ഗോത്ര മഹാസഭ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നു
text_fieldsകൽപറ്റ: മുത്തങ്ങ സമരത്തിന്റെ ഓർമകൾ 20 വർഷം പിന്നിടുമ്പോൾ ഗോത്ര മഹാസഭ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നു. വയനാട് മുത്തങ്ങയിൽ 2023 ഫെബ്രുവരി 19ന് ആദിവാസികൾ ഭൂമിക്കായി നടത്തിയ സമരത്തിന്റെ വാർഷിക ദിനത്തിലാണ് ‘ആദിവാസി ദലിത് പാർശ്വവത്കൃതരുടെ രാഷ്ട്രീയ മഹാസഭ’ രൂപവത്കരണ നയപ്രഖ്യാപനം നടത്തുകയെന്ന് ഗോത്ര മഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ വ്യക്തമാക്കി.
മാർച്ച് അവസാന വാരം കോട്ടയത്ത് നടക്കുന്ന സമ്മേളനത്തിലാണ് പാർട്ടി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുത്തങ്ങ സമരവാർഷിക അനുസ്മരണ സമ്മേളനം ഫെബ്രുവരി 19ന് സുൽത്താൻ ബത്തേരിയിലാണ് സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നത് 2024 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കൽ ലക്ഷ്യമിട്ടല്ല.
അതേസമയം, അതിപിന്നാക്കം നിൽക്കുന്ന പണിയ വിഭാഗത്തിന് വയനാട്ടിലെ ഒരു സംവരണ മണ്ഡലം നൽകണമെന്ന് ഇടത്-വലത് മുന്നണികളിൽ സമ്മർദം ചെലുത്തും. കുറിച്യ, കുറുമ വിഭാഗത്തിൽനിന്ന് സ്ഥിരമായി ജനപ്രതിനിധികൾ ഉണ്ടാവുന്നതിന് പകരം പണിയരുടെയും അടിയരുടെയും കാട്ടുനായ്ക്കരുടെയുമെല്ലാം പ്രാതിനിധ്യം ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആദിവാസി, ദലിത് സംഘടനകൾ പാർട്ടിയുടെ ഭാഗമായി മാറും. സി.കെ. ജാനു നിലവിൽ എൻ.ഡി.എയുടെ ഭാഗമായതിനാൽ രാഷ്ട്രീയ മഹാസഭയുമായി സഹകരിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2004ല്‍ രൂപവത്കരിച്ചിരുന്ന രാഷ്ട്രീയ മഹാസഭയുടെ പ്രവര്‍ത്തനം മൂന്ന് വർഷത്തിനു ശേഷം മരവിപ്പിച്ചിരുന്നു. ഇതിന്റെ പുനരുജ്ജീവനമാണ് ലക്ഷ്യമെന്നും ഗീതാനന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.