക്ടറേറ്റ് മാർച്ച് നടത്തും. കലക്ടറേറ്റ് മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് പിണങ്ങോട് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിചേരും.
യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.കെ. വിശ്വനാഥൻ മാസ്റ്റർ, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എം.എ. ജോസഫ്, എം.ജി. ബിജു, ഡി.പി. രാജശേഖരൻ, കെ.ഇ. വിനയൻ, പി.ഡി. സജി, സി. ജയപ്രസാദ്, ബിനു തോമസ്, ഉമ്മർ കുണ്ടാട്ടിൽ, മാണി ഫ്രാൻസിസ്, നിസി അഹമ്മദ്, ജി. വിജയമ്മ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.