മാലിന്യമുക്ത വയനാട്; പരിശോധന ശക്തമാക്കും
text_fieldsകൽപറ്റ: ജില്ലയെ മാലിന്യ മുക്തമാക്കാന്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മാലിന്യ മുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് കേരള പഞ്ചായത്ത്- മുനിസിപ്പാലിറ്റി നിയമഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരമാണ് പരിശോധന ശക്തമാക്കുന്നത്.
നിയമ ലംഘനം; എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി
മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രൂപവത്കരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന ജില്ലയില്‍ ശക്തമാക്കി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ-ചട്ട ലംഘനങ്ങള്‍ കണ്ടെത്തല്‍, പരിശോധന നടത്തല്‍, കുറ്റം കണ്ടെത്തല്‍, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അനധികൃത ഉപയോഗം- വില്പന, ഡിസ്പോസിബിള്‍ വസ്തുക്കള്‍ പിടിച്ചെടുക്കല്‍, പിഴ ഈടാക്കല്‍, നിയമ നടപടികള്‍ സ്വീകരിക്കല്‍ എന്നിവയാണ് സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍.
സ്വച്ഛ് സര്‍വേക്ഷന്‍ റാങ്കിങ്ങില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ച കല്പറ്റ നഗരസഭയെ യോഗം അഭിനന്ദിച്ചു.
യോഗ തീരുമാനങ്ങൾ
- മാലിന്യ ശേഖരണത്തിനായി എത്തുന്ന ഹരിതകര്‍മ സേനക്ക് യൂസര്‍ ഫീ നല്‍കാത്ത വീട്ടുകാര്‍ നിശ്ചിത കാലയളവിനുള്ളില്‍ (90 ദിവസത്തിനു ശേഷം) തുക കൊടുത്തില്ലെങ്കില്‍ പ്രതിമാസം 50 ശതമാനം പിഴ നൽകണം. പിഴ അടച്ചില്ലെങ്കില്‍ പൊതു നികുതി കുടിശ്ശികയിലേക്ക് കൂട്ടിച്ചേര്‍ക്കും.
- പുതിയ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുന്നതിലൂടെ മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറാതിരിക്കല്‍, യൂസര്‍ഫീ നല്കാതിരിക്കല്, പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കല്‍ എന്നിവക്ക് 1000 രൂപ മുതല്‍ 10000 രൂപ വരെ പിഴ ഈടാക്കും.
- പൊതുസ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളിലേക്ക് മലിന ജലം ഒഴുക്കിവിട്ടാല്‍ 5000 രൂപ മുതല്‍ 50000 രൂപ വരെ പിഴ നല്‍കണം.
- കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാല്‍ 5000 രൂപ പിഴ
- ജലാശയങ്ങളില്‍ വിസര്‍ജന വസ്തുക്കളോ, മാലിന്യങ്ങളോ ഒഴുക്കിയാല്‍ 10000 രൂപ മുതല്‍ 50000 രൂപ വരെ പിഴ.
- വാഹനങ്ങളില്‍ മാലിന്യം നിയമവിരുദ്ധമായി കൊണ്ടുപോയാല്‍ /പിടിച്ചെടുത്താല്‍ വാഹനം കണ്ടുകെട്ടലും 5000 രൂപയും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചെലവും ഈടാക്കും.
- പൊതു-സ്വകാര്യ ഭൂമിയില്‍ മാലിന്യം തള്ളുന്നവര്‍ക്ക് 5000 രൂപ പിഴ ചുമത്തും. പിഴ തുകകള്‍ക്കു പുറമേ അതത് വകുപ്പ് പ്രകാരമുള്ള മറ്റ് നിയമ നടപടികളും ബാധകമാണ്.
- ശിക്ഷ നടപടികള്‍ നടപ്പാക്കാന്‍ സെക്രട്ടറിക്ക് അധികാരം ഉണ്ടെങ്കിലും നോട്ടീസ് നല്കി നിയമ ലംഘകരുടെ വാദം കേട്ട് മാത്രമാണ് പിഴ ചുമത്തുക. നേരിട്ട് പിഴ ചുമത്താന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ ഇത് ബാധകമല്ല.
- മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട ഏതെങ്കിലും കുറ്റം നടന്നതായി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും.
- പദ്ധതി മേല്‍നോട്ടത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതിയെ ഉറപ്പാക്കും.
- മാലിന്യ സംസ്കരണത്തിനായി പ്രത്യേക ഫണ്ട് രൂപവത്കരിക്കാനുള്ള നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.