കല്പറ്റയിൽ മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്
text_fieldsകല്പറ്റ: കേന്ദ്രാവിഷ്കൃത അമൃത് 2.0 പദ്ധതിയില്‍ നഗരസഭ എല്ലാ ഡിവിഷനുകളിലെയും മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന് നല്കുന്നു. ഈ പദ്ധതിക്ക് 19.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സംസ്ഥാനത്ത് സൗജന്യ കുടിവെള്ള കണക്ഷന് പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭയാണ് കല്പറ്റ. നഗരസഭ പരിധിയില്‍ നിലവില്‍ കുടിവെള്ള കണക്ഷന് ഇല്ലാത്ത 5,000ത്തില്പരം വീടുകളുണ്ട്. ഇവര്‍ക്കാണ് സാമ്പത്തികാവസ്ഥ പരിഗണിക്കാതെ കണക്ഷന് നല്‍കുക. വെള്ളത്തിന്റെ ചാര്‍ജ് ഗുണഭോക്താക്കള്‍ അടയ്ക്കണം. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 28 ഡിവിഷനുകളിലായി കാലപ്പഴക്കം ചെന്ന 65 കിലോമീറ്റര്‍ ജലവിതരണക്കുഴല്‍ മാറ്റിസ്ഥാപിക്കും. ഉയര്‍ന്ന പ്രദേശമായ മൂവട്ടിക്കുന്നില് 50,000 ലിറ്റര്‍ ശേഷിയില്‍ സംഭരണിയും ഏഴ് കിലോമീറ്റര്‍ വിതരണക്കുഴലും സ്ഥാപിച്ച് ജലം എത്തിക്കും. റാട്ടക്കൊല്ലിമലയിലെ ഉള്‍പ്രദേശങ്ങള്‍, പൊന്നട, നെടുനിലം എന്നിവിടങ്ങളിലുള്ളവരെയും പദ്ധതി ഗുണഭോക്താക്കളാക്കും.
കാരാപ്പുഴയിലെ 10 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണശാല, റോ വാട്ടര്‍ പമ്പിങ് സ്റ്റേഷന്, 11 കെ.വി ഇന്‍ഡോര്‍ സബ്സ്റ്റേഷന്, ഗൂഡലായ്ക്കുന്ന് ബൂസ്റ്റര്‍ പമ്പിങ് സ്റ്റേഷന്, കല്പറ്റ റസ്റ്റ് ഹൗസ്, എമിലി, ഗൂഡലായ്ക്കുന്ന് ജലസംഭരണികള്‍ എന്നിവയുടെ നവീകരണം, കാരാപ്പുഴയില്‍ 270 എച്ച്.പി ശേഷിയുള്ള വെര്‍ട്ടിക്കല്‍ ടര്‍ബൈന്‍ മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കല്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതിക്ക് സാങ്കേതികാനുമതി അടിയന്തരമായി ലഭ്യമാക്കുന്നതിന് നഗരസഭ നീക്കം നടത്തിവരികയാണ്. വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയറാണ് സാങ്കേതികാനുമതി നല്‍കേണ്ടതെന്ന് ടി. സിദ്ദിഖ് എം.എല്‍എയുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്മാന് ടി.ജെ. ഐസക്, സ്ഥിരംസമിതി ചെയര്മാന്മാരായ മുജീബ് കേയെംതൊടി, എ.പി. മുസ്തഫ, ആയിഷ പള്ളിയാലില്‍, രാജാറാണി എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.